Connect with us

afganisthan

ബുദ്ധിപരവും ശരിയായ തീരുമാനവുമാണ്; സേന പിന്മാറ്റത്തെ ന്യായീകരിച്ച് ജോ ബൈഡന്‍

അമേരിക്കയെ വേദനിപ്പിച്ചവരെ അത്ര പെട്ടെന്ന് മറക്കില്ല. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ജോ ബൈഡന്‍ വ്യക്തമാക്കി.

Published

|

Last Updated

വാഷിങ്ടണ്‍| അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനാ പിന്മാറ്റത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അമേരിക്കയുടെ ഏറ്റവും മികച്ച തീരുമാനമാണ് സേനാ പിന്മാറ്റമെന്ന് ജോ ബൈഡന്‍ പറഞ്ഞു. മാത്രമല്ല ബുദ്ധിപരവും ഏറ്റവും ശരിയായ തീരുമാനവുമാണ് ഇപ്പോള്‍ എടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 20 വര്‍ഷത്തിന് ശേഷം സൈന്യത്തെ പൂര്‍ണമായി പിന്‍വലിച്ചതിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ബൈഡന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഫ്ഗാനില്‍ നിന്നും യുഎസ് സൈന്യം പൂര്‍ണമായും പിന്‍വാങ്ങിയിരിക്കുന്നത്. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും വലിയ ഒഴിപ്പിക്കല്‍ നടത്തുന്നത്. 18 ദിവസം നീണ്ട അഫ്ഗാനിസ്ഥാന്‍ ഒഴിപ്പിക്കല്‍ ദൗത്യം ഏറെ ദുഷ്‌ക്കരമായിരുന്നു. കടുത്ത പ്രതിസന്ധികള്‍ക്കിടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയ യുഎസ് സൈന്യത്തിന് ബൈഡന്‍ നന്ദി അറിയിച്ചു. 123,000 പേരെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും തിരിച്ചെത്തിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അഫ്ഗാനില്‍ ഇനിയും അവശേഷിക്കുന്ന യുഎസ് പൗരന്മാരെ തിരിച്ച് അമേരിക്കയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിലെ രക്ഷാദൗത്യത്തിനിടെ ആക്രമിച്ച ഐഎസിന് കടുത്ത ഭാഷയില്‍ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്കയെ വേദനിപ്പിച്ചവരെ അത്ര പെട്ടെന്ന് മറക്കില്ലെന്നാണ് ബൈഡന്‍ പറഞ്ഞത്. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്താനിടയാക്കിയ യുഎസ് സേനാ പിന്മാറ്റത്തെ നിരവധി പേരാണ് വിമര്‍ശിച്ചത്.

യുഎസ് 73 വിമാനങ്ങള്‍ ഉപേക്ഷിച്ച് പോയതായാണ് റിപ്പോര്‍ട്ട്. വിമാനങ്ങള്‍ക്കും ഹെലികോപ്ടറുകള്‍ക്കും യുഎസ് സൈന്യം കേടുപാടുകള്‍ വരുത്തിയാണ് ഉപേക്ഷിച്ചത്. ഏകദേശം ഒരു മില്യണ്‍ ഡോളര്‍ വില വരുന്ന വാഹനങ്ങളും ഉപകരണങ്ങളും യുഎസ് ഉപയോഗ ശൂന്യമാക്കി ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

 

Latest