Connect with us

Ongoing News

ഐവര്‍ ഡക്ക്; തകര്‍ന്നടിഞ്ഞ് ഇന്ത്യ

ഇന്ത്യന്‍ മണ്ണിലെ ഏറ്റവും ചെറിയ സ്‌കോറായ 46 റണ്‍സില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചു. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണിത്.

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരു ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ അങ്കത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. മഴ മാറി നിന്നെങ്കിലും മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുക്കാനുള്ള നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ഇന്ത്യയെ പടുകുഴിയില്‍ വീഴ്ത്തി. ഇന്ത്യന്‍ മണ്ണിലെ ഏറ്റവും ചെറിയ സ്‌കോറായ 46 റണ്‍സില്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ് അവസാനിച്ചു. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണിത്. ആദ്യ എട്ട് ബാറ്റര്‍മാരില്‍ അഞ്ച് പേരാണ് ഡക്കായി മടങ്ങിയത്. മറുപടി ബാറ്റിംഗില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്ത ന്യൂസിലന്‍ഡിന് 134 റണ്‍സിന്റെ ലീഡായി. കിവീസിനായി ഓപണര്‍ ഡെവണ്‍ കോണ്‍വെ 91 റണ്‍സെടുത്തു.

ടോസ് നേടിയിട്ടും ഈര്‍പ്പമുള്ള പിച്ചില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത രോഹിതിന്റെ തീരുമാനം ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് അത് ആഘോഷമാക്കി. വെറും മൂന്ന് പേസര്‍മാരെ വെച്ചാണ് കിവീസ് ഇന്ത്യന്‍ ഇന്നിംഗ്സിന് പെട്ടെന്ന് തിരശ്ശീലയിട്ടത്. 31.2 ഓവര്‍ കൊണ്ടാണ് കിവീസ് ഇന്ത്യയെ കൂടാരം കയറ്റിയത്.

അഞ്ച് വിക്കറ്റെടുത്ത മാറ്റ് ഹെന്റിയും നാല് വിക്കറ്റ് വീഴ്ത്തിയ വില്യം ഒറൂര്‍ക്കുമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്. ടിം സൗത്തി ഒരു വിക്കറ്റെടുത്തു. രണ്ടക്കം കണ്ടത് 20 റണ്‍സെടുത്ത ഋഷഭ് പന്തും 13 റണ്‍സെടുത്ത യശസ്വി ജയ്സ്വാളും മാത്രം. ഏഴാം ഓവറിലെ മൂന്നാം പന്തില്‍ ഇന്ത്യന്‍ സ്‌കോര്‍ ഒമ്പതില്‍ നില്‍ക്കെ രോഹിത് ശര്‍മയെ ബൗള്‍ഡാക്കി സൗത്തിയാണ് വിക്കറ്റ് വേട്ട തുടങ്ങിയത്. ഒമ്പത് പന്തില്‍ റണ്ണൊന്നുമെടുക്കാതെ കോലി (പൂജ്യം) ഇതേ സ്‌കോറില്‍ മടങ്ങിയപ്പോള്‍ സ്റ്റേഡിയം നിശ്ശബ്ദമായി. മൂന്ന് പന്ത് മാത്രമായിരുന്നു ഗില്ലിനു പകരം കളിക്കാനിറങ്ങിയ സര്‍ഫറാസ് ഖാന്റെ (പൂജ്യം) ആയുസ്സ്.

മൂന്ന് വിക്കറ്റ് വീണപ്പോള്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ പത്ത് റണ്‍സ്. ജയ്സ്വാള്‍ അനാവശ്യ ഷോട്ടിലൂടെ (13) പുറത്തായി. ഒറൂര്‍ക്കിന്റെ പന്തില്‍ അജാസ് പട്ടേലിന്റെ മികച്ചൊരു ക്യാച്ചിലായിരുന്നു മടക്കം. ജയ്‌സ്വാളിനെ കൂടാതെ കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവരും റണ്‍സൊന്നും എടുക്കാനാകാതെ മടങ്ങി. നാല് റണ്‍സിനിടെയാണ് ഇവരുടെ വിക്കറ്റുകളത്രയും നഷ്ടമായത്. 39ല്‍ നില്‍ക്കെ ഋഷഭ് പന്തും മടങ്ങിയതോടെ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അറ്റു.

ജസ്പ്രീത് ബുംറ (ഒന്ന്), കുല്‍ദീപ് യാദവ് (രണ്ട്) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. നാല് റണ്‍സുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. ആകെ നാല് ബൗണ്ടറി മാത്രമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് നേടാനായത്. അവയില്‍ രണ്ടെണ്ണം പന്തിന്റെ ബാറ്റില്‍ നിന്നായിരുന്നു.

ഇന്ത്യന്‍ ബാറ്റര്‍മാര്‍ കടപുഴകി വീണ പിച്ചില്‍ ന്യൂസിലന്‍ഡുകാരുടെ ആധിപത്യമാണ് കണ്ടത്. ടോം ലാതമും ഡെവണ്‍ കോണ്‍വേയും ഓപണിംഗ് വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലാതമിനെ (15) പുറത്താക്കി കുല്‍ദീപ് യാദവാണ് കൂട്ടുകെട്ട് പൊളിച്ചത്. അതിവേഗം സ്‌കോര്‍ ചെയ്ത കോണ്‍വെക്ക് (105 പന്തില്‍ 91) സെഞ്ച്വറി നഷ്ടമായതാണ് കിവീസിന് ഇന്നലെ നിരാശ സമ്മാനിച്ച ഒരേയൊരു നിമിഷം. റിവേഴ്സ് സ്വീപിന് ശ്രമിച്ച കോണ്‍വെയെ അശ്വിന്‍ ബൗള്‍ഡാക്കുകയായിരുന്നു. താരം 11 ബൗണ്ടറിയും മൂന്ന് സിക്‌സും നേടി. വില്‍ യംഗ് ആണ് (33) പുറത്തായ മറ്റൊരു ബാറ്റര്‍. 22 റണ്‍സുമായി രചിന്‍ രവീന്ദ്രയും 14 റണ്‍സെടുത്ത ഡാരില്‍ മിച്ചലുമാണ് ക്രീസില്‍. ഇന്ത്യക്കു വേണ്ടി അശ്വിന്‍, കുല്‍ദീപ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.