Connect with us

Kerala

ഗ്രന്ഥ രചനയിലൂടെ പുത്തന്‍വാദികളെ പിന്തുണക്കുന്നത് സുന്നി മാര്‍ഗമല്ല: സമസ്ത

ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസ ധാരയെ വികലമാക്കാന്‍ മുന്നില്‍ നിന്നവരെ മഹത്വവത്കരിച്ച് മുസ്‌ലിം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

Published

|

Last Updated

കോഴിക്കോട് | ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസ ധാരയെ വികലമാക്കാന്‍ മുന്നില്‍ നിന്നവരെ മഹത്വവത്കരിച്ച് മുസ്‌ലിം സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി.

നബി (സ)യുടെ കാലം മുതല്‍ തുടര്‍ന്നുവരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ശിര്‍ക്കും കുഫ്‌റുമാണെന്ന് വാദിച്ച് മുഖ്യധാരാ മുസ്‌ലിംകളെ അവിശ്വാസികളാക്കി ചിത്രീകരിക്കുന്നവരുടെ ഗ്രന്ഥങ്ങള്‍ക്ക് പദ്യാവിഷ്‌കാരമോ ഗദ്യാവിഷ്‌കാരമോ ചമച്ച് പിന്തുണക്കുന്നത് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഭൂഷണമല്ല. പുത്തനാശയക്കാരോട് മുന്‍കാല പണ്ഡിതന്മാര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണിത്.

സമസ്തയുടെ പേരില്‍ നടക്കുന്ന സ്ഥാപനങ്ങളില്‍ അധ്യാപനം നടത്തുന്നവരില്‍ നിന്ന് ഇത്തരം നീക്കങ്ങള്‍ ഉണ്ടാകുന്നത് വേദനാജനകമാണ്. പുത്തന്‍വാദികളുടെ ഗ്രന്ഥങ്ങള്‍ ആരുതന്നെ പരിഭാഷപ്പെടുത്തിയാലും പിന്തുണച്ചാലും സുന്നികള്‍ക്ക് അതില്‍ യാതൊരു ഉത്തരവാദിത്വമോ ബാധ്യതയോ ഇല്ലെന്നും മുശാവറ വ്യക്തമാക്കി.

മതത്തിന്റെ അടിസ്ഥാന ആരാധനകളിലൊന്നായ സകാത്ത് നല്‍കുന്നതിനും സ്വീകരിക്കുന്നതിനും വ്യക്തമായ മാനദണ്ഡമുണ്ട്. ഖുര്‍ആനിലും നബിചര്യയിലും അത് വ്യക്തമാണ്. അതിന് വിരുദ്ധമായി സംഘടനാ പ്രവര്‍ത്തനത്തിനും പ്രചാരണത്തിനും പത്രസ്ഥാപന നടത്തിപ്പിനും മറ്റും സകാത്ത് സമാഹരിക്കുന്നത് അംഗീകരിക്കാനാകില്ല. ഇത്തരം മതവിരുദ്ധ സംവിധാനങ്ങളെ പോത്സാഹിപ്പിക്കുന്നതും അതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതും ശരിയല്ല. പുത്തനാശയക്കാരുടെ കുതന്ത്രങ്ങളിലും ചതിക്കുഴിയിലും പെട്ടുപോകാതിരിക്കാന്‍ സമൂഹത്തില്‍ ആദരിക്കപ്പെടുന്നവര്‍ ജാഗ്രത കാണിക്കണമെന്നും മുശാവറ ഓര്‍മപ്പെടുത്തി.

പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി കൊയിലാണ്ടി, കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പം, പി വി മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ താഴപ്ര, പി ഹസന്‍ മുസ്ലിയാര്‍ വയനാട്, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, വി മൊയ്തീന്‍കുട്ടി ബാഖവി പൊന്മള, എം അബ്ദുര്‍റഹ്മാന്‍ ബാവ മുസ്ലിയാര്‍ കോടമ്പുഴ, ടി കെ അബ്ദുല്ല മുസ്ലിയാര്‍ താനാളൂര്‍, സി മുഹമ്മദ് ഫൈസി പന്നൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, എച്ച് ഇസ്സുദ്ദീന്‍ സഖാഫി കണ്ണനല്ലൂര്‍, വി പി മൊയ്തു ഫൈസി വില്യാപ്പള്ളി, അബൂഹനീഫല്‍ ഫൈസി തെന്നല, അബ്ദുര്‍റഹ്മാന്‍ ഫൈസി വണ്ടൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, എ ത്വാഹ മുസ്ലിയാര്‍ കായംകുളം, അബ്ദുന്നാസിര്‍ അഹ്സനി ഒളവട്ടൂര്‍, ഐ എം കെ ഫൈസി കല്ലൂര്‍, എം വി അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ പരിയാരം, പി എസ് കെ മൊയ്തു ബാഖവി മാടവന, പി അലവി സഖാഫി കൊളത്തൂര്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സംസാരിച്ചു.

 

Latest