National
തടവ് ശിക്ഷ: ഉത്തർപ്രദേശ് എം പി അഫ്സൽ അൻസാരിയുടെ ലോക്സഭാംഗത്വം റദ്ദാക്കി
2007 നവംബർ 22 നാണ് അൻസാരി സഹോദരന്മാർക്കെതിരെ ഗുണ്ടാ നിയമപ്രകാരം മുഹമ്മദാബാദ് കോട്വാലി പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്.
ന്യൂഡൽഹി | ക്രിമിനൽ കേസിൽ നാല് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ബിഎസ്പി എംപി അഫ്സൽ അൻസാരിയുടെ ലോക്സഭാംഗത്വം റദ്ദാക്കി. ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള എംപിയാണ് അഫ്സൽ അൻസാരി.
കഴിഞ്ഞയാഴ്ച ഉത്തർപ്രദേശിലെ ഗാസിപൂർ കോടതിയാണ്, 2007 ൽ രജിസ്റ്റർ ചെയ്ത ഗുണ്ടാനിയമ കേസിൽ അഫ്‌സലിനും അദ്ദേഹത്തിന്റെ സഹോദരൻ മുഖ്താർ അൻസാരിക്കും യഥാക്രമം നാല് വർഷവും 10 വർഷവും തടവ് ശിക്ഷ വിധിച്ചത്. മുക്താർ ബന്ദ ജയിലിലാണ്. അഫ്‌സൽ നേരത്തെ ജാമ്യത്തിലായിരുന്നു.
ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, ഒരു പാർലമെന്റ് അംഗം കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷമോ അതിൽ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ടാൽ അയോഗ്യനാക്കപ്പെടും. ഇത് പ്രകാരം ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിനെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയേയും ലോക്സഭാ സെക്രട്ടേറിയറ്റ് നേരത്തെ അയോഗ്യനാക്കിയിരുന്നു. നിയമപോരാട്ടത്തിന് ഒടുവിൽ ഫൈസലിന്റെ അംഗത്വം പുനസ്ഥാപിക്കപ്പെട്ടെങ്കിലും രാഹുലിന്റെ കേസിൽ നിയമ പോരാട്ടം തുടരുകകയാണ്.
2007 നവംബർ 22 നാണ് അൻസാരി സഹോദരന്മാർക്കെതിരെ ഗുണ്ടാ നിയമപ്രകാരം മുഹമ്മദാബാദ് കോട്വാലി പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തത്.