ACTRESS ATTACK CASE
നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ചതായി കണ്ടെത്തി
എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്
കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡ് മൂന്ന് തവണ അനധികൃതമായി പരിശോധിച്ച തായി കണ്ടെത്തി. അങ്കമാലി മജിസ്‌ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവരാണ് മെമ്മറി കാര്‍ഡ് പരിശോധിച്ചത്. മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ കണ്ടെത്തിയത്. എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിയാണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്.
2018 ഡിസംബര്‍ 13 ന് ജില്ലാ ജഡ്ജിയുടെ പി എ മഹേഷ് മെമ്മറി കാര്‍ഡ് സ്വന്തം ഫോണില്‍ പരിശോധിച്ചുവെന്നും കണ്ടെത്തി. മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നടിക്ക് നല്‍കാന്‍ ഫെബ്രുവരിയില്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. നടിയുടെ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. പകര്‍പ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.നടിക്ക് പകര്‍പ്പ് കൈമാറുന്നതിനെയും ദിലീപ് എതിര്‍ത്തിരുന്നു.
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസാണ് അന്വേഷിച്ചത്. ഹൈക്കോടതി നിര്‍ദേശ പ്രകാരം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള അപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി തള്ളിയതിന് പിറകെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചത് ആരെന്ന് അറിയാനുള്ള തന്റെ അവകാശം ലംഘിക്കപ്പെട്ടുവെന്നായിരുന്നു നടിയുടെ വാദം.
എന്നാല്‍ നടിയുടെ വാദം അംഗീകരിക്കരുതെന്നും റിപ്പോര്‍ട്ട് രഹസ്യരേഖയാക്കി വെക്കണമെന്നും പ്രതിയായ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ ജസ്റ്റിസ് കെ ബാബു പകര്‍പ്പിനായി ദിലീപ് അപേക്ഷ നല്‍കിയിട്ടുണ്ടോ എന്നും ചോദിച്ചു. മെമ്മറി കാര്‍ഡ് പരിശോധി ച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയാല്‍ ക്രിമിനല്‍ നടപടി ചട്ടപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാമെന്നാണ് ഹൈക്കോടതി നിര്‍ദേശം.