medical negligence
പ്രസവം നിര്‍ത്തല്‍ ശസ്ത്രക്രിയക്കുവിധേയയായ യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് ആരോപണം
വിദഗ്ധ സര്‍ജന്മാരുടെ സംഘം നടത്തുന്ന പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കും
ആലപ്പുഴ | പ്രസവം നിര്‍ത്താനുള്ള ലാപ്രോസ്‌കോപിക് ശസ്ത്രക്രിയക്കു വിധേയയായ യുവതി മരിച്ച സംഭവത്തില്‍ വിദഗ്ധ സര്‍ജന്മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കും.
മരണത്തിനു കാരണം ചികിത്സാ പിഴവാണെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യം പരിഗണിച്ചാണ് ജില്ലാ കലക്ടര്‍ ജോണ്‍ വി സാമൂവല്‍ ഉത്തരവിട്ടത്. സ്വകാര്യ മെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസിസ്റ്റായ ആശ ശരത്ത് ഇന്നലെ വൈകിട്ടാണ് മെസിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്കു ശേഷം മരിച്ചത്.
വനിതാ-ശിശു ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണു മരണ കാരണമെന്നാണ് ബന്ധുക്ക ളുടെ ആരോപണം. ലാപ്രോസ്‌കോപിക് ശസ്ത്ര ക്രിയക്കിടെ ഗുരുതരാവസ്ഥയിലായതിനെ കുറിച്ച് വിശദ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ഇതിനായി വിദഗ്ധരായ സര്‍ജന്മാര്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം.
സഹോദരന്‍ അരുണും മറ്റു ബന്ധുക്കളും ആലപ്പുഴ ജില്ലാ കലളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി പരാതി നല്‍കി. കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ച ജില്ലാ കലക്ടര്‍ ഒരു ഫോറന്‍സിക് സര്‍ജനും രണ്ട് പൊലീസ് സര്‍ജന്‍മാരും അടങ്ങുന്ന വിദഗ്ധ സംഘത്തെ പോസ്റ്റ്‌മോര്‍ട്ടത്തിന് നിയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ആശയെ വെള്ളിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശി പ്പിച്ചത്. ശസ്ത്രക്രിയക്കിടെ അമിത രക്തസ്രാവം ഉണ്ടായി. ആശ ഗുരുതരാവസ്ഥയിലായതോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. വിദേശത്ത് ജോലിചെയ്യുന്ന ആശയുടെ ഭര്‍ത്താവ് ശരത്ത് നാളെ നാട്ടിലെത്തും. ഏഴും നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.