Connect with us

Articles

ഭരണഘടനാ പ്രശ്നമാണെന്ന് തന്നെ

ഉള്‍ക്കൊള്ളലിന്റേതാണ് ഇന്ത്യന്‍ മതനിരപേക്ഷത. പാശ്ചാത്യ മാതൃകയിലുള്ള പുറന്തള്ളലിന്റേതല്ല. സ്റ്റേറ്റ് എല്ലാ വിശ്വാസങ്ങളെയും ഒരുപോലെ കാണുകയും തുല്യ പരിഗണന നല്‍കുകയും സ്റ്റേറ്റിന് ഔദ്യോഗിക മതമില്ലെന്നതുമാണ് ഇന്ത്യന്‍ മതനിരപേക്ഷത. ആ മതനിരപേക്ഷതയുടെ ഭാഗമാണ് രാജ്യത്ത് നിലവിലുള്ള വ്യത്യസ്ത വ്യക്തിനിയമങ്ങള്‍. മുസ്ലിം വ്യക്തിനിയമത്തിന്റെ അവിഭാജ്യ ഭാഗമാണ് വഖ്ഫ് നിയമം.

Published

|

Last Updated

ഭരണഘടനാ നിര്‍മാണ സഭയില്‍ 1949 ഒക്ടോബര്‍ 17ലെ ചര്‍ച്ച ആരംഭിക്കുന്നത് എച്ച് വി കാമത്തില്‍ നിന്നാണ്. ഭരണഘടനയുടെ ആമുഖം തുടങ്ങേണ്ടത് ദൈവനാമത്തിലാകണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ഭേദഗതിയാവശ്യം. ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍ വോട്ടിനിട്ടപ്പോള്‍ പരാജയപ്പെടാനായിരുന്നു പ്രസ്തുത പ്രമേയത്തിന്റെ നിയോഗം. മതനിരപേക്ഷമല്ലാതിരിക്കാന്‍ ഈ രാജ്യത്തിന് കഴിയില്ലെന്ന് പിറവി മുതല്‍ നിര്‍ണായക ദശാസന്ധികളിലെല്ലാം ഇന്ത്യ ഔദ്യോഗികമായി തന്നെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഗുജറാത്ത് വംശഹത്യ നടക്കുമ്പോള്‍ ഡല്‍ഹിയിലും ഗാന്ധിനഗറിലും അധികാരത്തിലിരുന്നത് ഒരേ പ്രത്യയശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്നവര്‍. രാജ്യം മതനിരപേക്ഷമായിക്കൂടെന്ന് തറപ്പിച്ചു പറയുന്നവര്‍.

അപ്പോഴും ഗുജറാത്ത് മുഖ്യമന്ത്രിയോട് രാജധര്‍മം പാലിക്കണമെന്ന് പ്രധാനമന്ത്രിക്ക് പറയേണ്ടി വന്നത് മതനിരപേക്ഷത ഇന്ത്യയുടെ വേരില്‍ ഉണ്ടെന്നതിനാലാണ്. ഇന്നും സ്ഥിതി വ്യത്യസ്തമല്ല. രാജ്യത്തെ മതസ്വാതന്ത്ര്യവുമായും ന്യൂനപക്ഷാവകാശങ്ങളുമായും ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ നിന്നുണ്ടാകാറുള്ള വിമര്‍ശനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിക്കാറുള്ളത് ഇന്ത്യ എല്ലാ പൗരന്മാരെയും തുല്യരായിക്കാണുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നു എന്നറിയിച്ചു കൊണ്ടാണ്. നമ്മുടെ നീതിന്യായ സംവിധാനത്തിന് എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും രാജ്യം മതനിരപേക്ഷം തന്നെയെന്ന് ആണയിടുന്ന വിധികള്‍ മാത്രമേ ഇന്ന് വരെ ഉണ്ടായിട്ടുള്ളൂ.

