Connect with us

National

വനിതാ സംവരണ ബിൽ നടപ്പാകാൻ ഏഴ് വർഷമെടുക്കും; ഒബിസിക്ക് സംവരണമില്ല

അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിൽ ബാധകമാകില്ല

Published

|

Last Updated

ന്യൂഡൽഹി | മൂന്ന് പതിറ്റാണ്ടോളം നീണ്ട സ്തംഭനത്തിനും ഭിന്നതയ്ക്കും ശേഷം വനിതാ സംവരണ ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചു. ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്ന ബില്ലിന്റെ വിശദാംശങ്ങൾ ഇതിന് പിന്നാലെ പുറത്തുവന്നു. 2029 ഓടെ മാത്രമേ ബിൽ പ്രാബല്യത്തിൽ വരൂ എന്നാണ് ഇപ്പോൾ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനസ്സിലാകുന്നതെന്ന് എൻ ഡി ടി വി റിപ്പോർട്ട് ചെയ്തു. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിൽ ബാധകമാകില്ലെന്നർഥം.

നാരി ശക്തി വന്ദൻ നിയമം എന്ന വനിതാ ബിൽ നിയമമായതിന് ശേഷമുള്ള ആദ്യ ഡീലിമിറ്റേഷനോ നിയോജക മണ്ഡലങ്ങളുടെ പുനർനിർണയത്തിനോ ശേഷം മാത്രമേ ക്വാട്ട നടപ്പിലാക്കൂ എന്ന് റിപ്പോർട്ടിൽ പറയുന്നു. 2027-ൽ നടക്കാനിരിക്കുന്ന അടുത്ത സെൻസസിന് ശേഷം മാത്രമേ മണ്ഡലങ്ങൾ പുനഃക്രമീകരിക്കുകയുള്ളൂ. അങ്ങിനെയെങ്കിൽ ബിൽ പ്രാബല്യത്തിൽ വരാൻ 2029 വരെ കാത്തിരിക്കേണ്ടിവരും. 2021-ലാണ് സെൻസസ് അവസാനമായി നടത്താനിരുന്നത്. എന്നാൽ കൊവിഡ് കാരണം ഇത് വൈകുകയായിരുന്നു.

ബിൽ നിയമമായി മാറിയാൽ 15 വർഷത്തേക്കായിരിക്കും ഇത് പ്രാബല്യത്തിൽ വരിക. എന്നാൽ ഇതിന് ശേഷം ഇതിന്റെ കാലാവധി ദീർഘിപ്പിച്ചേക്കും. ഓരോ മണ്ഡല പുനർനിർണയത്തിന് ശേഷവും വനിതകൾക്കായി സംവരണം ചെയ്ത മണ്ഡലങ്ങൾ മാറുമെന്നും ബില്ലിൽ വ്യക്തമാക്കുന്നുണ്ട്.

ലോക്‌സഭയിലെയും നിയമസഭകളിലെയും മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ അത് നികത്തുമെന്നും ആറ് പേജുള്ള ബില്ലിൽ പറയുന്നു. രാജ്യസഭക്കും സംസ്ഥാന ലെജിസ്ലേറ്റീവ് കൗൺസിലുകൾക്കും ബിൽ ബാധകമല്ല. ക്വാട്ടയിൽ മൂന്നിലൊന്ന് സീറ്റുകൾ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കായിരിക്കും. ബില്ലിൽ ഒബിസി (മറ്റ് പിന്നാക്ക വിഭാഗം) സംവരണം ഉൾപ്പെടുന്നില്ല.
നിയമനിർമ്മാണ സഭയ്ക്ക് അത്തരമൊരു വ്യവസ്ഥ നിലവിലില്ലാത്തതിനാലാണിത്.

2010ൽ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരത്തിലിരുന്നപ്പോൾ തയ്യാറാക്കിയ വനിതാ സംവരണ ബില്ലിന് സമാനമാണ് പുതിയ ബില്ലും. ആംഗ്ലോ ഇന്ത്യൻ കമ്മ്യൂണിറ്റിക്ക് ക്വാട്ട കൊണ്ടുവരുന്നതിനുള്ള രണ്ട് ഭേദഗതികൾ മാത്രമാണ് പുതിയ പതിപ്പിൽ ഒഴിവാക്കിയത്.

നിലവിൽ, ഇന്ത്യയിലെ പാർലമെന്റിലും നിയമസഭകളിലും 14 ശതമാനം മാത്രമാണ് സ്ത്രീകൾ. ഇത് ലോക ശരാശരിയേക്കാൾ വളരെ കുറവാണ്. ബിൽ പാസാകുന്നതോടെ ലോക്‌സഭയിലെ വനിതാ സീറ്റുകളുടെ എണ്ണം 181 ആയി ഉയരുമെന്ന് കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്‌വാൾ പറഞ്ഞു.

Latest