Kerala
വധശ്രമത്തിന് ഗൂഢാലോചന ചെയ്തത് സുധാകരൻ തന്നെ; അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍
ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകള്‍ ഹാജരാക്കുന്നതില്‍ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാന്‍. സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം | സിപിഎം നേതാവ് ഇപി ജയരാജനെ വെടിവച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഇപി ജയരാജന്‍. കെ സുധാകരന്‍ തന്നെയാണ് വധശ്രമത്തിന് ഗൂഢാലോചന നടത്തിയത്. പിണറായി വിജയനെയായിരുന്നു അക്രമികള്‍ ലക്ഷ്യമിട്ടത്.എത്രകാലം കഴിഞ്ഞാലും കേസിലെ പ്രതികള്‍ ശിക്ഷിക്കെപ്പടണമെന്നും ഇപി പറഞ്ഞു.
ഹൈക്കോടതി അവസാനത്തെ കോടതിയല്ല. തെളിവുകള്‍ ഹാജരാക്കുന്നതില്‍ വിജയിച്ചില്ല എന്ന് വേണം മനസ്സിലാക്കാന്‍. സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുധാകരന്‍ പലപ്പോഴും രക്ഷപ്പെട്ടിട്ടുള്ള ആളാണ്. അക്രമങ്ങള്‍ സംഘടിപ്പിക്കുക പലവഴികളും ഉപയോഗിച്ച് രക്ഷപ്പെടുക എന്നത് സുധാകരന്റെ ചരിത്രത്തില്‍ ഉള്ളതാണ്. അതുകൊണ്ട് അപ്പീല്‍ കൊടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും നിയമപരമായി മുന്നോട്ടു പോകുമെന്നും ഇപി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
1995 ഏപ്രില്‍ 12ന് കേരളത്തിലേക്കുള്ള ട്രെയിന്‍ യാത്രക്കിടെ എല്‍ഡിഎഫ് കണ്‍വീനറും മുന്‍ മന്ത്രിയുമായ ജയരാജനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.2016ലാണ് സുധാകരന്‍ കുറ്റമുക്തനാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.