ഉള്‍ക്കൊള്ളലിന്റേതാണ് ഇന്ത്യന്‍ മതനിരപേക്ഷത. പാശ്ചാത്യ മാതൃകയിലുള്ള പുറന്തള്ളലിന്റേതല്ല. അവിടെ മതവിശ്വാസങ്ങളെ സാമൂഹിക ജീവിതത്തിന്റെ പുറമ്പോക്കില്‍ നിര്‍ത്തുകയാണ് സ്റ്റേറ്റ് ചെയ്യുന്നത്. യഥാര്‍ഥത്തില്‍ മതനിരാസത്തിലധിഷ്ഠിതമാണതെന്ന് കാണാന്‍ പ്രയാസമില്ല. എന്നാല്‍ സ്റ്റേറ്റ് എല്ലാ വിശ്വാസങ്ങളെയും ഒരുപോലെ കാണുകയും തുല്യ പരിഗണന നല്‍കുകയും സ്റ്റേറ്റിന് ഔദ്യോഗിക മതമില്ലെന്നതുമാണ് ഇന്ത്യന്‍ മതനിരപേക്ഷത. ആ മതനിരപേക്ഷതയുടെ ഭാഗമാണ് രാജ്യത്ത് നിലവിലുള്ള വ്യത്യസ്ത വ്യക്തിനിയമങ്ങള്‍. മുസ്ലിം വ്യക്തിനിയമത്തിന്റെ അവിഭാജ്യ ഭാഗമാണ് വഖ്ഫ് നിയമം.

എന്താണ് വഖ്ഫ്?
മുസ്ലിം തന്റെ ധനത്തില്‍ തനിക്കുള്ള ക്രയവിക്രയാധികാരം വിഛേദിച്ച് മതപരമായി അനുവദനീയമായ മാര്‍ഗത്തില്‍ അതിനെ ഉപയോഗിക്കാന്‍ മാറ്റിവെക്കലാണ് വഖ്ഫെന്ന് സാമാന്യമായി പറയാം. ജംഗമ-സ്ഥാവര സ്വത്തുക്കള്‍ വഖ്ഫ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ ഉപയോഗിക്കുമ്പോള്‍ വസ്തു ബാക്കിയാകണം. സുഗന്ധം പ്രസരിപ്പിക്കുന്ന ഊദിന്റെ കമ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നതിനാല്‍ വഖ്ഫ് ചെയ്യാവതല്ല. അതേസമയം മരത്തെ അതിന്റെ ആദായത്തിന് വഖ്ഫ് ചെയ്യാം. ഒറ്റത്തവണ വഖ്ഫ് ചെയ്താല്‍ അത് കാലാകാലവും വഖ്ഫ് തന്നെ. വഖ്ഫ് ചെയ്തത് വില്‍ക്കാന്‍ പാടില്ല. വഖ്ഫ് ചെയ്യുന്നതോടെ അതിന്റെ ഉടമസ്ഥത അല്ലാഹുവിലേക്ക് നീങ്ങും. വഖ്ഫ് സ്വീകാര്യമാകാന്‍ ആര്‍ക്കാണോ വഖ്ഫ് ചെയ്യുന്നത് അയാള്‍ സ്വീകരിക്കണമെന്ന നിബന്ധനയില്ല. അയാള്‍ വിസമ്മതം അറിയിക്കാതിരുന്നാല്‍ മതി. സിവില്‍ കരാറില്‍ ഒരു കക്ഷി മുന്നോട്ടുവെക്കുന്ന വാഗ്ദാനത്തെ എതിര്‍കക്ഷി സ്വീകരിക്കുമ്പോഴാണല്ലോ പ്രസ്തുത കരാര്‍ നിയമപരമായി പ്രാബല്യത്തിലാകുക. ആ ആശയത്തിന് സമാനമാണ് ഇസ്ലാമിക കര്‍മശാസ്ത്രത്തിലെ ഈജാബ്, ഖബൂല്‍ സംജ്ഞകളും അത് ഉള്‍വഹിക്കുന്ന ആശയങ്ങളും. അതില്‍ ഖബൂല്‍ അതായത് സ്വീകരിക്കല്‍ വഖ്ഫില്‍ നിബന്ധനയല്ലെന്ന് ചുരുക്കം. കാരണം വഖ്ഫ് മതദൃഷ്ട്യാ ആരാധനയാണ്. മതത്തെ നെഞ്ചേറ്റിയ വിശ്വാസിയുടെ അതുല്യമായ സമര്‍പ്പണം. അതിനാലാണ് പഴയ കാലത്ത് ചെയ്ത വഖ്ഫുകളില്‍ പലതിനും വഖ്ഫ് ഡീഡ് ഇല്ലാതെ പോയത്. അതല്ലാതെ ഇന്ന് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്ന കുപ്രചാരണങ്ങള്‍ പോലെ വഖ്ഫില്‍ കള്ളത്തരമുണ്ടായതിനാലല്ല. പുതിയ കാലത്തെ വഖ്ഫിന് കൃത്യമായ രേഖകള്‍ ഉണ്ടാകും. അതുണ്ടാകണമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. ശ്രദ്ധേയമായ മറ്റൊരു കാര്യം മസ്ജിദ് വഖ്ഫല്ലാതെ ആകുകയില്ലെന്നതാണ്.

