Health
മഴക്കാലമാണ്, പാമ്പുകളെയും പേടിക്കണം; എടുക്കാം ചില മുൻകരുതലുകൾ
ഓരോ വർഷവും നിരവധി പേരാണ് പാമ്പ് കടിയേറ്റ് മരിക്കുന്നത്. വാഹനങ്ങൾക്കിടയിലും പാദരക്ഷകളിലും ഒക്കെ കയറിയിരിക്കുന്ന പാമ്പുകളുടെ വീഡിയോ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആണ്. അശ്രദ്ധമായി എടുത്തു ധരിക്കുന്ന ഒരു ഷൂസോ ഹെൽമെറ്റോ നമ്മുടെ ജീവനെടുത്തേക്കാം എന്നതാണ് സത്യം. മഴ ശക്തിപ്പെടുന്നതോടെ പാമ്പുകളുടെ മാളങ്ങൾ ഇല്ലാതാകുമ്പോഴാണ് അവ പുറത്തേക്കിറങ്ങുന്ന അവസ്ഥയുണ്ടാകുന്നത്. മാളങ്ങളിൽ വെള്ളം കയറുന്നതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നു. തണുപ്പിൽ ചൂട് തേടിയും വീട്ടിനുള്ളിലെ ചൂടുള്ള സ്ഥലങ്ങൾ തേടി അവ വന്നേക്കാം.
സംസ്ഥാനത്ത് കാലവർഷം എത്തിക്കഴിഞ്ഞു. ഒപ്പം പകർച്ചവ്യാധികളും. വൈറൽ ഹെപ്പറ്റൈറ്റിസും പനിയും അടക്കം നിരവധി പകർച്ചവ്യാധികളുടെ ഭീഷണിയിലാണ് സംസ്ഥാനം. മഴക്കാലത്ത് പകർച്ചവ്യാധികളെ പോലെ തന്നെ ഭയക്കേണ്ട ഒരു വിഭാഗമാണ് പാമ്പുകളടക്കമുള്ള ഇഴജന്തുക്കളും. ഓരോ വർഷവും നിരവധി പേരാണ് പാമ്പ് കടിയേറ്റ് മരിക്കുന്നത്. വാഹനങ്ങൾക്കിടയിലും പാദരക്ഷകളിലും ഒക്കെ കയറിയിരിക്കുന്ന പാമ്പുകളുടെ വീഡിയോ സാമൂഹ്യ മാധ്യമത്തിൽ വൈറൽ ആണ്. അശ്രദ്ധമായി എടുത്തു ധരിക്കുന്ന ഒരു ഷൂസോ ഹെൽമെറ്റോ നമ്മുടെ ജീവനെടുത്തേക്കാം എന്നതാണ് സത്യം. മഴ ശക്തിപ്പെടുന്നതോടെ പാമ്പുകളുടെ മാളങ്ങൾ ഇല്ലാതാകുമ്പോഴാണ് അവ പുറത്തേക്കിറങ്ങുന്ന അവസ്ഥയുണ്ടാകുന്നത്. മാളങ്ങളിൽ വെള്ളം കയറുന്നതോടെ പാമ്പുകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നു. തണുപ്പിൽ ചൂട് തേടിയും വീട്ടിനുള്ളിലെ ചൂടുള്ള സ്ഥലങ്ങൾ തേടി അവ വന്നേക്കാം.
പാമ്പുകൾക്ക് അനുകൂലമായ സാഹചര്യം പറമ്പിലും വീട്ടിലും ഇല്ലാതാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട പ്രധാന കാര്യം. വീട്ടിനു പരിസരങ്ങളിൽ കാണുന്ന മാളങ്ങൾ പൊത്തുകൾ തുടങ്ങിയവ സിമന്റ് ഉപയോഗിച്ചോ മണ്ണ് ഉപയോഗിച്ചോ അടയ്ക്കുക എന്നതും പ്രധാനമാണ്. കരിയില കൂടിക്കിടക്കുന്നതും തടിക്കഷണം ഓല ഓട് കല്ല് എന്നിവ അടുക്കി വച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ പതിവ് വാസ കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ പാമ്പിനെ പെട്ടെന്ന് കണ്ടെത്താൻ കഴിയില്ലെന്നതും അപകടസാധ്യത കൂട്ടുന്നു.
