Ongoing News
റിയാദ് ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ
കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയില്‍ മോചിതനായിട്ടില്ല
റിയാദ് | സഊദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേസ് റിയാദ് ക്രിമിനല്‍ കോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിക്കുക.
സഊദി സമയം രാവിലെ ഒമ്പതു മണിയോടെയാകും കേസ് പരിഗണിക്കുക. അബ്ദുറഹീമിന്റെ അഭിഭാഷകനും എംബസി ഉദ്യോഗസ്ഥനും അബ്ദുറഹീമും നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ കോടതിയില്‍ ഹാജറാകുമെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ അസീര്‍ ഗവര്‍ണറുടെ പ്രതിനിധിയും ഇന്ന് കോടതിയില്‍ ഹാജറാകുമെന്ന സൂചന ഉണ്ട്. കഴിഞ്ഞ ജൂലൈ രണ്ടിന് അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയില്‍ മോചിതനായിട്ടില്ല.
ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ ജയില്‍ മോചന ഉത്തരവ് ആണ് പ്രധാനമായും പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദാക്കിയത്തോടെ പ്രൈവറ്റ് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് അവസാനിച്ചു. പബ്ലിക് ഒഫന്‍സുമായി ബന്ധപ്പെട്ട കേസ് ആണ് കോടതി ഇന്ന് പരിഗണിക്കുക. 18 വര്‍ഷത്തോളം തടവ് ശിക്ഷ അനുഭവിച്ച പശ്ചാത്തലത്തില്‍ ഈ കസില് പ്രത്യേക ശിക്ഷ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ ഇന്ന് ജയില്‍ മോചന ഉത്തരവിന് സാധ്യത കൂടുതലാണ്.
മോചന ഉത്തരവ് ഉണ്ടായാല്‍ അത് അപ്പീല്‍ കോടതിയും ഗവര്‍ണറേറ്റും അംഗീകരിച്ച ശേഷമായിരിക്കും ജയില്‍ മോചനം ഉണ്ടാവുക. സൗഊദിയില്‍ ആയിരുന്ന അബ്ദുറഹീമിന്റെ ഉമ്മയും സഹോദരനും അടങ്ങുന്ന കുടുംബം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. അബ്ദ്റഹീമിനെ ജയിലില്‍ കാണാന്‍ അവസരം ഒരുക്കിയ അസീര്‍ ഗവര്‍ണര്‍ തുര്‍ക്കി ബിന്‍ തലാല് രാജകുമാരന്റെ റിയാദിലെ ഓഫീസിലെത്തി ഇന്നലെ കുടുംബം നന്ദി പറഞ്ഞു.