National
അറസ്റ്റ് ചെയ്യപ്പെട്ടയാളെ കാരണം അറിയിക്കണമെന്നത് ഭരണഘടനാ ബാധ്യത; അല്ലെങ്കിൽ അറസ്റ്റ് നിയമവിരുദ്ധമാകും: സുപ്രീം കോടതി
ഹരിയാന പോലീസ് ഒരാളെ അറസ്റ്റ് ചെയ്ത കേസിൽ ഈ നിയമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി, അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച് അയാളെ ഉടൻ വിട്ടയക്കാൻ ഉത്തരവിട്ടു.
![](https://assets.sirajlive.com/2023/08/supreme-court-1-897x538.jpg)
ന്യൂഡൽഹി | അറസ്റ്റ് ചെയ്യപ്പെടുന്ന ഒരാളെ അറസ്റ്റ് ചെയ്യുന്നതിന്റെ കാരണം അറിയിക്കേണ്ടത് വെറും ഔപചാരികത അല്ലെന്നും ഭരണഘടനാ ബാധ്യതയാണെന്നും സുപ്രീം കോടതി. അറസ്റ്റ് ചെയ്യപ്പെട്ടയാളെ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കണമെന്ന ഭരണഘടനയിലെ അനുഛേദം 22(1) ഉയർത്തിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഈ നിബന്ധന പാലിക്കാത്തപക്ഷം അറസ്റ്റ് നിയമവിരുദ്ധമായി മാറുമെന്നും കോടതി വ്യക്തമാക്കി.
ഹരിയാന പോലീസ് ഒരാളെ അറസ്റ്റ് ചെയ്ത കേസിൽ ഈ നിയമം പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയ കോടതി, അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വിധിച്ച് അയാളെ ഉടൻ വിട്ടയക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് എ എസ് ഓക്ക, ജസ്റ്റിസ് എൻ കെ സിംഗ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി.
ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ (മൗലികാവശാകങ്ങൾ) ഉൾപ്പെടുത്തിയിരിക്കുന്ന അനുഛേദം 22(1) പ്രകാരം, അറസ്റ്റ് ചെയ്യപ്പെട്ടയാളെ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കേണ്ടത് അയാളുടെ അടിസ്ഥാന അവകാശമാണ്. അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാതിരുന്നാൽ, അത് അനുഛേദം 22(1) പ്രകാരം ഉറപ്പുനൽകിയ അടിസ്ഥാന അവകാശത്തിന് ലംഘനമാകും. അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സ്വാതന്ത്ര്യത്തെ ഇത് ബാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്യപ്പെട്ടയാളുടെ സുഹൃത്തുക്കളെയോ ബന്ധുക്കളെയൊ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കേണ്ടത് ഭരണഘടനാ ആവശ്യകതയാണെന്ന് ജസ്റ്റിസ് എൻ കെ സിംഗ് തന്റെ പ്രത്യേക വിധിയിൽ പറഞ്ഞു, CrPC-യിലെ സെക്ഷൻ 50A പ്രകാരം, അറസ്റ്റ് ചെയ്യപ്പെട്ടയാൾ നിർദ്ദേശിച്ച ആളുകൾക്ക് ഈ വിവരം നൽകേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം വിശദമാക്കി.