Connect with us

Kerala

വിടവാങ്ങിയത് നിലമ്പൂരിന്റ സ്വന്തം കുഞ്ഞാക്ക

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി നിലമ്പൂരിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത് ആര്യാടന്റെ നിലമ്പൂരിലെ വസതിയായിരുന്നു.

Published

|

Last Updated

മലപ്പുറം | നിലമ്പൂരുകാർക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത നേതാവായിരുന്നു അവർ സ്നേഹപൂർവം കുഞ്ഞാക്കയെന്ന് വിളിച്ചിരുന്ന ആര്യാടൻ മുഹമ്മദ്. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി നിലമ്പൂരിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനഞ്ഞിരുന്നത് ആര്യാടന്റെ നിലമ്പൂരിലെ വസതിയായിരുന്നു. എതിരാളികൾ പോലും കുഞ്ഞാക്കയെന്നാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്. നിലമ്പൂരിന്റെ ചരിത്രത്തിൽ ആര്യാടന്‍ മുഹമ്മദിന്റെ പങ്ക് നിര്‍ണായകമാണ്.

ആദ്യമായി മന്ത്രിസഭയില്‍ എത്തിയ 1980 ല്‍ വനം വകുപ്പുമായി പാട്ട കരാര്‍ ഉണ്ടാക്കിയ അദ്ദേഹം പ്ലാറ്റേഷന്‍ കോര്‍പറേഷന്റെ മൂന്ന് എസ്റ്റേറ്റുകളുമുണ്ടാക്കി. പാലക്കയം, പുഞ്ചക്കൊല്ലി വാണിയം പുഴ എസ്റ്റേറ്റുകളാണ് ആര്യാടന്റെ നേതൃത്വത്തിൽ ഉദയം കൊണ്ടത്. മലയോര മേഖലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ മൈലാടിയിലും പുന്നപ്പുഴക്ക് കുറുകെ കാറ്റാടി പാലവും അടക്കം നിരവധി വികസന പദ്ധതികള്‍ അദ്ദേഹം നടപ്പാക്കി. നിലമ്പൂര്‍ – നായാടംപൊയില്‍ മലയോരപാതയും, ഈ ഭാഗത്തേക്ക് വൈദ്യുതിയും എത്തിച്ചതും ആര്യാടന്‍ മുഹമ്മദാണ്.

തന്റെ അഭിപ്രായങ്ങള്‍ മുന്നണി പോലും നോക്കാതെ ആര്‍ജവതോടെ തുറന്നു പറഞ്ഞ ജനകീയ നേതാവിനെയാണ് നിലമ്പൂരുകാർക്ക് നഷ്ടമായത്. നിലമ്പൂരില്‍ നിന്നും എല്‍.ഡി.എഫിന്റെയും, യു.ഡി.എഫിന്റെയും സ്ഥാനാര്‍ത്ഥിയായി വിജയിച്ചുവെന്ന അപൂര്‍വ്വ നേട്ടവും ആര്യാടന്‍ മുഹമ്മദിന് സ്വന്തം.

ഇ.കെ.നായനാര്‍, ഏ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി മന്ത്രിസഭകളില്‍ മന്ത്രിയായി, 4 തവണ മന്ത്രിയായ ആര്യാടന്‍ മുഹമ്മദ് വൈദ്യുതി, വനം, തൊഴില്‍, ഗതാഗതം തുടങ്ങിയ സുപ്രധാന വകുപ്പുകളില്‍ തന്റെ കഴിവ് തെളിയിച്ചു.

1965 ല്‍ നിലമ്പൂര്‍ മണ്ഡലം നിലവില്‍ വന്നപ്പോള്‍ സി.പി.എമ്മിലെ കുഞ്ഞാലിക്ക് എതിരെ മത്സരിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1965ലും, 1967 ലും കുഞ്ഞാലിയോട് പരാജയപ്പെട്ടു. കുഞ്ഞാലി വധക്കേസുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ടതിനാല്‍ 1970 ല്‍ മത്സരിച്ചില്ല. 1977-ല്‍ സി.പി.എമ്മിലെ കെ.സൈതാലി കുട്ടിയെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി.

1979ല്‍ – ഏ കെ.-ആന്റണിക്കൊപ്പം എല്‍.ഡി.എഫിലേക്ക്. തുടർന്ന് നിയമസഭയിലേക്ക് മത്സരിക്കാതെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പൊന്നാനി ലോകസഭ മണ്ഡലത്തില്‍ മത്സരിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ലീഗിലെ ജി.എം.ബാനത്തുവാലയോട് 54,000 വോട്ടുകൾക്ക് തോറ്റു. എന്നാല്‍ ആ തോല്‍വിയില്‍ ആര്യാടന് ലഭിച്ചത് മന്ത്രി സ്ഥാനമാണ്. 1980 ല്‍ നായനാര്‍ മന്ത്രിസഭയില്‍ എം.എല്‍ എ അല്ലാതിരുന്നിട്ടും വനംതൊഴില്‍ വകുപ്പ് മന്ത്രിയായി. അന്നത്തെ നിലമ്പൂര്‍ എം.എല്‍ എ സി.ഹരിദാസ് രാജി വെച്ച് ആര്യാടന്‍ മുഗന്മദിന് മത്സരിക്കാന്‍ അവസരം ഒരുക്കുകയായിരുന്നു.

യു ഡി എഫ് മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കി ആര്യാടനെ തളക്കാന്‍ നോക്കിയെങ്കിലും ചര്‍ക്ക ചിഹ്നത്തില്‍ മത്സരിച്ച ആര്യാടന്‍ മുഹമദ് 17,841 വോട്ടുകൾക്ക് വിജയിച്ചു. 1982ല്‍ യു.ഡി.എഫില്‍ തിരിച്ചെത്തി, യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അന്നത്തെ ഡി.സി.സി.പ്രസിഡന്റ’ ടി.കെ.ഹംസ ഇടതു സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ ആര്യാടന്‍ മുഹമദിന് കാലിടറി. എന്നാല്‍ 1987, 1991, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം ദേവദാസ് പൊറ്റെക്കാട്, അബ്ദുറഹ്‌മാന്‍ മമ്പാട്, പ്രൊ.. എം.തോമസ് മാത്യു, പി.അന്‍വര്‍, പി.’ശ്രീരാമകൃഷ്ണന്‍, പ്രൊഫ, എം, തോമസ് മാത്യു എന്നിവരെ പരാജയപ്പെടുത്തി നിയമസഭയിലെത്തി.

എട്ട് തവണയായി 32 വര്‍ഷം നിയമസഭയില്‍, 2016-ല്‍ മത്സര രംഗത്ത് നിന്നും പിന്‍മാറി, മകന്‍ ആര്യാടന്‍ ഷൗക്കത്താണ് 2016ല്‍ മത്സരിച്ചത്.

---- facebook comment plugin here -----

Latest