adani group
ഇന്ത്യയല്ല, പൊളിയുന്നത് അദാനി
സമ്പന്നൻ അതിസമ്പന്നനാകുകയും ദരിദ്രൻ അതിദരിദ്രനാകുകയും ചെയ്യുന്ന ക്രൂരമായ അസമത്വം ഇന്ത്യൻ സാമ്പത്തിക ക്രമത്തിൽ തുടരുന്നുവെങ്കിലും അതിന് വർഷങ്ങളായി ആർജിച്ച ഒരു ആന്തരിക ബലം ഉണ്ടെന്ന് ഈ പുതിയ എപ്പിസോഡും വ്യക്തമാക്കുന്നു. ഒരു ഭരണാധികാരി ചങ്ങാത്ത മുതലാളിത്തത്തിന്റെ ചെളിയിൽ വീണുപോയെന്ന് കരുതി ഈ സമ്പദ്‌വ്യവസ്ഥ അതിന്റെ അതിജീവന ശേഷി അടിയറ വെക്കില്ല. നോട്ട് നിരോധിച്ചിട്ടും സമ്പൂർണമായി പൊളിഞ്ഞില്ലല്ലോ.

കുമിളകളുടെ ലോകമാണ് ഓഹരി വിപണി. ചെറു കാറ്റേറ്റാൽ അവർ പൊട്ടിപ്പോകും. ഒന്ന് മെച്ചപ്പെട്ടാൽ വമ്പൻ കുമിളകൾ പുതുതായി രൂപപ്പെടുകയും ചെയ്യും. അങ്ങനെ നോക്കുമ്പോൾ, അദാനി ഗ്രൂപ്പിന്റെ അടിത്തറയിളക്കാവുന്ന വെളിപ്പെടുത്തലുമായി ഹിൻഡെൻബർഗ് എന്ന അമേരിക്കൻ നിക്ഷേപക ഗവേഷണ ഏജൻസിയുടെ റിപോർട്ട് പുറത്ത് വന്നിട്ടും അതിന് ആനുപാതികമായ തകർച്ച വിപണിയിലുണ്ടായില്ല എന്നാണ് വിലയിരുത്തേണ്ടത്. 48 മണിക്കൂർ കൊണ്ട് അദാനി ഗ്രൂപ്പിന്റെ പത്ത് കമ്പനികളുടെ വിപണി മൂല്യത്തിൽ ഏകദേശം 4.18 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായെന്നാണ് കണക്ക്. യു എസിൽ വമ്പൻ സ്ഥാപനങ്ങൾ പൊളിഞ്ഞപ്പോൾ അത് ആ രാജ്യത്തെ മാത്രമല്ല, ലോകത്തെയാകെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചിരുന്നു. ചുരുങ്ങിയ പക്ഷം ഇന്ത്യയെയെങ്കിലും വൻ പ്രതിസന്ധിയിലേക്ക് തള്ളി വിടേണ്ടിയിരുന്ന റിപോർട്ടായിരുന്നു ഹിൻഡെൻബർഗിന്റേത്. എന്നാൽ അത്തരം വലിയ അത്യാഹിതങ്ങളൊന്നുമുണ്ടായില്ല എന്നത് ഇന്ത്യൻ സാമ്പത്തിക ക്രമത്തിന്റെ ശക്തി തന്നെയാണ് കാണിക്കുന്നത്. സമ്പന്നൻ അതിസമ്പന്നനാകുകയും ദരിദ്രൻ അതിദരിദ്രനാകുകയും ചെയ്യുന്ന ക്രൂരമായ അസമത്വം ഇന്ത്യൻ സാമ്പത്തിക ക്രമത്തിൽ തുടരുന്നുവെങ്കിലും അതിന് വർഷങ്ങളായി ആർജിച്ച ഒരു ആന്തരിക ബലം ഉണ്ടെന്ന് ഈ പുതിയ എപ്പിസോഡും വ്യക്തമാക്കുന്നു. അദാനിയെ ആക്രമിക്കുന്നത് മോദിയെയും രാജ്യത്തെ തന്നെയും ആക്രമിക്കുന്നതിന് തുല്യമാണെന്നും അസൂയ മൂത്ത വൈദേശിക ശക്തികൾ നടത്തുന്ന സർജിക്കൽ സ്‌ട്രൈക്കാണ് ഹിൻഡെൻബർഗ് റിപോർട്ടെന്നും