ഭേദഗതിയിലെ അപായങ്ങള്‍
രാജ്യത്ത് നിലവിലുള്ള 1995ലെ വഖ്ഫ് നിയമത്തിനാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരാനിരിക്കുന്നത്. പ്രാബല്യത്തിലുള്ള നിയമത്തില്‍ മാറ്റം കൊണ്ടുവരണമെങ്കില്‍ അതിനെ സാധൂകരിക്കുന്ന സാമൂഹിക ആവശ്യമുയര്‍ന്ന് വരണം. എന്നാല്‍ ഇന്ത്യയിലെ വഖ്ഫുകള്‍ നേരിടുന്ന പ്രശ്നങ്ങളും ഭേദഗതിയുടെ മുഖ്യ കേന്ദ്രീകരണവും ഇരു വഴികളിലാണെന്നതാണ് നേര്. വഖ്ഫ് സ്വത്തുക്കളുടെ കൈയേറ്റം, ട്രൈബ്യൂണലുകളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു, വഖ്ഫ് സ്വത്തുക്കളുടെ സര്‍വേ സുതാര്യമോ കാര്യക്ഷമമോ അല്ല എന്നതൊക്കെയാണ് വഖ്ഫുകള്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്നങ്ങള്‍. അവ പരിഹരിക്കാന്‍ സംസ്ഥാന വഖ്ഫ് ബോര്‍ഡുകളെ കൂടുതല്‍ ശക്തിപ്പെടുത്താനും ജാഗ്രത്താക്കാനുമുള്ള ഭേദഗതിയാണുണ്ടാകേണ്ടത്. എന്നാല്‍ വഖ്ഫുകളെ കുളംതോണ്ടാനുള്ള ഭേദഗതിയാണ് ഭരണകൂട പരിഗണനയിലുള്ളത്.

ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയായ വഖ്ഫ് ബോര്‍ഡിനാണ് വഖ്ഫാണോ എന്നതില്‍ തീരുമാനമെടുക്കാനുള്ള അധികാരം. 1995ലെ വഖ്ഫ് നിയമത്തിലെ 40ാം വകുപ്പിന്റെ ഉള്ളടക്കം അതാണെങ്കില്‍ ഭേദഗതിയോടെ പ്രസ്തുത വകുപ്പ് തന്നെ ഒഴിവാക്കുകയാണ് ചെയ്യുന്നത്. ആ സ്ഥാനത്ത് വഖ്ഫില്‍ തീരുമാനമെടുക്കാനുള്ള അധികാരം ജില്ലാ കലക്ടര്‍ക്കാണ് നല്‍കുന്നത്. ഒരു സ്വത്ത് വഖ്ഫാണോ അല്ലേ എന്നതില്‍ എങ്ങനെയാണ് ജില്ലാ കലക്ടര്‍ തീരുമാനമെടുക്കുകയെന്ന ചോദ്യം പ്രസക്തമാണ്.

വഖ്ഫ് ട്രൈബ്യൂണലിന്റെ അധികാരവും ഘടനയും മാറ്റാന്‍ ഉദ്ദേശിക്കുന്നതാണ് പുതിയ ഭേദഗതി. ജില്ലാ സെഷന്‍സ് ജഡ്ജി അല്ലെങ്കില്‍ സിവില്‍ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത റാങ്കുള്ള ജുഡീഷ്യല്‍ ഓഫീസര്‍ ചെയര്‍മാനും അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റിന് തുല്യമായ പദവിയിലുള്ള സംസ്ഥാന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനും ഇസ്ലാമിക നിയമത്തില്‍ അവഗാഹമുള്ള ഒരാളും അംഗങ്ങളായ ട്രൈബ്യൂണല്‍ ഘടനയില്‍ നിന്ന് ഇസ്ലാമിക നിയമത്തില്‍ അവഗാഹമുള്ളയാളെ ഒഴിവാക്കുന്നതാണ് പുതിയ ഭേദഗതി. അപ്പിലേറ്റ് ട്രൈബ്യൂണലുകളില്‍ ജുഡീഷ്യല്‍ അംഗങ്ങള്‍ക്ക് മാത്രമായി ഒന്നും ചെയ്യാനാകില്ലല്ലോ. അതിനാണ് സാങ്കേതിക വിദഗ്ധനെ ട്രൈബ്യൂണല്‍ അംഗമാക്കുന്നത്. കമ്പനി ലോ ട്രൈബ്യൂണല്‍ അതിനൊരു ഉദാഹരണമാണ്. സാങ്കേതിക വിദഗ്ധന്റെ സ്ഥാനത്താണ് വഖ്ഫ് ട്രൈബ്യൂണലില്‍ ഇസ്ലാമിക നിയമത്തില്‍ അവഗാഹമുള്ള അംഗം. മേലില്‍ അത് വേണ്ടെന്നു വെക്കുന്ന ഭേദഗതി വഖ്ഫിന്റെ താത്പര്യത്തെ ഹനിക്കുന്നതാകുമെന്നതിനാല്‍ ഭരണഘടനയുടെ 29ാം അനുഛേദം വകവെച്ചു നല്‍കുന്ന ന്യൂനപക്ഷ, മൗലികാവകാശങ്ങള്‍ക്ക് എതിരാകും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമ ഭേദഗതി. വഖ്ഫ് തര്‍ക്കത്തില്‍ ട്രൈബ്യൂണല്‍ വിധി അപ്രസക്തമാകും വിധം നേരിട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കൂടി ലാക്കാക്കുന്നതാണ് പുതിയ ഭേദഗതി.

