Connect with us

Kerala

ഹിന്ദു ഐ എ എസ് ഉദ്യോഗസ്ഥരുടെ ഗ്രൂപ്പ് ഉണ്ടാക്കിയത് ആസൂത്രിതമെന്നു സൂചന

മല്ലു ഹിന്ദു ഐ എ എസ് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് തന്റെ ഫോണ്‍ ഹാക്ക് ചെയ്താണെന്ന വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണന്റെ പരാതി പോലിസ് തള്ളി

Published

|

Last Updated

തിരുവനന്തപുരം | ഹിന്ദു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണന്റെ നടപടി കൂടുതല്‍ ദുരൂഹമാകുന്നു. വിശ്വഹിന്ദ് പരിഷത്ത് പോലുള്ള സംഘപരിവാര്‍ സംഘടനകള്‍ ഗോപാല കൃഷ്ണന്റെ നടപടിയെ സ്വാഗതം ചെയ്തതോടെ ആസൂത്രിത നീക്കമാണ് നടന്നതെന്ന സംശയം ബലപ്പെട്ടു.

മല്ലു ഹിന്ദു ഐ എ എസ് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയത് തന്റെ ഫോണ്‍ ഹാക്ക് ചെയ്താണെന്ന വ്യവസായ വകുപ്പ് സെക്രട്ടറി കെ ഗോപാലകൃഷ്ണന്റെ പരാതി പോലിസ് തള്ളി. ഫോറന്‍സിക് പരിശോധനയിലോ മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ഡി ജി പിക്ക് നല്‍കിയത്. ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്ത ശേഷമാണ് ഗോപാല കൃഷ്ണന്‍ പോലീസിനു കൈമാറിയത്. അതിനാല്‍ തെളിവ് കണ്ടെത്താനായില്ലെന്നാണ് പോലീസ് പറയുന്നത്.

ഹാക്കിങ് അല്ലെന്ന് തെളിയുന്നതോടെ ഗോപാലകൃഷണന്‍ തന്നെ ഗ്രൂപ്പുകളുണ്ടാക്കിയെന്ന രീതിയിലാണ് കാര്യങ്ങള്‍. മതത്തിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെ വേര്‍തിരിച്ച് ഗ്രൂപ്പുണ്ടാക്കിയത് സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പലേടത്തും ഇത്തരത്തില്‍ വര്‍ഗീയ സ്വഭാവമുള്ള ഗ്രൂപ്പുകളില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നുണ്ടെന്നും അത്തരം നീക്കം കേരളത്തിലും നടത്താന്‍ ശ്രമം നടന്നതായും പോലീസ് സംശയിക്കുന്നു.

പോലിസ് റിപ്പോര്‍ട്ട് ലഭിച്ച പശ്ചാത്തലത്തില്‍ ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടാനിരിക്കുകയാണ്. ഹാക്കിങ് നടന്നതിന് തെളിവില്ലാത്തിനാല്‍ കെ ഗോപാലകൃഷ്ണ ഇനി എന്താണ് സംഭവിച്ചതെന്ന് രേഖമൂലം വിശദീകരിക്കേണ്ടിവരും. അതിന് ശേഷം സര്‍ക്കാര്‍ തുടര്‍ നടപടിയിലേക്ക് നീങ്ങും.

കെ ഗോപാലകൃഷ്ണന്റെ രണ്ടു ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്ക് നല്‍കിയിരുന്നു. രണ്ട് ഫോണുകളും ഫോര്‍മാറ്റ് ചെയ്ത് നല്‍കിയതിനാല്‍ പ്രത്യകിച്ചൊന്നും അതില്‍ നിന്ന് കണ്ടെത്താന്‍ കഴിയില്ലെന്നാണ് ഫൊഫോറന്‍സിക് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഇപ്പോള്‍ സജീവമല്ലാത്തിനാല്‍ ഹാക്കിങ് നടന്നിട്ടുണ്ടോ എന്ന് പറയാനാകില്ലെന്നും മെറ്റ നേരത്തെ വിശദീകരണം നല്‍കിയിരുന്നു.

രണ്ടു റിപ്പോര്‍ട്ടുകളും ഫലത്തില്‍ ഗോപാലകൃഷ്ണന്റെ വാദം തള്ളുന്നതാണ്.ഹാക്കിംഗ് തെളിയണമെങ്കില്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യാന്‍ പാടില്ലായിരുന്നു. പരാതിക്കാരന്‍ തന്നെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതിനാല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഹാക്കിങ്ങ് നടന്നതായി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്നാണ് കമ്മീഷണര്‍ ഡി ജി പിയെ അറിയിച്ചത്.

Latest