Kerala
സംസ്ഥാനത്ത് ഇത്തവണ കൂടുതല്‍ മഴ ലഭിക്കുമെന്ന് പ്രവചനം; വടക്കന്‍ ജില്ലകളില്‍ കുറയും, ഇന്നും നാളെയും ചൂട് കൂടും
മെയ് മാസത്തിലേതടക്കം പ്രവചനം കൂടി കണക്കിലെടുത്തേ കാലവര്‍ഷത്തെ പൂര്‍ണമായി വിലയിരുത്താനാകൂവെന്നും കാലാവസ്ഥാ വിദഗ്ധര്‍.
തിരുവനന്തപുരം | സംസ്ഥാനത്ത് ഇത്തവണത്തെ കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രാഥമിക കാലവര്‍ഷ പ്രവചന പ്രകാരം മധ്യ തെക്കന്‍ കേരളത്തില്‍ ഇത്തവണ സാധാരണയില്‍ കൂടുതലും വടക്കന്‍ കേരളത്തില്‍ സാധാരണയോ സാധാരണയില്‍ കുറവോ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. എന്നാല്‍, മെയ് മാസത്തിലേതടക്കം പ്രവചനം കൂടി കണക്കിലെടുത്തേ കാലവര്‍ഷത്തെ പൂര്‍ണമായി വിലയിരുത്താനാകൂവെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു.
തെക്കന്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമ്പോള്‍ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് സാധാരണത്തേക്കാള്‍ കുറവ് മഴക്ക് സാധ്യത. അതേസമയം, ഇന്നും നാളെയും സംസ്ഥാനത്ത് ചൂട് കൂടുമെന്നും മുന്നറിയിപ്പുണ്ട്. പാലക്കാട്, മലപ്പുറം ജില്ലകളില്‍ താപനില 40 ഡിഗ്രി കടന്നിട്ടുണ്ട്. ഇത് വരും ദിവസങ്ങളിലും തുടരും. എന്നാല്‍, അടുത്താഴ്ച വേനല്‍മഴ തിരിച്ചെത്തുന്നതോടെ ചൂടിന് കുറവുണ്ടായേക്കാമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വിലയിരുത്തുന്നു.
വയനാട്ടില്‍ സാധാരണയെക്കാള്‍ കൂടുതല്‍ മഴക്കും പാലക്കാട്, തൃശൂര്‍ ജില്ലകളുടെ കിഴക്കന്‍ മേഖല, എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖല, കാസര്‍കോട് ജില്ല, കണ്ണൂര്‍ ജില്ലയുടെ കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ സാധാരണ തോതിലുള്ള മഴക്കാണ് സാധ്യതയുള്ളതെന്ന് സ്വകാര്യ ഏജന്‍സികളും സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതി ഉള്‍പ്പെടെയുള്ള വിശദമായ പ്രവചനം മെയ് അവസാന വാരത്തില്‍ കാലാവസ്ഥാ വകുപ്പ് പുറത്തുവിടും. രാജ്യത്തിന്റെ സാമ്പത്തിക കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് മണ്‍സൂണിന് വലിയ പങ്കുണ്ട്. ഇത് കണക്കിലെടുത്ത് 2003 മുതലാണ് മണ്‍സൂണ്‍ പ്രവചനം കാലാവസ്ഥ വകുപ്പ് തുടങ്ങുന്നത്. കേരളത്തില്‍ ഇടവപ്പാതിയെന്നറിയപ്പെടുന്ന കാലവര്‍ഷം ജൂണ്‍ മുതല്‍ ആരംഭിക്കും.
ഒക്‌ടോബര്‍ വരെയുള്ള കാലയളവിലെ മഴയാണ് കാലവര്‍ഷത്തിന്റെ കണക്കില്‍ വരുന്നത്. തെക്കു പടിഞ്ഞാറന്‍ മണ്‍സൂണ്‍ എന്ന് കാലാവസ്ഥാ വിദഗ്ധര്‍ വിശദീകരിക്കുന്ന ഈ കാലയളവിലെ മഴയെ 2018ലെ മഹാപ്രളയത്തിന് ശേഷം കേരളത്തിലും വലിയ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ സംവിധാനങ്ങളും വീക്ഷിക്കുന്നത്. 2018 മുതല്‍ 2021 വരെ ഇക്കാലത്ത് മുന്നറിയിപ്പുകള്‍ പോലെ തന്നെ മഴ അതിശക്തമാകുകയും പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടായി നിരവധി പേര്‍ മരിക്കുന്ന സാഹചര്യവും ഉണ്ടായി. കഴിഞ്ഞ തവണ മാത്രമാണ് മഴ കാര്യമായി ബാധിക്കാതെ കടന്നുപോയത്. അതേസമയം, മലയോര മേഖലയിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് വെല്ലുവിളിയുണ്ടാക്കി.
എന്നാല്‍, ഭയപ്പെടേണ്ട സാഹചര്യം ഒന്നും നിലവിലില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റങ്ങള്‍ കൂടി കണക്കിലെടുത്ത് മാത്രമേ മഴയുടെ അളവ് പ്രവചിക്കാനാകൂ എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.