ഇതിനകം വഖ്ഫായി കണ്ടെത്തിയ സര്‍ക്കാര്‍ സ്വത്ത് വഖ്ഫല്ലാതായി മാറും വിധമാണ് വഖ്ഫ് നിയമ ഭേദഗതി. സര്‍വേ കമ്മീഷണറെ ഒഴിവാക്കി ജില്ലാ കലക്ടര്‍ക്ക് വഖ്ഫ് സ്വത്ത് സര്‍വേ നടത്താനുള്ള അധികാരം നല്‍കുന്നതും ആത്യന്തികമായി വഖ്ഫിന്റെ താത്പര്യത്തിന് അനുഗുണമായതേ അല്ല.

സംസ്ഥാന വഖ്ഫ് ബോര്‍ഡുകളിലോ സെന്‍ട്രല്‍ വഖ്ഫ് കൗണ്‍സിലിലോ മുസ്ലിം ഇതര അംഗങ്ങള്‍ പാടില്ലെന്ന മാന്‍ഡേറ്റ് ഒഴിവാക്കി രണ്ട് അംഗങ്ങള്‍ നിര്‍ബന്ധമായും മുസ്ലിം ഇതരര്‍ ആകണമെന്ന് ശഠിക്കുന്ന ഭേദഗതി മുസ്ലിം അംഗങ്ങള്‍ ഉണ്ടാകേണ്ടതിനെ കുറിച്ച് വ്യക്തമാക്കുന്നുമില്ല. ഭരണഘടനയുടെ 26ാം അനുഛേദ പ്രകാരം, മതകാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മൗലികാവകാശത്തിനെതിരാണത്. അതേസമയം സമാനമായ ഹിന്ദു, സിഖ് മത സംവിധാനങ്ങളില്‍ അതേ മതക്കാര്‍ തന്നെയാകണമെന്ന നിയമമുണ്ട്. 1997ലെ കര്‍ണാടക ഹിന്ദു റിലീജ്യസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്സ് ആക്ട് പ്രകാരം അംഗങ്ങളും കമ്മീഷണര്‍മാരും എക്സിക്യൂട്ടീവ് ഓഫീസറും ഹിന്ദുവാകണം. 1925ലെ സിഖ് ഗുരുദ്വാരാസ് ആക്ട് അനുസരിച്ച് അംഗങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ എല്ലാവരും സിഖുകാരാകണം. ഈ വസ്തുത നിലനില്‍ക്കെ വഖ്ഫില്‍ മാത്രം വിവേചനം കാണിക്കുന്നത് ഭരണഘടനയുടെ 14,15 അനുഛേദങ്ങള്‍ ഉള്ളടക്കമാകുന്ന സമത്വത്തിനും വിവേചനത്തിനെതിരായ അവകാശത്തിനുമെതിരാണ്. സംസ്ഥാന വഖ്ഫ് ബോര്‍ഡ് സി ഇ ഒ മുസ്ലിമാകണമെന്ന് നിര്‍ബന്ധമില്ലെന്ന് പറയുന്ന നിയമ ഭേദഗതി ഇതര മതങ്ങളിലെ സമാന സംവിധാനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്ക് കീഴില്‍ തതുല്യ പദവികളിലിരിക്കുന്ന അഡ്മിനിസ്ട്രേറ്റര്‍മാര്‍ അതത് മതത്തില്‍ പെട്ടവരാകണമെന്ന മാന്‍ഡേറ്റ് കണ്ടില്ലെന്ന് നടിക്കുന്നു. സംസ്ഥാന വഖ്ഫ് ബോര്‍ഡിലെ എട്ട് അംഗങ്ങളില്‍ നാല് പേര്‍ തിരഞ്ഞെടുക്കപ്പെട്ടവരും നാല് പേരെ സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തിരുന്നതുമാണ് നിലവിലെ രീതിയെങ്കില്‍ മേലില്‍ എല്ലാ അംഗങ്ങളെയും സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുമെന്ന ഭേദഗതിയിലും വഖ്ഫുകളെ സഹായിക്കാത്ത തരത്തിലുള്ള താത്പര്യങ്ങളുണ്ടെന്ന് വേണം മനസ്സിലാക്കാന്‍. മുസ്ലിമായി അഞ്ച് വര്‍ഷമെങ്കിലും ജീവിച്ചയാള്‍ക്ക് മാത്രമേ വഖ്ഫ് ചെയ്യാനാകൂ എന്ന നിയമ ഭേദഗതി പ്രാഥമികമായി ശരീഅത്തിന് വിരുദ്ധമാണ്. വഖ്ഫ് ചെയ്യുന്ന കാര്യത്തില്‍ അഞ്ച് വര്‍ഷമോ അതിലധികമോ മുസ്ലിമായി ജീവിച്ചവര്‍ക്കും അഞ്ച് വര്‍ഷത്തില്‍ താഴെ മാത്രം മുസ്ലിമായി ജീവിച്ചവര്‍ക്കുമിടയില്‍ വിവേചനം കൊണ്ടുവരുന്നതിന്റെ ലക്ഷ്യമെന്താണെന്ന ചോദ്യമുയരുന്നു. ഭരണഘടനയുടെ 14ാം അനുഛേദ പ്രകാരം രണ്ട് വിഭാഗങ്ങളെ വ്യത്യസ്തമായി പരിഗണിക്കണമെങ്കില്‍ ആ വിഭജനം ശരിവെക്കുന്ന വ്യക്തമായ പൊതുതാത്പര്യം വേണമെന്നിരിക്കെ പിന്നെയും ഭരണഘടനാവിരുദ്ധമാകുകയാണ് വഖ്ഫ് നിയമ ഭേദഗതി.

