Connect with us

Editors Pick

കേരളത്തില്‍ മതം മാറിയവരിൽ 39 ശതമാനം ഹിന്ദു മതത്തിലേക്കെന്ന് കണക്കുകൾ

സംഘ്പരിവാര്‍ പ്രചാരണങ്ങള്‍ തള്ളുന്നതാണ് സര്‍ക്കാര്‍ ഗസറ്റ്

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ മത വിശ്വാസികളെ ഇസ്‌ലാമിലേക്ക് വ്യാപകമായി മതം മാറ്റുന്നുവെന്ന സംഘപരിവാര്‍ പ്രചാരണങ്ങള്‍ തള്ളിക്കൊണ്ട് സര്‍ക്കാറിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്ത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മാറിയത് മതം ഹിന്ദു മതത്തിലേക്കെന്നാണ് ഗസറ്റിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

മൂന്ന് മാസത്തിനിടെ കേരളത്തില്‍ 207 പേരാണ് മതം മാറുന്നതായി പ്രസിദ്ധപ്പെടുത്തിയത്. ഇതില്‍ 39 ശതമാനം പേര്‍ ഹിന്ദു മതമാണ് സ്വീകരിച്ചത്. 34 ശതമാനം പേര്‍ ഇസ്‌ലാം മതവും 27 ശതമാനം പേര്‍ ക്രിസ്തു മതവും സ്വീകരിച്ചു. ഹിന്ദു, ഇസ്‌ലാം, ക്രിസ്ത്യന്‍ മത വിഭാഗങ്ങളിലുള്ളവര്‍ തന്നെയാണ് മൂന്ന് മതങ്ങളിലേക്കും പരിവര്‍ത്തനം ചെയ്തത്. ഹിന്ദു മതത്തില്‍ നിന്ന് ഒരാള്‍ ബുദ്ധ മതം സ്വീകരിച്ചു.

ആകെ 81 പേരാണ് ഹിന്ദു മതം സ്വീകരിച്ചത്. ഇതില്‍ 95 ശതമാനം പേരും ക്രിസ്തുമതത്തില്‍ നിന്നാണ് ഹിന്ദു മതത്തിലെത്തിത്. 77 ക്രിസ്ത്യാനികളും നാല് മുസ്‌ലിംകളുമാണ് ഹൈന്ദവരായത്. പുതുതായി ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ക്രൈസ്തവരില്‍ ബഹുഭൂരിഭാഗം പേരും പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരാണ്. ക്രിസ്ത്യന്‍ ചേരമര്‍, ക്രിസ്ത്യന്‍ സാംബവ, ക്രിസ്ത്യന്‍ പുലയ വിഭാഗക്കാരാണ് ഇക്കൂട്ടത്തിലുള്ളത്. സംവരണ ആനുകൂല്യങ്ങളുടെ അഭാവം ദളിത് ക്രിസ്ത്യാനികളെ ഹിന്ദുമതത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

70 പേരാണ് മൂന്ന് മാസത്തിനിടെ ഇസ്‌ലാം മതം സ്വീകരിച്ചത്. ഇതില്‍ കൂടുതല്‍ പേരു ഹിന്ദു മതത്തില്‍ നിന്നാണ്. 55 പേരാണ് ഇസ്‌ലാം മതം സ്വീകരിച്ചത്. ക്രിസ്ത്യന്‍ മത വിഭാഗത്തില്‍ നിന്ന് 15 പേരും ഇസ്‌ലാം മതത്തിലേക്ക് മാറി. ഈ കാലയളവില്‍ 56 പേരാണ് ക്രിസ്തു മതത്തിലേക്ക് മതം മാറിയത്. ഇതില്‍ 52 പേര്‍ ഹിന്ദു മതത്തില്‍ നിന്നും നാല് പേര്‍ ഇസ്‌ലാം മതത്തില്‍ നിന്നുമാണ്. കോട്ടയം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ ആളുകളും വിവിധ മതങ്ങളിലേക്ക് മാറ്റം നടത്തിയതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍ പ്രകാരവും ഏറ്റവും കൂടുതല്‍ പേര്‍ പരിവര്‍ത്തനം നടത്തിയത് ഹിന്ദു മതത്തിലേക്കാണ്. 2020ല്‍ കേരളത്തില്‍ നടന്ന മതപരിവര്‍ത്തനങ്ങളില്‍ 47 ശതമാനവും ഹിന്ദുമതം സ്വീകരിച്ചവരാണ്. മതം മാറ്റം സര്‍ക്കാറില്‍ രജിസ്റ്റര്‍ ചെയ്ത 506 പേരില്‍ 241 പേരും ക്രിസ്തുമതത്തില്‍ നിന്നോ ഇസ്‌ലാമില്‍ നിന്നോ ഹിന്ദു മതത്തിലേക്ക് മാറിയവരാണ്.

മൊത്തം 144 പേര്‍ ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ 119 പേര്‍ ക്രൈസ്തവരായതായും സര്‍ക്കാര്‍ ഗസ്റ്റില്‍ നിന്ന് വ്യക്തമാകുന്നു. സര്‍ക്കാറിന്റെ ഗസറ്റിലെ വിജ്ഞാപനമാണ് സംസ്ഥാനത്തെ പേര് മാറ്റം, മതംമാറ്റം തുടങ്ങിയ നടപടികളുടെ അവസാന പടി. അതിനാല്‍ ഏറ്റവും ആധികാരികമായ രേഖയാണ് സംസ്ഥാന സര്‍ക്കാര്‍ ഗസറ്റ്.

‘ദി കേരള സ്റ്റോറി’ എന്ന സിനിമയിലൂടെ കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്നടക്കം കള്ളം പ്രചരിക്കുന്നതിനിടെയാണ് മതം മാറ്റത്തെ കുറിച്ചുള്ള ആധികാരിക രേഖയായ സര്‍ക്കാര്‍ ഗസറ്റ് സംഘ്പരിവാര്‍ പ്രചാരണങ്ങളെ പാടെ തള്ളിക്കളയുന്നത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ മതം മാറിയവര്‍
ക്രിസ്ത്യന്‍-ഹിന്ദു: 77
ഹിന്ദു- ഇസ്‌ലാം: 55
ഹിന്ദു- ക്രിസ്ത്യന്‍: 52
ക്രിസ്തു- ഇസ്‌ലാം: 15
ഇസ്‌ലാം- ഹിന്ദു: 4
ഇസ്‌ലാം- ക്രിസ്തു: 4
ഹിന്ദു- ബുദ്ധ: 1