വിളിച്ചു കൂവുന്നവർക്കുള്ള മറുപടിയാണിത്. അദാനി പൊളിയുമായിരിക്കും. രാജ്യം പൊളിയുമെന്ന് തോന്നുന്നില്ല. 2008ലെ മാന്ദ്യത്തെ അതിജീവിച്ച മൻമോഹൻ സിംഗ് കാലത്ത് ആ നട്ടെല്ലുറപ്പാണല്ലോ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ പ്രകടമായത്. മുതലാളിത്ത പാതയിലേക്ക് അതിവേഗം സഞ്ചരിക്കുമ്പോഴും പഴയ നെഹ്‌റുവിയൻ മിശ്ര സാമ്പത്തിക ക്രമത്തിന്റെ സവിശേഷതകൾ ഇന്നും രാജ്യത്ത് നിലനിൽക്കുന്നുണ്ട്. അതിനാൽ ഒരു ഭരണാധികാരി ചങ്ങാത്ത മുതലാളിത്തത്തിന്റെ ചെളിയിൽ വീണുപോയെന്ന് കരുതി ഈ സമ്പദ്‌വ്യവസ്ഥ അതിന്റെ അതിജീവന ശേഷി അടിയറ വെക്കില്ല. നോട്ട് നിരോധിച്ചിട്ടും സമ്പൂർണമായി പൊളിഞ്ഞില്ലല്ലോ.
പുതിയ കാര്യമല്ല
അദാനിക്ക് കിട്ടിയ ഈ അടി അത്ര പുതുമയുള്ളതല്ല. ഫിച്ച് റേറ്റിംഗ്‌സ് കഴിഞ്ഞ സെപ്തംബറിൽ തന്നെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വരവ് പെരുപ്പിച്ച് കാണിക്കുക, ഓഹരി മൂല്യം ഉയർത്തി വെക്കുക, സർക്കാറുമായുള്ള ചങ്ങാത്തം ബിസിനസ്സ് വ്യാപനത്തിനായി ഉപയോഗിക്കുക, അഴിമതി മൂലധനം പാർക്ക് ചെയ്യാൻ അവസരം നൽകുക തുടങ്ങിയ ആരോപണങ്ങളെല്ലാം അദാനിക്കെതിരെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്നു. ഫിച്ച് റേറ്റിംഗ്‌സിനെയും സ്റ്റാൻഡേർഡ് ആൻഡ് പുവറിനെയും “കൺവിൻസ്’ ചെയ്യിച്ച് പോസിറ്റീവ് റിപോർട്ട് വാങ്ങിയെടുക്കുകയാണ് അന്ന് അദാനി ഗ്രൂപ്പ് ചെയ്തത്. സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)യും ഈ ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്. ഹിൻഡെൻബർഗ് റിപോർട്ട് വന്നില്ലെങ്കിലും രാഷ്ട്രീയ സംരക്ഷകർ കനിഞ്ഞില്ലെങ്കിൽ, അദാനിയുടെ പൂച്ച് പുറത്താകുമായിരുന്നുവെന്ന് ചുരുക്കം. ആ സംരക്ഷണമുണ്ടെങ്കിൽ ഹിൻഡെൻബർഗ് റിപോർട്ടിലും അദാനി വീഴാതെ പിടിച്ചു നിൽക്കുകയും ചെയ്യും. ഇത് തിരിച്ചറിയുന്നവരാണ് അദാനി പൊളിഞ്ഞാൽ ഇന്ത്യ പൊളിയുമെന്ന സമീകരണമുണ്ടാക്കുന്നത്. അദാനിയെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ബാധ്യതയാണെന്ന വ്യാജ ദേശീയത സൃഷ്ടിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്.
