Connect with us

Articles

ബുള്‍ഡോസ് ചെയ്യപ്പെടുന്നത് ഭരണഘടനയാണ്

ഇന്ത്യന്‍ ഭരണഘടന വകവെച്ചു നല്‍കുന്ന സവിശേഷ പൗരാവകാശമാണ് അതിന്റെ 21ാം അനുഛേദം ഉള്ളടക്കമാകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം. പ്രസ്തുത മൗലികാവകാശത്തിന്റെ ഭാഗമാണ് കുറ്റാരോപിതര്‍ക്ക് സുതാര്യമായ വിചാരണ ലഭ്യമാകുക എന്നത്. അത് നിഷേധിക്കുന്ന ബുള്‍ഡോസര്‍ രാജ് പൗരന് സിവില്‍ ഡെത്ത് വിധിക്കുന്നത് ഗൗരവത്തോടെ അഭിമുഖീകരിക്കേണ്ട പൗരാവകാശ പ്രശ്‌നം തന്നെയാണ്.

Published

|

Last Updated

2022ലെ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വിജയം യോഗി ആദിത്യനാഥിന്റെ അനുയായികള്‍ ബുള്‍ഡോസര്‍ പരേഡ് നടത്തി ആഘോഷിച്ചത് വിവാദമായിരുന്നു. ഉത്തര്‍ പ്രദേശില്‍ യോഗിയുടെ രണ്ടാമൂഴം ജനാധിപത്യത്തെ കൂടുതല്‍ ബുള്‍ഡോസ് ചെയ്യുന്നതായിരിക്കുമെന്ന ആശങ്ക ഒട്ടും അസ്ഥാനത്തായിരുന്നില്ലെന്ന് പോയവാരം വരെ നാം കണ്ടു. ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സമാജ് വാദി പാര്‍ട്ടി നേതാവിന്റെ കെട്ടിടം തകര്‍ത്തു കൊണ്ട് യോഗി മോഡല്‍ നീതി നടപ്പാക്കപ്പെട്ടു. ബുള്‍ഡോസര്‍ രാജിലൂടെ തങ്ങള്‍ നീതി നടപ്പാക്കുകയാണെന്നവകാശപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ പ്രതികാരം തീര്‍ക്കുകയാണ് ചെയ്യുന്നത്. അതിനാലാകണം ബുള്‍ഡോസര്‍ നീതിയുടെ ഇരകള്‍ എല്ലായിപ്പോഴും മുസ്‌ലിംകളോ അധഃസ്ഥിത ജനവിഭാഗങ്ങളോ ആകുന്നത്. നീതി നടപ്പാക്കുന്നുവെന്ന ലേബലില്‍ കുറ്റാരോപിതരുടെ പാര്‍പ്പിടങ്ങളും ജീവിതോപാധികളും നശിപ്പിക്കുന്നവര്‍ മാധ്യമങ്ങളുടെ അകമ്പടിയോടെ വലിയ ആഘോഷത്തോടെ അത് ചെയ്യുന്നതും പ്രതികാരോത്സുകരാണ് അവരെന്നതിനാലാണ്.

