Connect with us

editorial

ജയിൽ രജിസ്റ്ററിൽ ജാതിക്കോളം ഒഴിവാക്കിയതുകൊണ്ടായില്ല

ജാതിചിന്തയും വിവേചനവും തുടച്ചുനീക്കുക അത്ര എളുപ്പമല്ല. ജാതിമേധാവിത്വ ശക്തികളുടെ കരങ്ങളിലാണ് രാജ്യത്തിന്റെ ഭരണചെങ്കോൽ. കോടതികളുടെ ഇടപെടലുകളുണ്ടാകുമ്പോൾ ചില ഉത്തരവുകൾ ഇറങ്ങാറുണ്ടെങ്കിലും അത് നിർത്തലാക്കണമെന്ന ആത്മാർഥമായ ആഗ്രഹം നിലവിൽ ഭരണമേധാവികൾക്കില്ല.

Published

|

Last Updated

ജയിലുകളിലെ സവർണ- അവർണ വിവേചനത്തിനെതിരെ കടുത്ത നിലപാടുമായി സുപ്രീം കോടതി. എല്ലാ സംസ്ഥാനങ്ങളും ജയിൽചട്ടം മൂന്ന് മാസത്തിനകം പരിഷ്‌കരിക്കണമെന്നും തടവുകാർക്ക് മാന്യമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും നിർദേശം നൽകിയിരിക്കുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച്. ജയിൽ രജിസ്റ്ററിലെ ജാതിക്കോളം നിർബന്ധമായും ഒഴിവാക്കണം. പല സംസ്ഥാനങ്ങളിലെയും ജയിൽ മാന്വലിൽ അടിച്ചുവാരൽ, ശുചീകരണം തുടങ്ങിയ ജോലികൾ പിന്നാക്ക ജാതിക്കാർക്കും പാചകം തുടങ്ങിയ ജോലികൾ സവർണ വിഭാഗങ്ങൾക്കുമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. തൊട്ടുകൂടായ്മയുടെ ഒരു വശമാണ് ജാതിയടിസ്ഥാനത്തിലുളള തൊഴിൽ വിഭജനമെന്നും ഇത് ആർട്ടിക്കിൾ 15ന്റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. “തടവുകാർക്കുമുണ്ട് അന്തസ്സ്. അത് മാനിക്കണം. അവരോട് മനുഷ്യത്വപരമായും ദയയോടെയും പെരുമാറണം. അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം പരിഗണിക്കണം. തടവുകാരോടുള്ള പരുഷവും അമാന്യവുമായ പെരുമാറ്റം കോളോണിയൽ വ്യവസ്ഥയുടെ ശേഷിപ്പാണെ’ന്നും വിധിന്യായത്തിൽ ചീഫ് ജസ്റ്റിസ് തുടർന്നു.

ജയിൽ ചട്ടങ്ങളും മാന്വലുകളും പരിഷ്‌കരിക്കാൻ ജുഡീഷ്യറി മുമ്പേ ശ്രമം തുടങ്ങിയതാണ്. ജസ്റ്റിസ് കൃഷ്ണയ്യർ സുപ്രീം കോടതി ജഡ്ജിയായിരിക്കെ 1978ൽ ജയിൽ പരിഷ്‌കരണ നടപടികൾക്ക് തുടക്കംകുറിച്ചിരുന്നു. പക്ഷേ, കേന്ദ്ര സർക്കാറിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിച്ചില്ല. പേരിന് ചില ഉത്തരവുകളിൽ ഒതുങ്ങി കേന്ദ്ര നടപടികൾ. കൃഷ്ണയ്യർക്ക് ശേഷം അദ്ദേഹത്തിന്റെ ചില പിൻഗാമികളും ഈ രംഗത്ത് ചുവടുവെപ്പുകൾ നടത്തിയെങ്കിലും ജാതിവ്യവസ്ഥക്ക് അറുതിവരുത്താൻ അവർക്കുമായില്ല.