ആക്ടിവിസം
ഒരു തരം ആക്ടിവിസത്തിലാണ് ഹിൻഡെൻബർഗ് അടിസ്ഥാനപരമായി ഏർപ്പെടുന്നത്. ഓഹരി വിപണിയിലെ ചലനങ്ങൾ മുൻകൂട്ടി കണ്ട് ഷോർട്ട് സെല്ലിംഗ് നടത്താറുണ്ട്. ഫോറൻസിക് ധനകാര്യ ഗവേഷണത്തിലാണ് തങ്ങളുടെ ഊന്നലെന്ന് അവർ അവകാശപ്പെടുന്നു. മണിച്ചിത്രത്താഴിട്ട് പൂട്ടിയ രഹസ്യങ്ങളുടെയും ക്രമക്കേടുകളുടെയും പൂട്ട് പൊളിക്കുക, ആ ക്രമക്കേടുകൾ എങ്ങനെ വിദഗ്ധമായി നടപ്പാക്കിയെന്ന് പഠിക്കുക, കമ്പനികൾ വെളിപ്പെടുത്താത്ത ഇടപാടുകൾ പരിശോധിക്കുക. നിയമവിരുദ്ധമോ ധാർമികതക്ക് നിരക്കാത്തതോ ആയ പ്രവർത്തനങ്ങൾ കണ്ടെത്തുക. അങ്ങനെ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകുകയും നഷ്ടപ്പെട്ടവർക്ക് നിയമനടപടിയുമായി മുന്നോട്ട് പോകാൻ ആത്മവിശ്വാസം പകരുകയും ചെയ്യുകയെന്നതാണ് നഥാൻ ആൻഡേഴ്‌സൺ സ്ഥാപിച്ച ഈ ഗവേഷക കൂട്ടായ്മയുടെ ആത്യന്തിക ലക്ഷ്യം. ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയെ സാമ്പത്തിക വിദഗ്ധരാരും ചോദ്യം ചെയ്യുന്നില്ല. ഈ സ്ഥാപനം ഒരു രാജ്യത്ത് മാത്രമായി പ്രവർത്തിക്കുന്നവരല്ല. രാഷ്ട്രീയ പ്രൊപ്പഗാണ്ടയാണ് അവർ നടത്തുന്നത് എന്ന് പറയാവുന്ന വസ്തുതകളൊന്നും തത്കാലം പുറത്ത് വന്നിട്ടില്ല.
അപ്പോൾ ചിലർ ചോദിക്കും, രണ്ട് വർഷമായി തുടരുന്ന ഗവേഷണത്തിന്റെ ഫലം ഇപ്പോൾ പുറത്തുവിട്ടത് എന്തിനാണ്? ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ സമാഹരണ യജ്ഞത്തിലേക്ക് (ഫാളോ ഓൺ പബ്ലിക് ഇഷ്യു) അദാനി എന്റർപ്രൈസസ് നീങ്ങുന്നതിന്റെ തൊട്ടുമുമ്പാണ് ഈ മിന്നലാക്രമണം ഉണ്ടായിരിക്കുന്നത്. 20,000 കോടി രൂപയുടെ ഡ്രൈവായിരുന്നു അത്. ആ യജ്ഞം തടസ്സപ്പെടുമെന്ന് ഉറപ്പായിരിക്കുന്നു. ലോക സമ്പന്നരുടെ പട്ടികയിൽ അദാനിയുടെ സ്ഥാനം ഏഴിലേക്ക് താഴ്ന്നു. റിപോർട്ട് പുറത്തു വന്നതിന്റെ സമയം പ്രധാനം തന്നെയാണ്. അതിന് ഹിൻഡെൻബർഗ് പറയുന്ന ന്യായമുണ്ട്. കൂടുതൽ നിക്ഷേപകർ വിശ്വസിക്കാൻ കൊള്ളാത്ത കമ്പനിയിൽ വന്ന് വീഴരുത്. മറ്റൊരു കമ്പനിക്കുമില്ലാത്ത ഷെയർ വില കൈവരിക്കുന്നത് കള്ളത്തരം കാണിച്ചാണ്. ഈ കള്ളത്തരം ജനങ്ങളെ അറിയിക്കുകയെന്നത് ഞങ്ങളുടെ ബാധ്യതയാണ്. ഈ വിശദീകരണം അദാനിക്കായി വാഴ്ത്തു പാട്ടെഴുതുന്നവർക്ക് ബോധിക്കില്ലെങ്കിലും വിപണിയിൽ കളിക്കുന്നവർക്ക് അത് രക്ഷാമന്ത്രമായാണ് അനുഭവപ്പെട്ടത്. അതിന്റെ തെളിവാണ് എല്ലാ എക്‌സ്‌ചേഞ്ചുകളിലും അദാനി ഓഹരികൾ കൂപ്പുകുത്തിയത്.
