Connect with us

National

ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ കൂട്ടക്കൊല: പ്രതിയെ നാര്‍ക്കോ അനാലിസിസിന് വിധേയമാക്കണമെന്ന് പോലീസ്

കൂട്ടക്കൊല നടത്താന്‍ ചേതന്‍ സിംഗിനെ പ്രേരിപ്പിച്ചത് എന്തെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

Published

|

Last Updated

മുംബൈ| ജയ്പൂര്‍-മുംബൈ എക്‌സ്പ്രസിലെ കൂട്ടക്കൊലക്കേസില്‍ പ്രതിയെ നാര്‍ക്കോ അനാലിസിലിന് വിധേയമാക്കണമെന്ന് പോലീസ്. ഈ അവശ്യവുമായി അന്വേഷണ സംഘം കോടതിയെ സമീപിച്ചു. കൂട്ടക്കൊല നടത്താന്‍ ചേതന്‍ സിംഗിനെ പ്രേരിപ്പിച്ചത് എന്താണെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് നാര്‍ക്കോ അനാലിസിസ് വേണമെന്ന പോലീസിന്റെ അവശ്യം. അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും.

പ്രതി ചേതന്‍ സിങ്ങിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പോലീസ് ഈ അവശ്യവുമായി കോടതിയെ സമീപിച്ചത്. നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിങ്ങ്, പോളിഗ്രാഫ് എന്നി ടെസ്റ്റുകള്‍ക്ക് പ്രതിയെ വിധേയമാക്കണമെന്നാണ് പോലീസ് കോടതിയോട് അവശ്യപ്പെട്ടത്.ആര്‍ പി എഫ് ഉദ്യോഗസ്ഥനായ പ്രതി ചേതന്‍ സിങ്ങിനെതിരെ നേരത്തെ പോലീസ് മതസ്പര്‍ധാ വകുപ്പും മതവിശ്വാസം വ്രണപ്പെടുത്തിയെന്ന കുറ്റത്തില്‍ ഐ പി സി 153 എ വകുപ്പും കൂടി ചുമത്തിയിരുന്നു.

ഇന്നലെ പോലീസിന്റെ അവശ്യം കോടതിയില്‍ പ്രതി ഭാഗം വക്കീല്‍ എതിര്‍ത്തിരുന്നു. കോടതി പ്രതിക്ക് ഈ കാര്യത്തില്‍ പറയാനുള്ളതെന്താണ് എന്ന് പരിശോധിച്ചതിന് ശേഷമായിരിക്കും തീരുമാനമെടുക്കുക. സംശയാതീതമായി കൊലപാതകം തെളിയിക്കാന്‍ തെളിവുകള്‍ അവശ്യമാണ്. അതിനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്.

മുതിര്‍ന്ന ഉദ്യോഗസ്ഥനടക്കം നാല് പേരെയാണ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിളായ ചേതന്‍ സിംഗ് വെടിവെച്ച് കൊലപ്പെടുത്തിയത്. മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് ജൂലൈ 31 നായിരുന്നു സംഭവം. സംഭവശേഷം ചേതന്‍ സിങ് പ്രധാനമന്ത്രിയെയും യോഗി ആദിത്യനാഥിനെയും പ്രകീര്‍ത്തിച്ച് സംസാരിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.