Connect with us

Kerala

പുത്തുമല ഉരുൾവിഴുങ്ങിയിട്ട് അഞ്ചാണ്ട്

അറ്റം കാണാത്ത വൻ മരങ്ങൾക്കും പാറക്കൂട്ടങ്ങൾക്കുമൊപ്പം കുതിച്ചെത്തിയ ചളിമണ്ണ് പലയിടങ്ങളിൽ നിന്നായി 17 മനുഷ്യജീവനുകളാണ് മണ്ണിനടിയിലാഴ്ത്തിയത്

Published

|

Last Updated

കൽപ്പറ്റ | ചൂരൽമലയിലും മുണ്ടക്കൈയിലും ജീവൻ നഷ്ടപ്പെട്ടവർക്ക് അവസാന വീടാണ് പുത്തുമല. എന്നൽ ഇവിടെ പൊട്ടിയടർന്നുണ്ടായ ദുരന്തത്തിന് നാളെ അഞ്ച് വർഷം തികയുന്നു. അറ്റം കാണാത്ത വൻ മരങ്ങൾക്കും പാറക്കൂട്ടങ്ങൾക്കുമൊപ്പം കുതിച്ചെത്തിയ ചളിമണ്ണ് പലയിടങ്ങളിൽ നിന്നായി 17 മനുഷ്യജീവനുകളാണ് മണ്ണിനടിയിലാഴ്ത്തിയത്. ഇതിൽ അഞ്ച് ജീവനുകളെക്കെുറിച്ച് ഇപ്പോഴും ഒരു വിവരവുമില്ല.

2019 ആഗസ്ത് എട്ടിന് വൈകിട്ടാണ് മേപ്പാടി പച്ചക്കാട് ഉരുൾപൊട്ടി താഴ്്വാരത്തെ പുത്തുമല ദുരന്തഭൂമിയായത്. മണ്ണും കല്ലും മരവും കൂടിക്കലർന്ന് കുത്തിയൊഴുകിയ ഉരുൾവെള്ളം അനേകം കുടുംബങ്ങളെയാണ് കണ്ണീരിലാക്കിയത്. 12 മൃതദേഹങ്ങൾ അടുത്ത ദിവസങ്ങളിൽ ദുരന്തഭൂമിയിൽ നിന്ന് കണ്ടെടുത്തു. കാണാതായ അഞ്ച് പേർ ഇപ്പോഴും വയനാടിന്റെയാകെ വേദനയാണ്.

മണ്ണിന്റെ ആഴങ്ങളിൽ അന്ത്യവിശ്രമംകൊള്ളുന്ന ഇവരെക്കുറിച്ചുള്ള ഓർമകളിൽ നീറുകയാണ് ബന്ധുമിത്രാദികൾ. പുത്തുമല മുതിരത്തൊടി ഹംസ (58), പച്ചക്കാട് നാച്ചിവീട്ടിൽ അവറാൻ (62), പച്ചക്കാട് കണ്ണൻകാടൻ അബൂബക്കർ (62), പുത്തുമല എസ്റ്റേറ്റിലെ അണ്ണയ്യ (54), പച്ചക്കാട് എടക്കണ്ടത്തിൽ നബീസ (74) എന്നിവരെയാണ് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങളടക്കം ദിവസങ്ങളോളം തിരഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെപോയത്.

മരിച്ചവരിൽ പുത്തുമല കുന്നത്തുകവല നൗഷാദിന്റെ ഭാര്യ ഹാജിറ (23), മണ്ണിൽവളപ്പിൽ ശൗക്കത്തിന്റെ മകൻ മുഹമ്മദ് മിസ്തഹ് (മൂന്നര), എടക്കണ്ടത്തിൽ മുഹമ്മദിന്റെ മകൻ അയ്യൂബ് (44), ചോലശേരി ഇബ്റാഹീം (38), കാക്കോത്തുപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഖാലിദ് (42), കക്കോത്തുപറമ്പിൽ ജുനൈദ് (20), പുത്തുമല ശെൽവൻ (60) എന്നിവരുടെ മൃതദേഹങ്ങൾ ആഗസ്ത് ഒമ്പതിന് കണ്ടെത്തി. തമിഴ്‌നാട് പൊള്ളാച്ചി ശെൽവകുമാറിന്റെ മകൻ കാർത്തിക് (27), പുത്തുമല തേയിലത്തോട്ടം തൊഴിലാളി മുണ്ടേക്കാട്ട് ചന്ദ്രന്റെ ഭാര്യ അജിത 46), ശെൽവന്റെ ഭാര്യ റാണി (57), സുവർണയിൽ ലോറൻസിന്റെ ഭാര്യ ശൈല (32), തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി ഗൗരി ശങ്കർ (26) എന്നിവരുടെ മൃതദേഹങ്ങൾ തുടർന്നുള്ള ദിവസങ്ങളിലും ലഭിച്ചിരുന്നു.
ശക്തമായ ഉരുൾപൊട്ടലിൽ ഗ്രാമത്തിലെ 58 വീടുകൾ പൂർണമായും 22 വീടുകൾ ഭാഗികമായും തകരുകയും ഏക്കർ കണക്കിന് കൃഷിയിടം മണ്ണിനടിയിലാവുകയും ചെയ്തിരുന്നു. ആരാധനാലയങ്ങൾ, ക്വാർട്ടേഴ്‌സുകൾ, വാഹനങ്ങൾ, എസ്റ്റേറ്റ് പാടി, കാന്റീൻ, പോസ്റ്റ് ഓഫീസ് എന്നിവയെല്ലാം മലവെള്ളം കൊണ്ടുപോയി.

Latest