Connect with us

Kerala

മഴക്കാലമാണ്, മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണം; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

വ്യക്തി ശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കുന്നതു വഴി രോഗബാധ തടയാം.

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് പലയിടത്തും മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. മലിനമായതോ വേണ്ടത്ര ശുദ്ധീകരിക്കാത്തതോ ആയ ജലം, മലിനമായ ആഹാരം, രോഗബാധിതരുമായുള്ള സമ്പര്‍ക്കം എന്നിവ വഴിയാണ് ഹെപ്പറ്റൈറ്റിസ്-എ പകരുന്നത്. വ്യക്തി ശുചിത്വവും ഭക്ഷണ ശുചിത്വവും പാലിക്കുന്നതു വഴി രോഗബാധ തടയാം.

ശരീരവേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങള്‍. പിന്നീട് മൂത്രത്തിനും കണ്ണിനും മറ്റ് ശരീരഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടും.

പ്രതിരോധ മാര്‍ഗങ്ങള്‍

  • ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിനു ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
  • കൈനഖങ്ങള്‍ വെട്ടി വൃത്തിയാക്കുക.
  • കിണറിലെ വെള്ളം മലിനമാകാതെ സൂക്ഷിക്കുക.
  • കൃത്യമായ ഇടവേളകളില്‍ കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക.
  • തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക. ചൂടു വെള്ളത്തില്‍ പച്ച വെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്.
  • തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജനം ഒഴിവാക്കുക. മലമൂത്ര വിസര്‍ജനത്തിനു ശേഷം കൈകള്‍ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.
  • കുഞ്ഞുങ്ങളുടെ വിസര്‍ജ്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യുക.
  • പൊതു ടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
  • പഴവര്‍ഗങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
  • ആഹാരസാധനങ്ങള്‍ എപ്പോഴും അടച്ചു സൂക്ഷിക്കുക.
  • പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക.

രോഗബാധിതര്‍ അംഗീകൃത ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ചികിത്സകരില്‍ നിന്നും മാത്രം ചികിത്സ തേടണം. അംഗീകൃതമല്ലാത്തതും ആവശ്യമില്ലാത്തതുമായ മരുന്നുകള്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാമെന്നതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. യഥാസമയം ചികിത്സ കിട്ടിയില്ലെങ്കില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്ന് പത്തനംതിട്ട ഡി എം ഒ. ഡോ. എല്‍ അനിതാകുമാരി പറഞ്ഞു.