Connect with us

National

കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലി നടന്നുവെന്ന് പറഞ്ഞിട്ടില്ല; വാക്കുകള്‍ വളച്ചൊടിച്ചതെന്ന് ഡി കെ ശിവകുമാര്‍

കണ്ണൂര്‍ തളിപ്പറമ്പ് ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ സ്ഥലത്താണ് പൂജ നടന്നത്.

Published

|

Last Updated

കണ്ണൂര്‍ |  കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാന്‍ കേരളത്തിലെ രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി നടത്തിയെന്ന ആരോപണത്തില്‍ മലക്കം മറിഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. രാജരാജേശ്വര ക്ഷേത്രത്തില്‍ മൃഗബലി നടന്നെന്ന് പറഞ്ഞിട്ടില്ലെന്നാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം പറയുന്നത്. കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലി നടന്നിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നും ശിവകുമാര്‍ കുറിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് ക്ഷേത്രത്തിന് 15 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ സ്ഥലത്താണ് പൂജ നടന്നത്. സ്ഥലം വ്യക്തമാകാന്‍ വേണ്ടിയാണ് ക്ഷേത്രത്തിന്റെ പേരു പറഞ്ഞത്. രാജരാജേശ്വര ക്ഷേത്രത്തില്‍ പലതവണ വന്നുതൊഴുത ഭക്തനാണ് താനെന്നും വിഡിയോയില്‍ ഡികെ വ്യക്തമാക്കി.

ശത്രുഭൈരവ എന്ന പേരില്‍ നടത്തിയ യാഗത്തില്‍ 52 മൃഗങ്ങളെ ബലി നല്‍കിയെന്നും ഡികെ ആരോപിച്ചിരുന്നു. പിന്നാലെ ആരോപണം തള്ളി രാജരാജേശ്വര ക്ഷേത്ര അധികൃതര്‍ രംഗത്തെത്തി.കൂടാതെ മൃഗബലി നടന്നതിന് തെളിവില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. ക്ഷേത്രങ്ങളെയും പൂജാരികളെയും കേന്ദ്രീകരിച്ചു അന്വേഷണം നടത്തിയാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.

കയ്യിലെ ചരടുകളുടെ എണ്ണം കൂടി വരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് തനിക്കെതിരെ കണ്ണൂരിലെ ഒരു ക്ഷേത്രത്തിന് സമീപം ശത്രു സംഹാര പൂജയും മൃഗബലിയും അടക്കം നടത്തിയിരുന്നതായി ഡി കെ ശിവകുമാര്‍ ആരോപിച്ചത്. തനിക്കും സിദ്ധരാമയ്യക്കും എതിരെയാണ് യാഗം നടന്നതെന്നാണ് വിവരം. കര്‍ണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നിലെന്നും ഡികെ ശിവകുമാര്‍ ആരോപിച്ചിരുന്നു