മൗറീഷ്യസിലെ കടലാസ്
അദാനി ഓഹരി വിപണിയിൽ എങ്ങനെയാണ് മൂല്യമേറ്റുന്നത്? അഥവാ ഓവർ ലിവറേജ് നടത്തുന്നത്? ഹിൻഡെൻബർഗ് റിപോർട്ട് നൽകുന്ന ഉത്തരം ഞെട്ടിക്കുന്നതാണ്. പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ പ്രമോട്ടർമാർ 25 ശതമാനത്തിലധികം ഓഹരി കൈവശം വെക്കാൻ പാടില്ല എന്നാണ് സെബി ചട്ടം. എന്നാൽ അദാനി ഗ്രൂപ്പ് ഈ അതിർത്തി മറികടന്നിരിക്കുന്നു. അങ്ങനെ വരുമ്പോൾ അദാനി കമ്പനിയെ ഡീ ലിസ്റ്റ് ചെയ്യേണ്ടതാണ്. പക്ഷേ, ഈ ഭീഷണി അദാനി മറികടക്കുന്നത് വിദേശത്തുള്ള, ഉദാഹരണത്തിന് മൗറീഷ്യസിലുള്ള, കടലാസ് കമ്പനികളുടെ നിക്ഷേപം സംഘടിപ്പിച്ചാണ്. സത്യത്തിൽ ഇത്തരം ഷെൽ കമ്പനികളിലെ പണം അദാനി കുടുംബത്തിന്റെ തന്നെയോ അതുമല്ലെങ്കിൽ അദ്ദേഹവുമായി ബന്ധമുള്ള രാഷ്ട്രീയക്കാരുടേതോ ഉദ്യോഗസ്ഥരുടേതോ ആണ്. മൗറീഷ്യസിലെ കമ്പനികൾക്ക് ഉത്പാദനമില്ല, തൊഴിലാളികളില്ല. ഇത്തരം കടലാസ് പുലികൾ അനുവദനീയമായ 25 ശതമാനത്തിന് പുറത്ത് 15 ശതമാനം ഓഹരികൾ കൂടി കൈവശം വെക്കുന്നുവെന്ന് കരുതുക. അപ്പോൾ മൊത്തം പ്രമോട്ടർ നിയന്ത്രിത ഓഹരി നാൽപ്പത് ശതമാനമായി. അദാനിയുടെ ഓഹരിക്ക് വൻ ഡിമാൻഡുണ്ട് എന്നും വന്നു. അപ്പോൾ സ്വാഭാവികമായും വില ഉയരും. ഈ ഉയർന്ന വില കണ്ട് ധാരാളം പേർ പാഞ്ഞു വരും. വില പിന്നെയും ഉയരും. ഇതാണ് കളി. മൗറീഷ്യസ് കമ്പനികൾ ഇന്ത്യയിൽ മറ്റൊരു കമ്പനിയിലും നിക്ഷേപിച്ചിട്ടില്ല എന്നോർക്കണം. എല്ലാ ഫിനാൻഷ്യൽ തട്ടിപ്പുകാരെയും ഞങ്ങൾ വരുതിയിലാക്കിയെന്ന് പുരപ്പുറത്ത് കയറി വീരസ്യം പറയുന്നവരുടെ സ്വന്തം സുഹൃത്താണ് മൗറീഷ്യസ് ആരോപണം നേരിടുന്നത്.
