Connect with us

gulf news

തബൂഖില്‍ അതി ശൈത്യം; മഞ്ഞില്‍ കുളിച്ച് ജബല്‍ ലോസും പരിസരവും

മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന ജബല്‍ ലോസ് പര്‍വ്വത നിരകളിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണിപ്പോള്‍

Published

|

Last Updated

തബൂഖ് | വടക്കു പടിഞ്ഞാറന്‍ സൗദി അതിശൈത്യത്തിലേക്ക്. തബൂഖ് പ്രവിശ്യയിലെ ജബല്‍ ലോസും പരിസരവും ജനുവരി ഒന്നു മുതല്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. മഞ്ഞില്‍ കുളിച്ച് നില്‍ക്കുന്ന ജബല്‍ ലോസ് പര്‍വ്വത നിരകളിലേക്ക് സന്ദര്‍ശകരുടെ പ്രവാഹമാണിപ്പോള്‍.

രാത്രി സമയങ്ങളില്‍ പൂജ്യം ഡിഗ്രിയാണ് ലോസ് പര്‍വ്വതനിരകള്‍ക്കു മുകളില്‍ താപനില. പകല്‍ സമയത്ത് ഏഴ് ഡിഗ്രി മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില അനുഭവപ്പെടുന്ന മേഖലയില്‍ വടക്ക് ജോര്‍ദ്ദാന്‍ അതിര്‍ത്തിയില്‍ നിന്ന് ശീതക്കാറ്റും അടിച്ചു വീശുന്നുണ്ട്.

അഖബാ ഉള്‍ക്കടലിന് സമീപം സ്ഥിതി ചെയ്യുന്ന ജബല്‍ ലോസ് പര്‍വ്വത ശിഖിരം സമുദ്രനിരപ്പില്‍ നിന്ന് 8460 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു.

വടക്കു പടിഞ്ഞാറന്‍ സഊദിയില്‍ തബൂഖില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ലോസ് പര്‍വ്വതനിരകള്‍ സന്ദര്‍ശിക്കാന്‍ മഞ്ഞു പെയ്യുന്ന ഈ സീസണില്‍ മാത്രമല്ല എല്ലായ്‌പ്പോഴും സന്ദര്‍ശകര്‍ പ്രവഹിക്കാറുണ്ട്. വിശുദ്ധ ഖുര്‍ആനിലും പഴയ നിയമത്തിലും പരാമര്‍ശിച്ച ഒട്ടേറെ ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ ഇടം എന്ന നിലയില്‍ നിരവധി ചരിത്ര ഗവേഷകരും ഇവിടം സന്ദര്‍ശിക്കാറുണ്ട്. വടക്കു പടിഞ്ഞാറന്‍ സഊദിയുടെ ചില ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി അമേരിക്കയില്‍ നിന്ന് വരെ ഗവേഷക സംഘങ്ങള്‍ ഇടക്ക് വരാറുണ്ട്.

പ്രവാചകന്‍ മൂസാ പത്തു വര്‍ഷക്കാലം ചെലവഴിച്ച പഴയ മദ്യന്‍ പ്രദേശത്തിന്റെ ഭാഗം തന്നെയാണ് ലോസ് പര്‍വ്വതം. ബദാം മരങ്ങള്‍ ധാരാളമായുള്ള മലനിരകള്‍ ആയതിനാലാണ് ആ പേരു വന്നത്. ജബല്‍ മഖ്‌ലാ, മൗണ്ട് സിനായ് എന്നിവയും അടങ്ങിയതാണ് ജബല്‍ ലോസ്. മൂസാ, ഹാറൂന്‍ പ്രവാചകന്‍മാര്‍ ഇസ്രയേല്‍ മക്കളുമായി ചെങ്കടല്‍ പിളര്‍ത്തി വന്ന ശേഷം താമസിച്ച ഇടങ്ങളിലൊന്ന് ജബല്‍ ലോസ് പരിസരമാണെന്ന് വിശ്വസിക്കപ്പെടുന്നു.

മഞ്ഞു വീഴ്ചയും മഴയുമുള്ള ഈ സമയത്ത് അങ്ങോട്ടേക്കുളള യാത്ര അപകടം പിടിച്ചതാകയാല്‍ യാത്രികര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പുകളാണ് അധികൃതര്‍ നല്‍കുന്നത്. എന്‍ സി എം പ്രവചന പ്രകാരം തിങ്കളാഴ്ച രാത്രി വരെ കനത്ത മഞ്ഞുവീഴ്ച തുടരുമെന്ന് കരുതുന്നു. മക്ക, മദീന, റിയാദ്, അസീര്‍ പ്രവിശ്യകളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും യാത്രക്കാര്‍ കരുതിയിരിക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.