മാധ്യമപ്രവർത്തക സുകന്യശാന്തയുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ഇപ്പോൾ ജാതിതിരിച്ചുള്ള ജോലി വീതംവെപ്പ് അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതിയിൽ നിന്നുണ്ടായത്. വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളിൽ നടക്കുന്ന ജാതി വിവേചനങ്ങളെക്കുറിച്ച് പഠനം നടത്തി ഓൺലൈൻ മാധ്യമമായ ദി വയറിൽ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു ഹരജിക്കാരി സുകന്യ ശാന്ത. മനുവിന്റെ ജാതിനിയമമാണ് ഇന്ത്യൻ ജയിൽവ്യവസ്ഥയെ നിയന്ത്രിക്കുന്നതെന്നാണ് ഈ പഠനറിപോർട്ടിൽ അവർ സ്ഥാപിക്കുന്നത്. ഇതിനെ അടിസ്ഥാനമാക്കിയും വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ജയിലുകളിലെ വിവേചനപരമായ നടപടികളും ചൂണ്ടിക്കാട്ടിയാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്. അവരുടെ ഈ നീക്കത്തെ കോടതി അഭിനന്ദിച്ചു. “സുകന്യശാന്ത, നന്നായി എഴുതിയതിന് നന്ദി. പൗരന്മാരുടെ ശക്തിയെ ഉയർത്തിക്കാട്ടുന്നതാണ് ഈ നടപടി. നിങ്ങൾ മികച്ചരീതിയിൽ ഗവേഷണം നടത്തി ലേഖനമെഴുതുകയും കോടതിയിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്തിരിക്കുന്നു’ ഹരജിക്കാരിയെ അഭിനന്ദിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ജയിലുകളിലെ തടവുകാർക്ക് ജാതിതിരിച്ച് ജോലി നൽകുന്ന രീതി നിർത്തലാക്കി കേന്ദ്ര ആഭ്യന്തര വകുപ്പ് കഴിഞ്ഞ മാർച്ചിൽ ഉത്തരവിറക്കിയിരുന്നു. സുകന്യശാന്ത പരമോന്നത കോടതിയിൽ ഹരജി സമർപ്പിച്ച സാഹചര്യത്തിലാണ് കേന്ദ്രം വിഷയത്തിൽ ഇടപെട്ടത്. ചില സംസ്ഥാനങ്ങളിൽ ജയിൽ മാന്വലിൽ ജാതിതിരിച്ച് ജോലി നിശ്ചയിച്ചത് ഉടനെ തിരുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. എങ്കിലും ഒരു സംസ്ഥാനവും ഇതുവരെ ജയിൽചട്ടങ്ങൾ പരിഷ്‌കരിക്കാനുള്ള നീക്കങ്ങൾ നടത്തിയിട്ടില്ല. ഉത്തർ പ്രദേശ്, മഹാരാഷ്ട്ര, ഡൽഹി, രാജസ്ഥാൻ, മധ്യപ്രദേശ്, ഒഡിഷ, പഞ്ചാബ്, ബിഹാർ, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ജയിലുകളിൽ ജാതിവ്യവസ്ഥ നിലനിൽക്കുന്നത്.