ഉമ്മൻ ചാണ്ടി, പിണറായി
അദാനിയുടെ വിപണി പ്രതിച്ഛായ തിളക്കുമുള്ളതാക്കുന്ന മറ്റൊരു പ്രധാന കാര്യമുണ്ട്. ഇന്ത്യയിൽ സർക്കാർ നടപ്പാക്കുന്ന വൻകിട ഇൻഫ്രാ സ്ട്രക്ചർ പ്രൊജക്ടുകളെല്ലാം അദാനിക്കാണ് ലഭിക്കുന്നത്. തീരവും തുറമുഖവും കോൾ പാടങ്ങളും റോഡുകളും ഗ്യാസ് ശൃംഖലയുമെല്ലാം അവരുടെ കൈയിലാണ്. മേക് ഇൻ ഇന്ത്യ എന്നൊരു അഭിമാന നയം പ്രധാനമന്ത്രി പ്രഖ്യാപിക്കുമ്പോൾ അദാനി കൂടെ നിൽക്കുന്ന പടമാണ് വരിക. ബി ജെ പി സർക്കാർ മാത്രമല്ല, ഇടതു പക്ഷ സർക്കാറും കോൺഗ്രസ്സ് സർക്കാറുമെല്ലാം അദാനിക്കായി സ്തുതി പാടി നിൽക്കും. വിഴിഞ്ഞം പദ്ധതി അദാനിയെ എൽപ്പിച്ചത് ഉമ്മൻ ചാണ്ടി. ഏത് വിമർശവും സഹിച്ച് നിലനിർത്തുന്നത് പിണറായി വിജയൻ. എങ്ങനെ വീണാലും അദാനിക്ക് പരുക്കേൽക്കാത്ത കരാറുകളാണ് വിഴിഞ്ഞത്തുള്ളത്. ഫലത്തിൽ ഈ നേതാക്കളും പാർട്ടികളുമെല്ലാം അദാനിക്ക് വിശ്വാസ്യതയുണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ശ്രീലങ്കയിലെ പാരമ്പര്യേതര ഊർജ പദ്ധതി അദാനിക്ക് വാങ്ങിക്കൊടുത്തത് മോദി നേരിട്ട് ഇടപെട്ടാണെന്നോർക്കണം. ഒരു നിക്ഷേപകൻ നോക്കുമ്പോൾ കാണുന്നത് ഇന്ത്യൻ സർക്കാറിന്റെ ഇംപ്ലിമെന്റിംഗ് ഏജൻസിയായ അദാനി ഗ്രൂപ്പിനെയാണ്. പിന്നെ അയാൾ എന്തിന് അമാന്തിക്കണം? ഈ എടുത്തു ചാട്ടക്കാരോടാണ് “ആറ്റലേക്കച്യുതാ ചാടൊല്ലേ, ചാടൊല്ലേ’ എന്ന് ഹിൻഡെൻബർഗിലെ വിദഗ്ധർ പറയുന്നത്.
ഇനിയുമുണ്ട് പ്രശ്‌നം. എൽ ഐ സിയടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ പണം അദാനി ഗ്രൂപ്പിലുണ്ട്. അതുകൊണ്ട് അദാനി പൊളിഞ്ഞാൽ നിരവധിയായ സാധാരണ മനുഷ്യരുടെ ജീവിതത്തെ ബാധിക്കുക തന്നെ ചെയ്യും. നേരാം വണ്ണം ഓഡിറ്റ് ചെയ്യാനുള്ള ഏർപ്പാട് പോലും അദാനി ഗ്രൂപ്പിലില്ലെന്നാണല്ലോ ഹിൻഡെൻബർഗ് റിപോർട്ടിലുള്ളത്. നിയമ നടപടികൾ സ്വീകരിക്കുമെന്ന് അദാനി മുന്നറിയിപ്പ് നൽകുമ്പോൾ ഇന്ത്യയിൽ മാത്രമല്ല, അമേരിക്കയിലും കേസ് കൊടുക്കൂ എന്നാണ് ഹിൻഡെൻബർഗ് മറുപടി നൽകുന്നത്. ആ ആത്മവിശ്വാസം ഇന്ത്യയിലെ നിക്ഷേപകരെയും സർക്കാറുകളെയും പേടിപ്പെടുത്തുന്നതാണ്. പന്ത് സെബിയുടെ കോർട്ടിലാണ്. ഹർഷദ് മേത്തയുടെയും കേതൻ പരേഖിന്റെയും കട പൂട്ടിച്ച ഇന്ത്യൻ നിയമവ്യവസ്ഥയുടെ തനതായ ശക്തി സെബി പുറത്തെടുക്കണം. അദാനിക്കെതിരെ ആരോപണങ്ങളുടെ നിജസ്ഥിതിയെന്തെന്ന് സെബി പറയട്ടെ. എത്രയും വേഗം വേണം. പെഗാസസ് അന്വേഷണത്തിൽ സുപ്രീം കോടതി കാണിച്ചത് പോലുള്ള വൈകിപ്പിക്കൽ തന്ത്രം പാടില്ല. വിദേശികളല്ല പറയേണ്ടതെന്നാണല്ലോ. സ്വദേശി ഏജൻസി തന്നെ പറയട്ടേ. അതല്ലേ നാഷനലിസ്റ്റ് ഹിറോയിസം!