Ongoing News
'മോശമായിരുന്നു തുടക്കം, എന്നാല്‍ പോരാട്ടവീര്യം തിരിച്ചുവരവ് സാധ്യമാക്കി': നീരജ്
89.49 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് ഡയമണ്ട് ലീഗില്‍ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. താരത്തിന്റെ സീസണിലെ തന്നെ മികച്ച ദൂരമായിരുന്നു ഇത്.
ന്യൂഡല്‍ഹി | ‘തുടക്കത്തിലെ ഫീലിങ് അത്ര നല്ലതായിരുന്നില്ല. എന്നാല്‍, പ്രകടനത്തില്‍ ഞാന്‍ തൃപ്തനാണ്. പ്രത്യേകിച്ച്, അവസാന ത്രോയില്‍ കരിയറിലെ രണ്ടാമത്തെ മികച്ച ദൂരം കണ്ടെത്താന്‍ കഴിഞ്ഞതില്‍. തുടക്കം കടുപ്പമേറിയതായിരുന്നു. എന്നാല്‍, നന്നായി തിരിച്ചുവരാന്‍ കഴിഞ്ഞു. പ്രകടിപ്പിക്കാന്‍ സാധിച്ച പോരാട്ട വീര്യം നന്നായി ആസ്വദിച്ചു.’- ലൗസേന്‍ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടിയ ശേഷം ഇന്ത്യയുടെ അഭിമാന താരം നീരജ് ചോപ്ര നടത്തിയ പ്രതികരണമാണിത്.
പരുക്ക് കാരണം ശാരീരിക ക്ഷമതയില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് ഡയമണ്ട് ലീഗില്‍ നീരജ് മികച്ച പ്രകടനം കാഴ്ചവച്ചത്. 89.49 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ചാണ് നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. താരത്തിന്റെ സീസണിലെ തന്നെ മികച്ച ദൂരമായിരുന്നു ഇത്.
അഞ്ചാം റൗണ്ട് കഴിഞ്ഞപ്പോഴും നാലാം സ്ഥാനത്തായിരുന്നു 26കാരനായ നീരജ്. എന്നാല്‍, അവസാന ശ്രമത്തില്‍ കണ്ടെത്താനായ 89.49 മീറ്റര്‍ രജത നേട്ടത്തിലെത്തിച്ചു. ഇക്കഴിഞ്ഞ പാരിസ് ഒളിംപിക്‌സില്‍ 89.45 മീറ്റര്‍ എറിഞ്ഞ് നീരജ് വെള്ളി നേടിയിരുന്നു.
‘ആദ്യ ശ്രമങ്ങളില്‍ 80-83 മീറ്റര്‍ ശരാശരിയില്‍ മാത്രമാണ് എനിക്ക് എറിയാന്‍ കഴിഞ്ഞത്. എന്നാല്‍, അവസാന രണ്ട് ശ്രമങ്ങളില്‍ ശക്തമായ തിരിച്ചുവരവ് സാധ്യമായി. മാനസികാവസ്ഥ ദൃഢമായിരിക്കുകയും പോരാട്ട വീര്യം കാത്തുസൂക്ഷിക്കുകയും ചെയ്യേണ്ടത് ഏറെ പ്രധാനമാണ്.’- നീരജ് പറഞ്ഞു.
രണ്ടാം ശ്രമത്തില്‍ 90.61 ദൂരത്തേക്ക് ജാവലിന്‍ എറിഞ്ഞ ഗ്രനേഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ് ആണ് മത്സരത്തില്‍ സ്വര്‍ണം കരസ്ഥമാക്കിയത്. രണ്ട് തവണ ലോക ചാമ്പ്യനും പാരിസ് ഒളിംപിക്‌സിലെ വെങ്കല ജേതാവുമാണ് ആന്‍ഡേഴ്‌സണ്‍.