Election of Vice President
ജഗ്ദീപ് ധന്‍കര്‍ രാജ്യത്തിന്റെ 14-ാമത് ഉപരാഷ്ട്രപതി
ധന്‍കറിന് 528 വോട്ട് നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി മാര്‍ഗരറ്റ് അല്‍വെക്ക് ലഭിച്ചത് 182 വോട്ട്; 15 വോട്ട് അസാധു- പ്രതിപക്ഷ വോട്ട് ചോര്‍ന്നു
ന്യൂഡല്‍ഹി | രാജ്യത്തിന്റെ 14- മത് ഉപരാഷ്ട്രപതിയായി എന്‍ ഡി എ സ്ഥാനാര്‍ഥി ജഗ്ദീപ് ധന്‍കര്‍ തിരഞ്ഞെടുക്കപ്പെട്ടു. ധന്‍കറിന് 528 വോട്ട് നേടിയപ്പോള്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് അല്‍വെക്ക് 182 വോട്ടാണ് ലഭിച്ചത്. 200 വോട്ട് ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് അത് നേടാനാകാത്തത് തിരിച്ചടിയാണ്. പാര്‍ലിമെന്റിന്റെ ഇരുസഭകളിലുമായി എന്‍ ഡി എക്ക് ഭൂരിഭക്ഷമുള്ളതിനാല്‍ രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവായ ജഗ്ദീപ് ധന്‍കറിന് വിജയം ഉറപ്പായിരുന്നു. സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും.
പാര്‍ലിമെന്റ് മന്ദിരത്തില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ് നടന്നത്. 780 എം പിമാരില്‍ 725 പേര്‍ വോട്ട് ചെയ്തു. അസുഖബാധിതരായതിനാല്‍ രണ്ട് ബി ജെ പി എം പിമാര്‍ വോട്ട് ചെയ്തില്ല. നേരത്തെ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് മമത ബാനര്‍ജി അറിയിച്ചതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 34 എം പിമാര്‍ വിട്ടുനിന്നു. എന്നാല്‍ പാര്‍ട്ടി വിലക്ക് ലംഘിച്ച് തൃണമൂല്‍ അംഗങ്ങള്‍ വോട്ട് രേഖപ്പെടുത്തി. മമതയോട് ഇടഞ്ഞ് നില്‍ക്കുന്ന ശിശിര്‍ അധികാരി, ദീബേന്ദു അധികാരി എന്നീ എം പിമാരാണ് വോട്ട് ചെയ്തത്. പോള്‍ ചെയ്തതില്‍ 15 വോട്ടുകള്‍ അസാധുവായിട്ടുണ്ട്.
രാജസ്ഥാനില്‍ അടുത്തവര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനിരിക്കെയാണ് അവിടെ നിന്നുള്ള ഒരു പ്രമുഖ നേതാവിനെ ബി ജെ പി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിച്ചതെന്ന് ശ്രദ്ധേയമാണ്. നേരത്തെ ബംഗാളില്‍ ഗവര്‍ണറായിരിക്കെ മമത ബാനര്‍ജിയുമായി നിരന്തര ഏറ്റുമുട്ടല്‍ നടത്തിയ വ്യക്തിയാണ് ധന്‍കര്‍. എന്നാല്‍ മമതയുായി അവസാന നിമിഷം അദ്ദേഹം അനുനയത്തിലെത്തുന്നതും കണ്ടു. ഇതിന്‍റെ അനന്തരഫലമാണ് മമതയും തൃണമൂല്‍ കോണ്‍ഗ്രസും വോട്ടെടുപ്പില് നിന്ന് വിട്ടുനിന്നതെന്നും ആരോപണമുണ്ട്.
രാജസ്ഥാനിലെ കിത്താന സ്വദശിയാണ് ധന്‍കര്‍. രാജസ്ഥാന്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ച അദ്ദേഹം 2019ലാണ് കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തെ ബംഗാള്‍ ഗവര്‍ണറാക്കിയത്. ഈ സ്ഥാനത്ത് നിന്നാണ് അദ്ദേഹം ഇപ്പോള്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്നത്.