Kerala
രണ്ടു വർഷം മുമ്പേ രാജിവെച്ച തന്നെ വീണ്ടും പുറത്താക്കിയത് അപൂർവ്വങ്ങളിൽ അപൂർവ്വമായ നടപടി: എ വി ഗോപിനാഥ്
നവകേരള സദസ്സിൽ പങ്കെടുത്തത് സി പി എമ്മിലേക്ക് പോകാനല്ലെന്നും മരണം വരെ താൻ കോൺഗ്രസ്സുകാരനായി തുടരുമെന്നും എ വി ഗോപിനാഥ്
പാലക്കാട് | നവകേരള സദസ്സിൽ പങ്കെടുത്തതിന്റെ പേരിൽ കോൺഗ്രസ്സ് സസ്പൻഡ് ചെയ്തതിനെതിരെ പ്രതികരിച്ച് പാലക്കാട് ഡി സി സി മുൻ പ്രസിഡന്റ് എ വി ഗോപിനാഥ്. രണ്ടുവർഷം മുമ്പ് കോൺഗ്രസ്സ് അംഗത്വം രാജിവെച്ച ആളെ വീണ്ടും പാർട്ടിയിൽ നിന്ന് പുറത്താക്കിയത് അപൂർവ്വങ്ങളിൽ അപൂർവ്വമായ നടപടിയെണെന്ന് അദ്ദേഹം പരിഹസിച്ചു. അംഗത്വം രാജിവെച്ച താൻ സംഘടനാവിരുദ്ധ പ്രവർത്തനം നടത്തിയതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു. പെരിങ്ങോട്ടുകുറിശ്ശിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എ വി ഗോപിനാഥ്.
ആയിരകണക്കിന് ആളുകൾ പാർട്ടി അനുഭാവികളായി നിലനിൽക്കുന്നുണ്ട്. താനും അത്തരത്തിൽ ഒരാൾ മാത്രം. അതിനാൽ തനിക്ക് തോന്നിയത് ചെയ്യുമെന്നും കോൺഗ്രസ്സ് ആരാ ചോദിക്കാനെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം നവകേരള സദസ്സിൽ പങ്കെടുത്തത് സി പി എമ്മിലേക്ക് പോകാനല്ലെന്നും മരണം വരെ താൻ കോൺഗ്രസ്സുകാരനായി തുടരുമെന്നും
എ.വി. ഗോപിനാഥ് വ്യക്തമാക്കി.