Connect with us

hate campaign

ജഹാംഗീര്‍പുരി ഇടിച്ചുനിരത്തല്‍: സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പ്രചാരണം തകൃതി

ഇടിച്ചുനിരത്തിലിന് തടയിട്ട സുപ്രീം കോടതിക്കെതിരെ പോലും ഇത്തരത്തില്‍ മോശം പ്രചാരണം നടത്തുന്നുണ്ട് ചിലര്‍.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയെന്ന പേരില്‍ കോര്‍പറേഷന്‍ നടത്തിയ ഇടിച്ചുനിരത്തലിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായ വിദ്വേഷ പ്രചാരണം. ബി ജെ പി നേതാക്കളുടെയും സെലിബ്രിറ്റികളായ അനുഭാവികളുടെയുമെല്ലാം നേതൃത്വത്തിലാണ് വിദ്വേഷ പ്രചാരണം. ഇടിച്ചുനിരത്തിലിന് തടയിട്ട സുപ്രീം കോടതിക്കെതിരെ പോലും ഇത്തരത്തില്‍ മോശം പ്രചാരണം നടത്തുന്നുണ്ട് ചിലര്‍.

ജെ സി ബി അഥവ ജിഹാദ് കണ്‍ട്രോള്‍ ബോര്‍ഡ് എന്നായിരുന്നു ബി ജെ പി ദേശീയ സെക്രട്ടറി സുനില്‍ ദ്യോദറിന്റെ ട്വീറ്റ്. കല്ലേറ് മറച്ചുവെക്കുന്നതിനാണ് ഇരകളുടെ ദീനമുഖം കാണിക്കുന്നതെന്ന് ബി ജെ പി അനുഭാവിയായ ബോളിവുഡ് താരം കങ്കണ റണാവത്ത് ട്വീറ്റ് ചെയ്തു. തൊപ്പിയിട്ട രണ്ട് വയോധികരുടെ ഫോട്ടോയോടു കൂടിയായിരുന്നു കങ്കണയുടെ ട്വീറ്റ്. മുസ്ലിംകള്‍ കരുതിക്കൂട്ടി പ്രശ്‌നമുണ്ടാക്കിയതിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇരവാദം ഉന്നയിക്കുകയാണെന്നും പ്രചാരണമുണ്ട്. പ്രധാനമന്ത്രി നിര്‍മിച്ചുനല്‍കിയ വീടിന്റെ മുകളില്‍ നിന്ന് കല്ലെറിയുന്ന തൊപ്പിയിട്ടയാളുടെ കാർട്ടൂൺ ചിത്രം വെച്ചും വിദ്വേഷ പ്രചാരണം തകൃതിയാണ്. സുപ്രീം കോടതി ഹിന്ദുക്കളെ വെറുക്കുന്നു എന്ന ഹാഷ്ടാഗിലും ട്വീറ്റുകളുണ്ടായിട്ടുണ്ട്.

ബുള്‍ഡോസറുടെ ആവശ്യത്തില്‍ നാടകീയ വര്‍ധനയുണ്ടായിട്ടുണ്ടെന്നും നമ്മള്‍ തദ്ദേശീയമായി ഉത്പാദന നിരക്ക് കൂട്ടണോ അതോ ഇറക്കുമതി ചെയ്യണോ എന്നായിരുന്നു ഹിന്ദുത്വ മാധ്യമ പ്രവര്‍ത്തക നവിക കുമാറിന്റെ ട്വീറ്റ്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൂവും ഹിന്ദുക്കളുടെ മുന്നില്‍ കല്ലുമായി നില്‍ക്കുന്ന തൊപ്പിയിട്ടയാളുടെ കാര്‍ട്ടൂണും പ്രചരിപ്പിക്കുന്നുണ്ട്.  ഇങ്ങനെ നിരവധി വിദ്വേഷ പ്രചാരണമാണ് ട്വിറ്ററിൽ മാത്രമുണ്ടായത്. ബുൾഡോസർ, ഇല്ലീഗൽ, ഭാരത് മഹാൻ തുടങ്ങിയ ഹാഷ്ടാഗുകളും ട്രെൻഡിംഗായി