Connect with us

From the print

ഝാൻസിയിൽ നവജാത ശിശുക്കൾ മരിച്ച സംഭവം അപകടം നഴ്സിന്റെ അനാസ്ഥ മൂലമെന്ന് ആരോപണം

മരണസംഖ്യ കൃത്യമല്ലെന്ന് അഖിലേഷ് യാദവ് • റിപോർട്ട് സർക്കാർ നിഷേധിച്ചു

Published

|

Last Updated

ന്യൂഡൽഹി | ഝാൻസിയിലെ ആശുപത്രിയിൽ തീപടർന്നത് ഷോർട്ട് സർക്യൂട്ട് വഴിയാണെന്ന് ഔദ്യോഗിക ഭാഷ്യത്തിന് വിരുദ്ധമായ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. നഴ്‌സിന്റെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന വാദവുമായി ഹാമിർപൂരിൽ നിന്നുള്ള ഭഗ്‌വൻ ദാസ് എന്നയാളാണ് രംഗത്തെത്തിയത്.

ഓക്‌സിജൻ സിലിൻഡറിന്റെ പൈപ്പ് കണക്ട് ചെയ്യുന്നതിനിടെ നഴ്‌സ് തീപ്പെട്ടിയുരച്ചുവെന്നാണ് ഇയാൾ പറയുന്നത്. തീപ്പെട്ടിയുരച്ചതോടെ വാർഡിലാകെ തീപടർന്നു. ഇതോടെ ആളുകൾ പരിഭ്രാന്തരായി തലങ്ങും വിലങ്ങും ഓടി. ചിലർ വാർഡിൽ കയറി കുഞ്ഞുങ്ങളെ എടുത്തോടി. ഏതാനും കുഞ്ഞുങ്ങളെ രക്ഷിക്കാൻ എനിക്കും സാധിച്ചു- ദാസ് വാർത്താ ഏജൻസിയോട് പറഞ്ഞു. വാർഡിലെ അഗ്‌നിശമന സംവിധാനങ്ങൾ പ്രവർത്തനക്ഷമമായിരുന്നില്ലെന്നും ഇയാൾ ആരോപിക്കുന്നു.

അതേസമയം, നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ യോഗി സർക്കാറിനെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രംഗത്തെത്തി. ശിശുക്കളുടെ മരണക്കണക്കുകൾ സർക്കാർ മറച്ചുവെക്കുകയാണ്. അന്വേഷണ റിപോർട്ട് പുറത്തുവരുമ്പോൾ ഝാൻസിയിൽ എത്ര കുട്ടികൾ മരിച്ചുവെന്ന് അറിയാനാകും. സമാജ്‌വാദി പാർട്ടി സർക്കാർ നിർമിച്ച 500 കിടക്കകളുള്ള ആശുപത്രിയാണ് ഝാൻസിയിലുള്ളത്.
നിലവിലെ സർക്കാർ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയിരുന്നെങ്കിൽ ഈ സംഭവം ഉണ്ടാകുമായിരുന്നില്ല. എന്തുകൊണ്ടാണ് സർക്കാർ ശരിയായി പ്രവർത്തിക്കാത്തത്? സമൂഹത്തിൽ “കുഴിബോംബ്’ സ്ഥാപിക്കുന്ന ഇക്കൂട്ടർക്ക് ആശുപത്രികളെയും ആരോഗ്യത്തെയും കുറിച്ച് ആശങ്കയില്ല. എസ് പി സർക്കാറിന്റെ കാലത്ത് നിർമിച്ച എയിംസ് പ്രവർത്തനക്ഷമമായോയെന്നും അഖിലേഷ് ചോദിച്ചു.

ഓക്സിജൻ ക്ഷാമം മൂലം നിരവധി കുട്ടികൾ മരിച്ച ഗോരഖ്പൂരിലും സമാനമായ സംഭവം ഉണ്ടായെന്നും അഖിലേഷ് വ്യക്തമാക്കി. ഈ മാസം 20 ന് ഒമ്പത് നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ വലിയ രാഷ്ട്രീയ വിഷയമായി ഇത് ഉയർന്നുവന്നിട്ടുണ്ട്.
തീപ്പിടിത്തമുണ്ടായ മെഡിക്കൽ കോളജിലെ അഗ്‌നിശമന ഉപകരണങ്ങൾ കാലാവധി കഴിഞ്ഞെന്ന മാധ്യമവാർത്തകൾ ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക് നിഷേധിച്ചു. മെഡിക്കൽ കോളജിലെ എല്ലാ അഗ്‌നിശമന ഉപകരണങ്ങളും പൂർണമായും മികച്ചതാണ്. ഫെബ്രുവരിയിൽ ഈ മെഡിക്കൽ കോളജിൽ ഫയർ സേഫ്റ്റി ഓഡിറ്റും ജൂണിൽ മോക്ക് ഡ്രില്ലും നടത്തിയിരുന്നുവെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. നരേന്ദ്ര സിംഗ് സെൻഗാറും പറഞ്ഞു.

 

Latest