Connect with us

Socialist

ഗുരുവിനെ പഠിക്കാന്‍ മറന്നാല്‍ വലിയ നഷ്ടം

അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പരസ്പരം അകലുകയല്ല, സമന്വയത്തിന്റെ വഴി കണ്ടെത്തുകയാണ് അഭികാമ്യം.

Published

|

Last Updated

വിദ്യകൊണ്ട് സ്വതന്ത്രരാവുക’ എന്ന ഗുരു സന്ദേശമാണ് കേരളത്തെ ഒരു മാതൃകാ സംസ്ഥാനമാക്കി മാറ്റിയതെന്നും സാഹോദര്യത്തിന്റെയും സമഭാവനയുടെയും ഉദാത്ത മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിലൂടെയാണ് ആര്‍ജ്ജിക്കേണ്ടതെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ശിവഗിരി തീർഥാടന സമ്മേളനത്തിൽ പങ്കെടുത്തത് സംബന്ധിച്ച് അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. ഗുരുവിനെ പഠിക്കാന്‍ മറന്നാല്‍ അത് വലിയ നഷ്ടമാകും. അതുകൊണ്ടുതന്നെ ശ്രീനാരായണഗുരു പഠനം വിപുലവും വ്യാപകവും ആകണമെന്ന് തന്നെയാണ് എന്റെ വിനീതമായ അഭിപ്രായം. മഹത്തായ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയില്‍ ഗുരുദര്‍ശനം പ്രകാശഗോപുരം പോലെ നമുക്ക് വഴിതെളിച്ചു തരുന്നു. സമന്വയത്തിന്റെ മാര്‍ഗമാണ് ഗുരു ഉദ്ദേശിച്ചത്. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പരസ്പരം അകലുകയല്ല, സമന്വയത്തിന്റെ വഴി കണ്ടെത്തുകയാണ് അഭികാമ്യം. ഈ കാലഘട്ടം ആവശ്യപ്പെടുന്നതും സമന്വയത്തിന്റെ മാര്‍ഗമാണ്. പോസ്റ്റ് പൂർണരൂപത്തിൽ:

89ാമത് ശിവഗിരി തീര്‍ത്ഥാടന മഹാമഹത്തോട് അനുബന്ധിച്ച് നടത്തിയ തീര്‍ത്ഥാടന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിച്ചു.
ശിവഗിരി തീര്‍ത്ഥാടനം ജനകീയ തീര്‍ത്ഥാടനമാണ്. ജാതിമത ചിന്തകള്‍ക്കതീതമായ തീര്‍ത്ഥാടനം. ശ്രീനാരായണ ഗുരുവിന്റെ അദ്ധ്യാത്മിക ചൈതന്യം പ്രസരിക്കുന്ന ശിവഗിരി ശാന്തിയുടെ ശ്രീകോവിലാണ്.
ഗുരുസൂക്തങ്ങള്‍ പഠിച്ചാല്‍, അതിന്റെ പൊരുള്‍ അറിഞ്ഞാല്‍, ജീവിതം ശാന്തവും സന്തോഷകരവുമാകും. നമ്മള്‍ ഇന്ന് നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരവും അതുതന്നെ. 1928ല്‍ കോട്ടയം നാഗമ്പടം ക്ഷേത്രത്തിലെ കിഴക്ക് വശമുള്ള മാവിന്‍ചുവട്ടില്‍ ഗുരു ഇരിക്കുമ്പോഴാണ് ശിവഗിരി തീര്‍ത്ഥാടനത്തെ പറ്റിയുള്ള തീരുമാനമെടുക്കുന്നത്. ശിവഗിരി തീര്‍ത്ഥാടന ആശയവുമായി ഗുരുവിനെ സമീപിച്ച ശിഷ്യന്മാരോട്, ആത്മീയ ലക്ഷ്യത്തോടോപ്പം സമൂഹത്തിന്റെ വളര്‍ച്ചയ്ക്കും പുരോഗതിക്കും അനിവാര്യമായ വിഷയങ്ങളാണ് ഗുരു നിര്‍ദേശിച്ചത്.
‘വിദ്യകൊണ്ട് സ്വതന്ത്രരാവുക’ എന്ന ഗുരു സന്ദേശമാണ് കേരളത്തെ ഒരു മാതൃകാ സംസ്ഥാനമാക്കി മാറ്റിയത്. സാഹോദര്യത്തിനും സമഭാവനയുടെയും ഉദാത്ത മൂല്യങ്ങള്‍ വിദ്യാഭ്യാസത്തിലൂടെയാണ് ആര്‍ജ്ജിക്കേണ്ടത്.
പുതിയ തലമുറയുടെ ജീവിതത്തെ രൂപപ്പെടുത്തുന്ന പാഠ്യപദ്ധതിയില്‍ ശ്രീനാരായണ പഠനം ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഞാന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. ഇതിനായി, പ്രത്യേക ഉത്തരവ് തന്നെ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. അതില്‍ വലിയ സന്തോഷവും ചാരിതാര്‍ത്ഥ്യമുണ്ട്. ഗുരുവിനെ പഠിക്കാന്‍ മറന്നാല്‍ അത് വലിയ നഷ്ടമാകും. അതുകൊണ്ടുതന്നെ ശ്രീനാരായണഗുരു പഠനം വിപുലവും വ്യാപകവും ആകണമെന്ന് തന്നെയാണ് എന്റെ വിനീതമായ അഭിപ്രായം. മഹത്തായ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയില്‍ ഗുരുദര്‍ശനം പ്രകാശഗോപുരം പോലെ നമുക്ക് വഴിതെളിച്ചു തരുന്നു.
സമന്വയത്തിന്റെ മാര്‍ഗ്ഗമാണ് ഗുരു ഉദ്ദേശിച്ചത്. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ പരസ്പരം അകലുകയല്ല, സമന്വയത്തിന്റെ വഴി കണ്ടെത്തുകയാണ് അഭികാമ്യം. ഈ കാലഘട്ടം ആവശ്യപ്പെടുന്നതും സമന്വയത്തിന്റെ മാര്‍ഗമാണ്.