ഭരണഘടനക്കെതിരാണ് ആ പ്രത്യയശാസ്ത്രം
രാജ്യത്തെ വഖ്ഫ് സ്വത്തിന്റെ 27 ശതമാനവും ഉത്തര്‍ പ്രദേശിലാണ്. സംഘ്പരിവാര്‍ പൊള്ളയായ അവകാശവാദങ്ങളുയര്‍ത്തി കൊണ്ടിരിക്കുന്ന മസ്ജിദുകളെല്ലാം അതില്‍ പെടും. മഥുരയിലെ ശാഹി ഈദ് ഗാഹ് മസ്ജിദ്, വാരാണസിയിലെ ഗ്യാന്‍വാപി മസ്ജിദ്, സംഭല്‍ ജുമാ മസ്ജിദ് തുടങ്ങിയവക്ക് നേരെ നടത്തുന്ന നിയമ ലംഘനങ്ങളെല്ലാം മറ്റൊരര്‍ഥത്തില്‍ വഖ്ഫ് കൈയേറ്റമാണ്. അത്തരം നീക്കങ്ങളെ പ്രതിരോധിക്കാനായിരുന്നു 1991ല്‍ ആരാധനാലയ നിയമം കൊണ്ടുവന്നത്. അതിന്റെ തുടര്‍ച്ചയിലാണ് 1995ല്‍ ഏറെക്കുറെ സമഗ്രമായി വഖ്ഫ് നിയമം പരിഷ്‌കരിച്ചത്. എന്നിരിക്കെ വഖ്ഫ് നിയമ ഭേദഗതി മാപ്പിള പ്രശ്നമാണെന്നോ വഖ്ഫെന്ന ‘കിരാത’ത്തിന് ‘ദേശസ്നേഹികള്‍’ താഴിടുകയാണെന്നുമൊക്കെ നരേറ്റ് ചെയ്യുന്നവര്‍ നിലയുറപ്പിച്ചിരിക്കുന്നത് നമ്മുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും എതിര്‍ ചേരിയിലാണ്. ആ മറുചേരിയുടെ പ്രത്യയശാസ്ത്രം ഇന്ത്യയുടെ ആത്മാവിനെ തച്ചുടക്കാന്‍ തീര്‍ച്ചപ്പെടുത്തിയതുമാണ്.

 

Latest