Connect with us

ATTAPADI MADHU MURDER CASE

മധു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് അഞ്ചാണ്ട്; അന്തിമവാദത്തിന് തുടക്കം

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ കുടുംബം

Published

|

Last Updated

മണ്ണാര്‍ക്കാട് | മോഷ്ടാവ് എന്നാരോപിച്ച് ആള്‍ക്കൂട്ടം മർദിച്ചുകൊന്ന അട്ടപ്പാടിയിലെ മധു വധക്കേസില്‍ അന്തിമവാദം തുടങ്ങി. പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരവും പ്രതിഭാഗം സാക്ഷി വിസ്താരവും പൂര്‍ത്തിയായ ശേഷമാണ് അന്തിമ വാദത്തിന് ഇന്നലെ തുടക്കമായത്. സമൂഹ മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകത്തിന് ഇന്നേക്ക് അഞ്ച് വര്‍ഷം തികയുമ്പോള്‍ വൈകിയാണെങ്കിലും നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് മധുവിന്റെ കുടുംബം.

2018 ഫെബ്രുവരി 22നാണ് മുക്കാലി ചിണ്ടക്കി ഊരിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം മര്‍ദിച്ചത്. തുടര്‍ന്നായിരുന്നു മരണം. മധു കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം കഴിഞ്ഞാണ് വിചാരണ ആരംഭിച്ചതെങ്കിലും പിന്നീട് റെക്കോര്‍ഡ് വേഗത്തിലാണ് നടപടികള്‍ പൂര്‍ത്തിയായത്.
ഏറെ കോളിളക്കമുണ്ടാക്കിയ കേസിന്റെ വിചാരണാവേളയിലും നിരവധി അപൂർവതകള്‍ക്ക് കോടതി സാക്ഷിയായി. 127 പ്രോസിക്യൂഷന്‍ സാക്ഷികളില്‍ 24 പേര്‍ തുടര്‍ച്ചയായി കൂറുമാറി. 77പേര്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി.

സാക്ഷികള്‍ നിരന്തരം കൂറുമാറിയതിനെതുടര്‍ന്ന് മുന്‍ പ്രോസിക്യൂട്ടറെ മാറ്റി രാജേഷ് എം മേനോനെ പ്രോസിക്യൂട്ടറാക്കി നിയമിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപേക്ഷയും സാക്ഷിവിസ്താരത്തിനിടെ കോടതിയില്‍ പ്രദര്‍ശിപ്പിച്ച ദൃശ്യങ്ങള്‍ കാണുന്നില്ലെന്ന് പറഞ്ഞ് കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിക്കാന്‍ ഉത്തരവിട്ടതുമൊക്കെ ഏറെ ശ്രദ്ധേയമായിരുന്നു. സാക്ഷികളായ രണ്ട് താത്കാലിക വാച്ചര്‍മാര്‍ മൊഴി മാറ്റിയപ്പോള്‍ അവരെ സര്‍വീസിൽ നിന്ന് തന്നെ വനം വകുപ്പ് പിരിച്ചുവിട്ടു. 12ാം സാക്ഷി അനിൽ കുമാര്‍, 16ാം സാക്ഷി അബ്ദുർ റസാഖ് എന്നിവരെയാണ് പിരിച്ചുവിട്ടത്. ഇവര്‍ നേരത്തേ പോലീസിന് അനുകൂലമായി മൊഴി നല്‍കിയിരുന്നു. എന്നാല്‍, കോടതിയില്‍ പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കി.

സാക്ഷികളെ സംരക്ഷിക്കാന്‍ ജില്ലാ ജഡ്ജി അധ്യക്ഷനായി സമിതിയും രൂപവത്കരിച്ചിരുന്നു.
അഞ്ച് വര്‍ഷം നീണ്ട മധുവിന്റെ മാതാവ് മല്ലിയുടേയും സഹോദരി സരസുവിന്റെയും പോരാട്ടം തന്നെയാണ് കേസിനെ ഇതുവരെ എത്തിച്ചത്. അന്തിമ വാദം കേള്‍ക്കല്‍ തുടങ്ങുമ്പോള്‍ നീതി ലഭിക്കുമെന്ന് വലിയ പ്രതീക്ഷയാണ് കുടുംബത്തിനുള്ളത്.

Latest