എന്നാൽ കോടതി ഇടപെടൽ കൊണ്ടോ ജയിൽ മാന്വലുകളിൽ മാറ്റംവരുത്തിയതു കൊണ്ടോ ഇല്ലാതാക്കാനാകുമോ ജയിലുകളിൽ ഉൾപ്പെടെ രാജ്യത്തെ ജാതിസമ്പ്രദായം? ഒരു ഭാഗത്ത് ജാതീയതക്കെതിരെ ശക്തമായ പോരാട്ടം നടക്കുമ്പോൾ മറ്റൊരു ഭാഗത്ത് ജാതിവ്യവസ്ഥയെ അരക്കിട്ടുറപ്പിക്കാനും അതിനെ ന്യായീകരിക്കാനും മഹത്വവത്കരിക്കാനുമുളള കൊണ്ടുപിടിച്ച ശ്രമവും നടന്നു വരികയാണ്. അടുത്തിടെ ആർ എസ് എസ് മാസികയിൽ എഡിറ്റർ ഹിതേഷ് ശങ്കർ എഴുതിയ മുഖപ്രസംഗം, ജാതി സമ്പ്രദായത്തെ ന്യായീകരിക്കുക മാത്രമല്ല, ജാതിബോധം ഉപേക്ഷിക്കുന്നത് രാജ്യത്തെ ഒറ്റുകൊടുക്കലിന് തുല്യമാണെന്നാണ് പറഞ്ഞുവെക്കുന്നത്. “ജാതിയെ ചുറ്റിപ്പറ്റിയാണ് ഹിന്ദുജീവിതം രൂപപ്പെട്ടത്. തൊഴിലിന്റെയും ജീവിതരീതികളുടെയും അടിസ്ഥാനത്തിൽ പല വിഭാഗങ്ങളായാണ് രാജ്യത്ത് ജനങ്ങൾ ജീവിച്ചുവരുന്നത്. ഇവരെ ഒരുമിപ്പിച്ചത് ജാതിവ്യവസ്ഥയാണെ’ന്നും എഡിറ്റോറിയൽ അവകാശപ്പെടുന്നു.

ജയിലിലായാലും സമൂഹത്തിന്റെ മറ്റു മേഖലയിലായാലും ജാതിചിന്തയും വിവേചനവും തുടച്ചുനീക്കുക അത്ര എളുപ്പമല്ല. ജാതിമേധാവിത്വ ശക്തികളുടെ കരങ്ങളിലാണ് രാജ്യത്തിന്റെ ഭരണചെങ്കോൽ. കോടതികളുടെ ഇടപെടലുകളുണ്ടാകുമ്പോൾ ജാതീയതക്കെതിരെ ചില ഉത്തരവുകൾ ഇറങ്ങാറുണ്ടെങ്കിലും അത് നിർത്തലാക്കണമെന്ന ആത്മാർഥമായ ആഗ്രഹം നിലവിൽ ഭരണമേധാവികൾക്കില്ല. ജാതീയത പോലുള്ള ഹിന്ദു വിശ്വാസാചാരങ്ങൾ നിലനിൽക്കേണ്ടത് രാഷ്ട്രീയത്തിലെ സവർണ മേധാവിത്വം നിലനിൽക്കാൻ ആവശ്യമാണ്. രാമൻ, പശു തുടങ്ങി ഹിന്ദുത്വ മിത്തോളജിയിലെ ചിഹ്നങ്ങളെ അവർ ഉയർത്തിക്കൊണ്ടുവരുന്നത് ഹിന്ദുക്കളുടെ വിശ്വാസപരമായ ഏകീകരണത്തിന് വേണ്ടിയല്ല, സവർണരെ ശക്തിപ്പെടുത്താനും കീഴാളരുടെ മീതെ സാംസ്‌കാരികവും രാഷ്ട്രീയവുമായ ആധിപത്യമുറപ്പിക്കാനുമാണ്. സവർണർക്കും പശുക്കൾക്കും പരിരക്ഷ നൽകുന്ന ഭരണമാണ് മികച്ച ഭരണമെന്നാണല്ലോ പുരാണേതിഹാസങ്ങൾ ഉദ്‌ഘോഷിക്കുന്നത്. കേവലം സാമൂഹിക വിവേചനത്തിന്റെ പ്രശ്‌നമല്ല ജാതി, രാഷ്ട്രീയ അധികാരത്തിന്റെ പ്രശ്‌നമാണെന്ന് ഡോ. അംബേദ്കർക്ക് പറയേണ്ടി വന്നതും ഇതുകൊണ്ടാണ്.

Latest