Connect with us

Kerala

ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്‌സിജന്‍ ആംബുലന്‍സ് ഒരുക്കാന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം

കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കും. കൂടാതെ ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിക്കും.

Published

|

Last Updated

വയനാട് | വയനാട് മുണ്ടക്കൈയിലും ചൂരല്‍ മലയിലും ഉണ്ടായ മണ്ണിടിച്ചിലില്‍ രക്ഷപെട്ടു വരുന്നവര്‍ക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാന്‍ ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്‌സിജന്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ പോയിന്റ് സൗകര്യമൊരുക്കാന്‍
മന്തിതല യോഗത്തില്‍ തീരുമാനം. ബുധനാഴ്ച രാവിലെ വയനാട് കലക്ടറേറ്റിലാണ് മന്ത്രിതല യോഗം ചേര്‍ന്നത്.

ഇവിടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കും. കൂടാതെ ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉള്‍പ്പെടെ നാല് സഹകരണ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വരാന്‍ തയ്യാറാണെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍ അറിയിച്ചു.

കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്റില്‍ വെള്ളം വിതരണം ചെയ്യാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും.

ചൂരല്‍മലയില്‍ ജെസിബി നില്‍ക്കുന്ന സ്ഥലം മുതല്‍ കണ്‍ട്രോള്‍ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തനത്തിനായി കോഴിക്കോട് നിന്നും മറ്റും അസ്‌ക വിളക്കുകള്‍ ഉടനടി എത്തിച്ചത് വളരെയധികം ഉപകാരപ്രദമായതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രന്‍, വി അബ്ദുറഹ്മാന്‍, കെ കൃഷ്ണന്‍കുട്ടി, ജി ആര്‍ അനില്‍, ഒ ആര്‍ കേളു, രക്ഷപ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥന്‍ സീരാം സാംബശിവറാവു, എഡിഎം കെ ദേവകി എന്നിവര്‍ പങ്കെടുത്തു.

 

 

---- facebook comment plugin here -----

Latest