2017ല്‍ ഉത്തര്‍ പ്രദേശില്‍ യോഗി ആതിദ്യനാഥാണ് ബുള്‍ഡോസര്‍ രാജിന് തുടക്കം കുറിച്ചതെങ്കിലും സെന്‍സേഷനലായ കേസുകളില്‍ ജനവികാരം തണുപ്പിക്കാനുള്ള പോംവഴിയായി എത്രയോ ഭരണകൂടങ്ങള്‍ ഭരണഘടനാവിരുദ്ധതയുടെ ബുള്‍ഡോസര്‍ നീതിയെ കൂടെക്കൂട്ടുന്നതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഗുണ്ടാത്തലവന്‍ വികാസ് ദുബെയുടെയും എം എല്‍ എയായിരുന്ന മുഖ്താര്‍ അന്‍സാരിയുടെയും കെട്ടിടങ്ങള്‍ 2020ല്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പൊളിച്ചുമാറ്റിയപ്പോള്‍ യോഗി ആദിത്യനാഥ് അനുയായികള്‍ക്ക് ബുള്‍ഡോസര്‍ ബാബയായി മാറി. ഇന്നിപ്പോള്‍ ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ് മുഖ്യമന്ത്രിമാര്‍ ബുള്‍ഡോസര്‍ ബാബയും മാമയുമൊക്കെയായി വിളിക്കപ്പെടുമ്പോള്‍ നമ്മുടെ ഭരണഘടന മുന്നോട്ടുവെക്കുന്ന കാതലായ ആശയങ്ങളെ നിഷേധിക്കുന്ന ചെയ്തികള്‍ സത്പ്രവൃത്തികളായി ചിത്രീകരിക്കപ്പെടുന്നു എന്ന അപകടം കാണാതിരിക്കാനാകില്ല.
ബുള്‍ഡോസര്‍ രാജ് നിയമവാഴ്ചക്കു മേലുള്ള കടുംവെട്ടാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നിയമപ്രകാരം അന്വേഷണം പോലും പൂര്‍ത്തിയാകുന്നതിന് മുമ്പ് കുറ്റാരോപിതരുടെ വീടുകള്‍ ശിക്ഷാ നടപടിയെന്നോണം പൊളിച്ചുനീക്കുന്നത് എന്ത് പ്രാകൃത നീതിയാണ്. കോടതിയില്‍ കുറ്റം തെളിയിക്കപ്പെടുമ്പോള്‍ മാത്രമാണ് കുറ്റവാളിയാകുന്നതെന്നിരിക്കെ കേസ് രജിസ്റ്റര്‍ ചെയ്യുമ്പോഴേക്ക് ബുള്‍ഡോസറുകള്‍ വീട്ടുമുറ്റത്തെത്തുന്നുണ്ടെങ്കില്‍ അത് നമ്മുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അടിവേരറുക്കാന്‍ കൂടിയുള്ള പുറപ്പാടാണെന്ന് വേണം കരുതാന്‍. പോലീസ് പറയുന്നു എന്നതല്ലാതെ കുറ്റാരോപിതര്‍ യഥാര്‍ഥ കുറ്റവാളികളാണോ എന്നതിന് മറ്റൊരു തെളിവും ഇല്ലാതിരിക്കെയാണല്ലോ പലപ്പോഴും ഈ ഇടിച്ചുനിരത്തലുകള്‍ അരങ്ങേറുന്നത്. എത്രയോ നിരപരാധികള്‍ക്കെതിരെ അന്വേഷണ ഏജന്‍സികള്‍ കള്ളക്കേസുകള്‍ ചുമത്തിയ അനുഭവങ്ങളുള്ള രാജ്യത്ത്, എല്ലാ നീതിബോധങ്ങളെയും ഉറക്കിക്കിടത്തിയാണ് ബുള്‍ഡോസര്‍ “നീതി’ നടപ്പാക്കുന്നത്. കുറ്റാരോപിതരുടെ വീടുകളും കെട്ടിടങ്ങളും തകര്‍ക്കുമ്പോള്‍ കുറ്റത്തിന് ആനുപാതികമല്ലാത്ത ശിക്ഷാ നടപടിയാണ് സ്വീകരിക്കുന്നതെന്ന പ്രശ്‌നം മറ്റൊരു തലത്തിലും നിലനില്‍ക്കുന്നുണ്ട്.

