heat
ഇന്നും ചൂട് കൂടും
ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ചൂട് കൂടാൻ കാരണമെന്നാണ് ദുരനന്തനിവാരണ അതോറിറ്റി വിലയിരുത്തൽ.
തിരുവനന്തപുരം | ചൂട് കഠിനമായ സാഹചര്യത്തിൽ ആറ് ജില്ലകളിൽ ദുരന്തനിവാരണ അതോറിറ്റി താപനില മുന്നറിയിപ്പ് നൽകി. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകാമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെയായി ഉയരാം. ഈ ജില്ലകളിൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഇനിയും ഉയർന്നേക്കാം.
ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് ചൂട് കൂടാൻ കാരണമെന്നാണ് ദുരനന്തനിവാരണ അതോറിറ്റി വിലയിരുത്തൽ. കടുത്ത ചൂടിൽ, അതീവ ജാഗ്രത പാലിക്കണമെന്നും പകൽ 11 മുതൽ മൂന്ന് വരെ സൂര്യപ്രകാശം തുടർച്ചയായി ഏൽക്കുന്നത് നിർബന്ധമായും ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും കുപ്പിയിൽ കരുതണം. പരമാവധി ശുദ്ധജലം കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ ഒഴിവാക്കണം. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുകയും കുടയോ തൊപ്പിയോ ഉപയോഗിക്കുകയും ചെയ്യുന്നത് ഉചിതമാണ്.
കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്തണം. ആവശ്യമെങ്കിൽ യാത്രക്കിടയിൽ അൽപ്പസമയം വിശ്രമിക്കണം.നിർമാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയത്തിൽ ക്രമീകരണം നടത്തുകയും ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുകയും ചെയ്യണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.
ഒ ആർ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുത്. അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.