Kerala
വഖ്ഫ് സ്വത്തുക്കള്‍ സംരക്ഷിക്കപ്പെടേണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്വം: എന്‍ അലി അബ്ദുല്ല
രാജ്യത്തെ മുഴുവന്‍ ജനാധിപത്യ ശക്തികളും ഈ മുസ്‌ലിം വിരുദ്ധ നിയമനിര്‍മാണത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കുന്നുവെന്നത് തന്നെ ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്.

കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ നേതൃസംഗമം വാദിസലാമില്‍ സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്യുന്നു.
മലപ്പുറം | ഏത് സാഹചര്യത്തിലും വഖ്ഫ് സ്വത്തുക്കളുടെ സംരക്ഷണം രാഷ്ട്രത്തിന്റെ ബാധ്യതയാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല. മലപ്പുറം വാദിസലാമില്‍ നടന്ന ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ച വഖ്ഫ് ഭേദഗതി നിയമം വഖ്ഫ് സ്വത്തുക്കളുടെ മേല്‍ സര്‍ക്കാര്‍ ആധിപത്യം നേടുന്നതിനും കുറുക്കു വഴികളിലൂടെ സമുദായത്തിന് മാത്രം അവകാശപ്പെട്ട സ്വത്തുക്കള്‍ മറ്റുള്ളവര്‍ക്ക് തട്ടിയെടുക്കാനുമുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണ്. ഇതിനെ സമാനമനസ്‌കരോടൊപ്പം ചേര്‍ന്ന് നിയമപരമായി തന്നെ നേരിടാന്‍ പ്രസ്ഥാനം പ്രതിജ്ഞാബദ്ധമാണെന്നും അലി അബ്ദുല്ല പറഞ്ഞു.
രാജ്യത്തെ മുഴുവന്‍ ജനാധിപത്യ ശക്തികളും ഈ മുസ്‌ലിം വിരുദ്ധ നിയമനിര്‍മാണത്തിനെതിരെ ഒന്നിച്ച് പ്രതിഷേധിക്കുന്നുവെന്നത് തന്നെ ഏറെ പ്രതീക്ഷയുളവാക്കുന്നതാണ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനുള്ള ഹീനശ്രമം നടത്തുന്ന ചില സമുദായ നേതാക്കള്‍ അത്തരം ശ്രമങ്ങളില്‍ നിന്ന് പിന്തിരിയണം. സമുദായങ്ങളെ തമ്മിലടിപ്പിക്കാനും അതിലൂടെ തങ്ങളുടെ ഒളിയജണ്ട നടപ്പിലാക്കാനുമുള്ള ഛിദ്രശക്തികളുടെ കുത്‌സിത ശ്രമങ്ങളെ തിരിച്ചറിയാനും അത്തരം സമുദായനേതാക്കള്‍ തയ്യാറാകണമെന്നും അലി അബ്ദുല്ല ആവശ്യപ്പെട്ടു.
കേരള മുസ്ലിം ജമാഅത്ത് ജില്ലാ അധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് സീതിക്കോയ തങ്ങള്‍, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, കെ പി ജമാല്‍ കരുളായി, പി കെ മുഹമ്മദ് ബശീര്‍, അബ്ദുല്‍ മജീദ് അഹ്‌സനി, സയ്യിദ് മുര്‍തള തങ്ങള്‍, അസീസ് ഹാജി പുളിക്കല്‍, ടി ടി മുഹമ്മദ് മുസ്‌ലിയാര്‍, കുഞ്ഞീതു മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി, മുഷ്താഖ് സഖാഫി, മുഹമ്മദ് അഫ്ലാല്‍ പ്രസംഗിച്ചു.