Connect with us

National

ഗസ്സയിലെ കൂട്ടക്കുരുതിക്ക് ഇസ്റാഈൽ ഉപയോഗിച്ചത് അദാനിയുടെ കമ്പനി നിർമിച്ച ആയുധങ്ങളെന്ന് റിപ്പോർട്ട്

ഹൈദരാബാദ് കമ്പനിയിൽ നിന്ന് 20 ഹെർമെസ് 900 മീഡിയം ആൾട്ടിറ്റ്യൂഡ്, ലോംഗ് എൻഡ്യൂറൻസ് യുഎവികളാണ് ഇസ്റാഈൽ പ്രതിരോധ സേന വാങ്ങിയത്.

Published

|

Last Updated

ന്യൂഡൽഹി | ഗസ്സയിൽ ഇസ്റാഈൽ കൂട്ടക്കുരുതി തുടരുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്. ഗസ്സയിൽ സർവനാശം വിതയ്ക്കാൻ ഇസ്റാഈൽ ഉപയോഗിക്കുന്ന മിലിറ്ററി ഡ്രോണുകൾ അദാനി ഗ്രൂപ്പിന്റെ ഓഹരി പങ്കാളിത്തത്തിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന പ്രതിരോധ കമ്പനി നിർമിച്ചുനൽകിയതെന്ന് ദി വയർ റിപ്പോർട്ട് ചെയ്തു. അദാനിയുടെ അദാനി ഡിഫൻസ് ആൻഡ് എയിറോസ്പേസും ഇസ്റാഈലിന്റെ എൽബിറ്റ് സിസ്റ്റംസും ചേർന്നുള്ള സംയുക്ത സംരംഭമായ അദാനി – എൽബിറ്റ് അഡ്വാൻസ്ഡ് സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് ആണ് ആയുധങ്ങൾ നിർമിച്ചു നൽകിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2018ലാണ് അദാനിയുടെ പങ്കാളിത്തത്തോടെ ഈ പ്രതിരോധ സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ യുഎവി നിർമ്മാണ സമുച്ചയവും ഇസ്രായേലിന് പുറത്തുള്ള ഏക ഹെർമെസ് 900 ഉൽപ്പാദന കേന്ദ്രവുമാണ് ഇത്.

ഹൈദരാബാദ് കമ്പനിയിൽ നിന്ന് 20, ഹെർമെസ് 900 മീഡിയം ആൾട്ടിറ്റ്യൂഡ്, ലോംഗ് എൻഡ്യൂറൻസ് യുഎവികളാണ് ഇസ്റാഈൽ പ്രതിരോധ സേന വാങ്ങിയത്. കമ്പനിയിൽ അദാനി ഗ്രൂപ്പിന് 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഫെബ്രുവരി രണ്ടിന് പ്രതിരോധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന നീലം മാത്യൂസിന്റെ ഷെഫാർഡ് മീഡിയ ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരുന്നുവെങ്കിലും ഇന്ത്യയോ ഇസ്റാഈലോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അദാനി ഗ്രൂപ്പുമായ ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്ന് ഇത് ശരിയാണെന്ന് ബോധ്യപ്പെട്ടതായി ദി വയർ റിപ്പോർട്ടിൽ പറയുന്നു. ഇസ്റാഈൽ പ്രതിരോധ കമ്പനി വക്താവും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഹൈദരാബാദിലെ 50,000 ചതുരശ്ര അടിയുള്ള അദാനി പ്ലാന്റിൽ നിർമിച്ച കാർബൺ കോമ്പോസിറ്റ് എയറോസ്ട്രക്ചറുകൾ ഉപയോഗിച്ചാണ് യുഎവികൾ സംയോജിപ്പിച്ചതെന്ന് ഷെഫാർഡ് മീഡിയയുടെ റിപ്പോർട്ടിൽ പറയുന്നു. അസംബ്ലി പ്രക്രിയയ്ക്കായി സെൻസറുകൾ, എഞ്ചിനുകൾ തുടങ്ങിയ ആവശ്യമായ ഉപകരണങ്ങൾക്കൊപ്പം ഹെർമിസ് 900 കിറ്റുകൾ എൽബിറ്റ് ഇന്ത്യയ്ക്ക് നൽകിയതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

നാല് മാസമായി തുടരുന്ന ഇസ്റാഈൽ കൂട്ടക്കുരുതിയിൽ ഇതുവരെ പതിനായിരം കുട്ടികളടക്കം 28000ൽ പരം നിരപരാധികൾക്കാണ് ജീവൻ നഷ്ടമായത്. ഈ കൂട്ടക്കുരുതിയിൽ മുഖ്യപങ്ക് വഹിച്ചത് ഹെർമസ് 900 ഡ്രോണുകളാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 30 മണിക്കൂറിലധികം ദൈർഘ്യമുള്ള ഹെർമിസ് 900 ഡ്രോണുകൾ ഇസ്രയേൽ സേനയ്ക്ക് നിർണായക നിരീക്ഷണ ശേഷിയാണ് നൽകുന്നത്. നിരീക്ഷണത്തിന് പുറമെ ലേസർ ബോംബുകൾ പ്രയോഗിക്കാനും ഈ ഡ്രോണുകൾ ഉപയോഗിച്ചുവരുന്നു.

ഗസ്സയിലെ വംശഹത്യയുടെ സാഹചര്യത്തിൽ, ഇസ്റാഈലിന് എഫ് 35 ഫൈറ്റർ ജെറ്റ് പാർട്സുകൾ വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് ഡച്ച് കമ്പനിക്ക് അന്താരാഷ്ട്ര നീതിന്യായ കോടതി നിർദേശം നൽകിതിന് പിന്നാലെയാണ് ഇന്ത്യൻ കമ്പനിയുമായുള്ള ഇസ്റാഈലിന്റെ ആയുധ ഇടപാടിന്റെ വിവരങ്ങൾ പുറത്തുവരുന്നത്.

Latest