Connect with us

International

ജാഫർ എക്സ്പ്രസ് റാഞ്ചൽ: പാക്കിസ്ഥാന്റെ ആരോപണങ്ങൾ തള്ളി ഇന്ത്യ

ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

Published

|

Last Updated

ന്യൂഡൽഹി | അടുത്തിടെയുണ്ടായ ജാഫർ എക്സ്പ്രസ് റാഞ്ചലിൽ പങ്കുണ്ടെന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ ശക്തമായി തള്ളി ഇന്ത്യ. ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ആഗോള ഭീകരതയുടെ പ്രഭവകേന്ദ്രം എവിടെയാണെന്ന് ലോകത്തിന് അറിയാമെന്നും സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെക്കുന്നതിന് പകരം പാകിസ്ഥാൻ ആഭ്യന്തര പ്രശ്‌നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജാഫർ എക്സ്പ്രസ് ആക്രമണത്തിൽ ഉൾപ്പെട്ട വിമതർക്ക് അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനാ നേതാക്കളുമായി ബന്ധമുണ്ടെന്ന് പാകിസ്ഥാൻ വിദേശകാര്യ വക്താവ് ഷഫ്ഖത്ത് അലി ഖാൻ വ്യാഴാഴ്ച അവകാശപ്പെട്ടിരുന്നു. പാകിസ്ഥാനിലെ തീവ്രവാദ പ്രവർത്തനങ്ങളിൽ ഇന്ത്യക്ക് പങ്കാളിത്തമുണ്ടെന്നും ഷഫ്കത്ത് അലി ഖാൻ ആരോപിച്ചിരന്നു.

അതിർത്തിയിലെ പതിവ് ഏറ്റുമുട്ടലുകൾ കാരണം പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിട്ടുണ്ട്. കൂടാതെ തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി) പാകിസ്ഥാനിൽ ആക്രമണം നടത്താൻ അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് ഇസ്ലാമാബാദ് അവകാശപ്പെടുന്നു. ഈ ആരോപണങ്ങൾ കാബൂൾ നിഷേധിച്ചിട്ടുണ്ട്.

400 ലധികം യാത്രക്കാരുമായി സഞ്ചരിച്ച ജാഫർ എക്സ്പ്രസ് ഹൈജാക്ക് ചെയ്ത 33 ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) വിമതരെയും വധിച്ചതായി പാകിസ്ഥാൻ സുരക്ഷാ സേന അവകാശപ്പെട്ടതിന് പിന്നാലെയാണ് പ്രസ്താവന വന്നത്.

Latest