Kerala
സര്‍ക്കാര്‍ ഡോക്ടര്‍മാരെ കലക്ടറേറ്റില്‍ വിളിച്ചു വരുത്തി ബന്ദിയാക്കിയതായി ആരോപണം
തിരുവനന്തപുരം | തിരുവനന്തപുരം ജില്ലയിലെ സര്‍ക്കാര്‍ ഡോക്ടര്‍മാരെ കലക്ടറേറ്റില്‍ വിളിച്ചു വരുത്തി ബന്ദിയാക്കിയതായി ആരോപണം. കൊവിഡ് ജാഗ്രതാ പോര്‍ട്ടലിന്റെ അവലോകന യോഗത്തിനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ഡോക്ടര്‍മാരെ ബന്ദിയാക്കിയത്.ഒരു കൊവിഡ് പോസിറ്റീവിന് ഓഫീസര്‍മാര്‍ 10 കോണ്‍ടാക്റ്റ്‌സ് അപ്പ്‌ഡേറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ദിയാക്കുകയായിരുന്നുവെന്ന് പറയുന്നു. ജില്ലയിലെ വിവിധ ആശുപത്രികളിലെ സൂപ്രണ്ടുമാരും, ഡെപ്യൂട്ടി സൂപ്രണ്ടുമാരും, സര്‍ജന്മാരുമാണ് കലക്ടറേറ്റിലെ യോഗത്തിനെത്തി കുടുങ്ങിയത്.
തന്റെ അനുവാദമില്ലാതെ യോഗത്തിനെത്തിയ ഉദ്യോഗസ്ഥര്‍ പോകരുതെന്ന ജില്ലാ വികസന സമിതി കമ്മീഷണര്‍ ഡോ. വിനയ് ഗോയലിന്റെ വാട്ട്‌സാപ്പ് സന്ദേശം 24 ന് ലഭിച്ചുവെന്നും അശാസ്ത്രീയമായ ഡാറ്റാ എന്‍ട്രി നടത്താന്‍ വിനയ് ഗോയല്‍ ഭീഷണിപ്പെടുത്തിയെന്നും മെഡിക്കല്‍ ഓഫീസര്‍മാര്‍ ആരോപിച്ചു. വിനയ് ഗോയലിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹത്തെ കൊവിഡ് ജാഗ്രതയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് മാറ്റണമെന്നും കെ ജി എം ഒ എ ആവശ്യപ്പെട്ടു.