Kerala
സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ചത് ആർ എസ് എസുകാരനെന്ന് വെളിപ്പെടുത്തൽ
ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനും കൂട്ടുകാരും ചേര്‍ന്നാണ് എന്ന് പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണു വെളിപ്പെടുത്തിയത്.
തിരുവനന്തപുരം | സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള ആശ്രമം കത്തിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. ആശ്രമം കത്തിച്ചത് ആർ എസ് എസ് പ്രവർത്തകനാണെന്ന് വെളിപ്പെടുത്തി പ്രതിയുടെ സഹോദരൻ തന്നെ രംഗത്ത്. ആശ്രമത്തിന് തീയിട്ടത് പ്രദേശവാസിയായ പ്രകാശ് എന്ന ആര്‍ എസ് എസ് പ്രവര്‍ത്തകനും കൂട്ടുകാരും ചേര്‍ന്നാണ് എന്ന് പ്രകാശിന്റെ സഹോദരന്‍ പ്രശാന്താണു വെളിപ്പെടുത്തിയത്.
ഈ വര്‍ഷം ജനുവരിയില്‍ പ്രകാശ് ആത്മഹത്യ ചെയ്തിരുന്നു. ഇയാളുടെ മരണത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് ഏറെ കോളിളക്കമുണ്ടാക്കിയ ആശ്രമം കത്തിക്കല്‍ കേസിലെ വെളിപ്പെടുത്തല്‍. ഒരാഴ്ച മുന്‍പ് പ്രശാന്തിന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തിരുവനന്തപുരം അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
അനിയന്‍ പ്രകാശന്‍ മരിക്കുന്നതിന് കുറച്ചു ദിവസങ്ങള്‍ മുന്‍പാണ് ഇതേക്കുറിച്ച് തന്നോട് പറഞ്ഞതെന്ന് പ്രശാന്ത് പറഞ്ഞു. അവന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു. തിരുവനന്തപുരം ജഗതിയില്‍ നിന്ന് അനുജന്റെ കൂട്ടുകാരനെ കഴിഞ്ഞ വര്‍ഷം അവസാനം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിനു രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് അനിയന്‍ തന്നോട് ഇക്കാര്യം തുറന്നു പറഞ്ഞതെന്നും പ്രശാന്ത് പറയുന്നു.
നാലുവര്‍ഷം പിന്നിട്ടിട്ടും ആശ്രമം കത്തിച്ച കേസിലെ പ്രതികളെ പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം സിറ്റിപോലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെ ആശ്രമത്തിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാഞ്ജലികള്‍ എന്നെഴുതിയ റീത്തും ആക്രമികള്‍ വെച്ചിരുന്നു.
ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാട് സ്വാമി സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ചതോടെ അദ്ദേഹത്തിനെതിരെ വ്യാപകമായ പ്രചാരണം നടക്കുകയും ഭീഷണി ഉണ്ടാകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആശ്രമം കത്തിച്ചത്.