Ongoing News
ജയ് ജയ് രാജസ്ഥാന്‍; പോയിന്റ് പട്ടികയില്‍ തലപ്പത്ത് തിരിച്ചെത്തി സഞ്ജുവും സംഘവും
32 റൺസിനാണ് ചെന്നൈയിയെ പരാജയപ്പെടുത്തിയത്. ആദം സാംപക്ക് മൂന്ന് വിക്കറ്റ്
ജയ്പൂര്‍ |ഇടവേളക്ക് ശേഷം പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി രാജസ്ഥാന്‍ റോയല്‍സ്. ഒന്നാമതുണ്ടായിരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 32 റണ്‍സിന് പരാജയപ്പെടുത്തിയാണ് രാജസ്ഥാന്റെ രാജകീയ തിരിച്ചുവരവ്. തോൽവിയോടെ ചെന്നൈ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സ്‌കോര്‍: രാജസ്ഥാന്‍- 20 ഓവറില്‍ 5ന് 202. ചെന്നൈ- 20 ഓവറില്‍ 6ന് 170.
203 റണ്‍സ് വിജയലക്ഷ്യം മുന്നില്‍ കണ്ട് കളത്തിലിറങ്ങിയ ചെന്നൈക്ക് 170 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. 29 പന്തില്‍ 47 റണ്‍സെടുത്ത ഓപണര്‍ റിതുരാജ് ഗെയ്ക്വാദ്, 33 പന്തില്‍ 52 റണ്‍സ് നേടിയ ശിവം ദുബെ എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയലക്ഷ്യം എത്തിപ്പിടിക്കാനായില്ല. ഫിനിഷിംഗ് രാജാവ് എം എസ് ധോണി ഇറങ്ങി കളിയുടെ ഗതി മാറ്റുമെന്ന് ചെന്നൈ പ്രേമികള്‍ വല്ലാതെ പ്രതീക്ഷിച്ചെങ്കിലും ആറാം വിക്കറ്റ് വീഴാന്‍ അവസാന പന്ത് വരെ കാത്തിരിക്കേണ്ടി വന്നു.
രാജസ്ഥാന്‍ ബോളിംഗില്‍ ആദം സാംപയാണ് കൂടുതല്‍ അപകടം വിതച്ചത്. മൂന്ന് ഓവറില്‍ 22 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് കനപ്പെട്ട വിക്കറ്റുകളാണ് സാംപ സ്വന്തമാക്കിയത്. രവിചന്ദ്രന്‍ അശ്വിന്‍ രണ്ടും കുല്‍ദീപ് യാദവ് ഒന്നും വിക്കറ്റുകള്‍ നേടി.
നേരത്തെ രാജസ്ഥാന്‍ ബാറ്റിംഗിൽ ഓപണറായി എത്തി 43 പന്തില്‍ 77 റണ്‍സ് നേടിയ ജയ്‌സ്വാളിന്റെ പ്രകടന മികവിലാണ് റോയല്‍സ് 202 റണ്‍സ് നേടിയത്. എട്ട് ഫോറും നാല് സിക്‌സും സഹിതമാണ് ജയ്‌സ്വാൾ തൻ്റെ ഐ പി എല്ലിലെ മികച്ച സ്കോർ മാറ്റിയെഴുതിയത്. 27 റണ്‍സ് നേടിയ ജോസ് ബട്‌ലറും ജയ്‌സ്വാളും ചേര്‍ന്ന് ഒന്നാം ഇന്നിംഗ്‌സില്‍ 86 റണ്‍സാണ് എടുത്തത്. 15 ബോളില്‍ 34 റണ്‍സ് നേടിയ ദ്രുവ് ജുറെല്‍, 13 പന്തില്‍ 25 റണ്‍സ് നേടിയ ദേവ് ദത്ത് പടിക്കല്‍ എന്നിവരും രാജസ്ഥാനായി തിളങ്ങിയിരുന്നു.