വീട്ടിൽ കോഴിക്കൂടോ വളർത്തു മൃഗങ്ങളോ ഉണ്ടെങ്കിൽ അധികശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് വരുന്നത് ഒരു പുതിയ സംഭവമല്ല. എലി ശല്യം കൂടുതലുണ്ടെങ്കിലും പാമ്പിനെ പ്രതീക്ഷിക്കാം. പലപ്പോഴും വീട്, വിറകുപുര തുടങ്ങിയ ആൾ പെരുമാറ്റമുള്ള ഇടങ്ങൾ പാമ്പ് താവളമാക്കുന്ന സ്ഥിതിയുണ്ട്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് നമുക്ക് ചെയ്യാൻ കഴിയുന്നത്. മഴക്കാലത്ത് പാമ്പുകളെ സൂക്ഷിക്കാൻ ചില മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
മഴക്കാലത്ത് വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ പാമ്പ് പോലുള്ള ഇഴജന്തുക്കൾ എത്താൻ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ മഴക്കാലം തുടങ്ങുന്നതിനു മുൻപ് തന്നെ വീടും പരിസരവും വൃത്തിയാക്കുക.
പാമ്പിനെ ആകർഷിക്കുന്ന സ്ഥലങ്ങൾ ഒഴിവാക്കാം.
പാമ്പുകൾ ചുരുണ്ട് കൂടാൻ സാധ്യതയുള്ള അവയെ ആകർഷിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ഒഴിവാക്കുകയും വേണം. മാളങ്ങൾ അടയ്ക്കാനും വൃത്തിയാക്കാനും മറക്കണ്ട.
ഷൂസ് അഴിച്ചിടുമ്പോൾ സൂക്ഷിക്കുക
പാമ്പുകൾക്ക് എളുപ്പത്തിൽ എത്താൻ ആകുന്ന സ്ഥലങ്ങളിൽ ഷൂ അഴിച്ചിടാതിരിക്കുക. ഷൂ ഉപയോഗിക്കുന്നവർ നല്ലപോലെ പരിശോധിച്ചിച്ച ശേഷം ഉപയോഗിക്കുക. ഇവയ്ക്കുള്ളിൽ പാമ്പുകൾ ചുരുണ്ട് കൂടിയേക്കാം.
വാഹനങ്ങളിലും ശ്രദ്ധ വേണം
സ്കൂട്ടറിലും കാറിലും ഒക്കെ പാമ്പുകൾ പതുങ്ങിയിരിക്കാം. വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് ഒന്ന് കണ്ണോടിക്കുന്നത് നല്ലതാണ്. ഹെൽമറ്റും പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കണം.
വീട്ടിനുള്ളിൽ വസ്ത്രങ്ങൾ കൂട്ടി ഇടാതിരിക്കുക
വീട്ടിലെ കൂട്ടിയിട്ട വസ്ത്രങ്ങളിൽ പാമ്പ് ചുരുണ്ട് കൂടിക്കിടക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ വസ്ത്രങ്ങൾ കൂട്ടി ഇടാതിരിക്കാൻ ശ്രദ്ധിക്കുക
വള്ളി പിടിക്കാതെ നോക്കുക
വീടിനോട് ചേർന്ന് വള്ളിപ്പടർപ്പുകളോ കാടോ ഉണ്ടെങ്കിൽ വൃത്തിയാക്കുക. വള്ളികളിലൂടെ പാമ്പുകൾ ചുറ്റിക്കയറാനും മുറിയിലേക്ക് വരാനും സാധ്യത കൂടുതലാണ്.
വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും നിരീക്ഷിക്കുക
വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും നിരീക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഇവ പരമാവധി വൃത്തിയായും സൂക്ഷിക്കുക.
ജാലകങ്ങൾ തുറന്നിടാതെ ഇരിക്കുക
മഴക്കാലത്ത് തുറന്നിട്ട ജനലുകളിലൂടെ പാമ്പ് അകത്തു കയറാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ എപ്പോഴും ജനലുകളും വാതിലുകളും അടച്ചിടുക.
ഈ മഴക്കാലത്ത് പകർച്ചവ്യാധികൾക്ക് ഒപ്പം തന്നെ പാമ്പിനെതിരെയും ജാഗ്രത പുലർത്താൻ മറക്കണ്ട. ചെറിയൊരു അശ്രദ്ധ പോലും നമ്മുടെ ജീവന്റെ വിലയാണെന്ന് ഓർത്ത് പാമ്പിനെതിരെ ജാഗ്രത പാലിക്കുക.