National
ജബല്‍പൂര്‍ അക്രമം; പോലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ക്രൈസ്തവ സഭ
എഫ് ഐ ആറില്‍ പ്രതികളുടെ പേരില്ലാത്തതാണ് സഭയെ പ്രകോപിപ്പിച്ചത്. ഇത് പ്രതികളെ രക്ഷിക്കാനാണെന്നാണ് ആരോപണം.

ന്യൂഡല്‍ഹി | മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്തീയ പുരോഹിതന്മാര്‍ക്കു നേരെയുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ക്രൈസ്തവ സഭ. എഫ് ഐ ആറില്‍ പ്രതികളുടെ പേരില്ലാത്തതാണ് സഭയെ പ്രകോപിപ്പിച്ചത്. ഇത് പ്രതികളെ രക്ഷിക്കാനാണെന്നാണ് ആരോപണം. പ്രതികളെ തിരിച്ചറിഞ്ഞെന്നാണ് പോലീസ് നേരത്തെ പറഞ്ഞിരുന്നതെന്ന് സഭ പറയുന്നു.
ജബല്‍പൂരില്‍ ആക്രമണം നടന്ന് നാലുദിവസത്തിനു ശേഷമാണ് മധ്യപ്രദേശ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, സംഭവത്തില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ജബല്‍പൂരില്‍ ക്രൈസ്തവ പുരോഹിതന്മാരെ വി എച്ച് പി ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരുടെ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മാണ്ഡല പള്ളിയിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു നേരെ മതപരിവര്‍ത്തനം ആരോപിച്ചാണ് സംഘം അക്രമം അഴിച്ചുവിട്ടത്. പ്രമുഖ ക്രൈസ്തവ നേതാവ് ഫാദര്‍ ഡേവിസ് ഉള്‍പ്പെടെയുള്ളവരെ പോലീസ് സ്റ്റേഷനില്‍ വച്ചും ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.