ഇന്ത്യന്‍ ഭരണഘടന വകവെച്ചു നല്‍കുന്ന സവിശേഷ പൗരാവകാശമാണ് അതിന്റെ 21ാം അനുഛേദം ഉള്ളടക്കമാകുന്ന ജീവിക്കാനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം. പ്രസ്തുത മൗലികാവകാശത്തിന്റെ ഭാഗമാണ് കുറ്റാരോപിതര്‍ക്ക് സുതാര്യമായ വിചാരണ ലഭ്യമാകുക എന്നത്. അത് നിഷേധിക്കുന്ന ബുള്‍ഡോസര്‍ രാജ് പൗരന് സിവില്‍ ഡെത്ത് വിധിക്കുന്നത് ഗൗരവത്തോടെ അഡ്രസ്സ് ചെയ്യേണ്ട പൗരാവകാശ പ്രശ്‌നം തന്നെയാണ്. സര്‍വലോകാംഗീകൃത സ്വാഭാവിക നീതി സിദ്ധാന്തങ്ങള്‍ക്കും എതിരാണ് കുറ്റാരോപിതരുടെ വസ്തുവകകള്‍ നീതി നടപ്പാക്കുകയാണെന്ന വ്യാജേന നശിപ്പിക്കുന്നത്. പക്ഷപാതിത്വമില്ലാതിരിക്കലും കുറ്റാരോപിതരെ കേള്‍ക്കലും കാര്യകാരണബന്ധത്തോടെ പുറപ്പെടുവിക്കുന്ന വിധിയുമാണല്ലോ സ്വാഭാവിക നീതിയുടെ സിദ്ധാന്തങ്ങള്‍. ബുള്‍ഡോസര്‍ രാജില്‍ പക്ഷേ അതെല്ലാം ലംഘിക്കപ്പെടുന്നു.
കുറ്റാരോപിതരുടെ വീടുകള്‍ തകര്‍ക്കുമ്പോള്‍ അവരുടെ കുടുംബങ്ങളും ദുരിതത്തിലാകുന്നുണ്ട്. ഇവിടെ ശിക്ഷിക്കുന്നത് നിരപരാധികളെയാണ്. അങ്ങേയറ്റം അപരിഷ്‌കൃതമായ നീതിയാണ് ബുള്‍ഡോസര്‍ രാജിലൂടെ നടപ്പാക്കപ്പെടുന്നത്. വംശീയ ഉന്‍മൂലന ഉപാധിയായി ബുള്‍ഡോസര്‍ രാജ് മാറുന്നുണ്ടെന്നത് അതിന്റെ പ്രയോക്താക്കളുടെ ലക്ഷ്യം തന്നെയായി വേണം മനസ്സിലാക്കാന്‍. ന്യൂനപക്ഷങ്ങളോ ദളിതരോ ആണ് ഉത്തര്‍ പ്രദേശിലെയും മധ്യപ്രദേശിലെയുമൊക്കെ ബുള്‍ഡോസര്‍ രാജിന്റെ മിക്കവാറും ഇരകള്‍. ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ പുറത്തുവിട്ട റിപോര്‍ട്ട് രാജ്യത്ത് മുസ്‌ലിംകള്‍ക്ക് നേരെ 128 പൊളിക്കലുകള്‍ ഉണ്ടായെന്നും 617 പേരെ അത് ബാധിച്ചെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. പതിനെട്ട് വയസ്സുകാരനായ അദ്‌നാന്‍ മന്‍സൂരിയെന്ന കൗമാരക്കാരനെ കഴിഞ്ഞ വര്‍ഷം മധ്യപ്രദേശിലെ ഉജ്ജയിനില്‍ പോലീസ് അറസ്റ്റ് ചെയ്തത് ഉത്സവ ഘോഷയാത്രക്ക് നേരെ തുപ്പിയെന്നാരോപിച്ചാണ്. ഒട്ടും വൈകാതെ കുറ്റാരോപിതന്റെ വീട് തകര്‍ത്ത ഭരണകൂടം ജയിലിലടക്കുകയും ചെയ്തു. അഞ്ച് മാസത്തെ ജയില്‍വാസത്തിന് ശേഷം മധ്യപ്രദേശ് ഹൈക്കോടതി അദ്‌നാന് ജാമ്യമനുവദിച്ചു. അപ്പോഴേക്കും പരാതിക്കാരും സാക്ഷികളും കേസില്‍ നിന്ന് പിന്‍മാറിയിരുന്നു എന്നത് എത്രമേല്‍ കടുത്ത നിയമ ലംഘനവും നീതി നിഷേധവുമാണ് ആ കൗമാരക്കാരന് നേരിടേണ്ടി വന്നതെന്നതിന്റെ നേര്‍ചിത്രമാണ്.

ക്രൂര കുറ്റകൃത്യങ്ങളോ വര്‍ഗീയ സംഘര്‍ഷങ്ങളോ ഉണ്ടായാല്‍ ഒരു വിഭാഗത്തിന്റെ സമ്പാദ്യങ്ങളെല്ലാം നശിപ്പിക്കാനുള്ള അവസരമായി അതിനെ ഉപയോഗപ്പെടുത്തുന്നത് നിയമവാഴ്ചയുടെ അധപ്പതനത്തെയാണ് അടയാളപ്പെടുത്തുന്നത്. ഒന്നോ രണ്ടോ ദിവസത്തിനകം കുറ്റാരോപിതരുടെ വീടുകളും കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നു അധികാരികള്‍. അതിന് മുമ്പ് പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കാത്തവര്‍ ഷോകോസ് നോട്ടീസ് അയക്കാറില്ല.

നോട്ടീസിന് ലഭിച്ച മറുപടി പരിശോധിക്കുകയോ തുടര്‍ന്ന് പൊളിക്കുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടിയുള്ള ഉത്തരവ് പുറപ്പെടുവിക്കുകയോ ചെയ്യുന്നില്ല. സാധാരണ നിലയില്‍ ഷോകോസ് നോട്ടീസിന് ഒന്നോ രണ്ടോ ആഴ്ച കാലാവധി ഉണ്ടായിരിക്കുമ്പോഴാണ് രണ്ടാം നാള്‍ എല്ലാം തകര്‍ത്ത് തരിപ്പണമാക്കുന്നത്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം.

നിയമപരമായ നടപടി ക്രമങ്ങള്‍ക്ക് ശേഷം കോടതിയാണത് തീരുമാനിക്കേണ്ടത്, എക്‌സിക്യൂട്ടീവല്ല. ഭരണകൂടം ജഡ്ജിയും ജൂറിയുമൊക്കെയായി മാറുന്നിടത്ത് ബുള്‍ഡോസ് ചെയ്യപ്പെടുന്നത് ഭരണഘടനയും ജനാധിപത്യവുമായിരിക്കും.

Latest