Connect with us

National

അടുത്ത 24 മണിക്കൂറിനുള്ളില്‍ തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാന്‍ സാധിക്കും; രക്ഷാദൗത്യസംഘം

തുരങ്കം തുളയ്ക്കാന്‍ ഇനി 18 മീറ്റര്‍ കൂടി മാത്രമേയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു.

Published

|

Last Updated

ഡെറാഡൂണ്‍| തടസ്സങ്ങളൊന്നുമില്ലെങ്കില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ഉത്തരകാശിയിലെ തുരങ്കത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ സാധിക്കുമെന്ന് രക്ഷാദൗത്യസംഘം അറിയിച്ചു. 41 തൊഴിലാളികളാണ് ഉത്തരകാശിയിലെ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് കുടുങ്ങിയത്. തുരങ്കം തുളയ്ക്കാന്‍ ഇനി 18 മീറ്റര്‍ കൂടി മാത്രമേയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. കൂറ്റന്‍ ആഗര്‍യന്ത്രം ഉപയോഗിച്ചാണ് തുരങ്കം തുളയ്ക്കുന്നത്.

39 മീറ്റര്‍ ഡ്രില്ലിംഗ് പൂര്‍ത്തിയായിട്ടുണ്ട്. തൊഴിലാളികള്‍ 57 മീറ്റര്‍ അടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് കണക്കാക്കുന്നതെന്നും ഇനി 18 മീറ്റര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ഉത്തരാഖണ്ഡ് റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ മഹമൂദ് അഹമ്മദ് വ്യക്തമാക്കി.

നവംബര്‍ 12 മുതല്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന തുരങ്കത്തിലേക്ക് എത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ഇതിനകം തന്നെ ചെറിയ ദ്വാരങ്ങള്‍ തുരന്നിട്ടുണ്ട്. ഇതുവഴിയാണ് തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും എത്തിക്കുന്നത്. ഈ ദ്വാരങ്ങളിലൊന്ന് ഒരു ചെറിയ പൈപ്പ് തിരുകാനും പിന്നീട് കുടുങ്ങിയ തൊഴിലാളികളുടെ ആദ്യ ചിത്രങ്ങള്‍ പകര്‍ത്താന്‍ 60 മീറ്ററോളം താഴേക്ക് എന്‍ഡോസ്‌കോപ്പി കാമറ തള്ളാനും ഉപയോഗിച്ചു. രക്ഷാപ്രവര്‍ത്തകര്‍ പച്ചക്കറി പുലാവ് പോലുള്ള സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ആറ് ഇഞ്ച് വീതിയുള്ള ചെറിയ പൈപ്പുകളില്‍ നിന്ന് തൊഴിലാളികള്‍ക്ക് എത്തിച്ചു. രക്ഷാപ്രവര്‍ത്തനം രണ്ടാം ആഴ്ചയിലേക്ക് നീങ്ങിയെങ്കിലും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ വെള്ളവും ഓക്സിജനും ലഭ്യമാണെന്ന് ചൊവ്വാഴ്ച സര്‍ക്കാര്‍ അറിയിച്ചു.

 

 

 

Latest