Connect with us

National

ജയ്പൂര്‍-മുംബൈ ട്രെയിനില്‍ വെടിവെപ്പ്: ചേതന്‍ സിംഗ് ചൗധരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

മുംബൈ സെന്‍ട്രലിലെ ആര്‍പിഎഫ് സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണറാണ് ചൗധരിയെ പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി| ജയ്പൂര്‍-മുംബൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകനെയും മൂന്ന് യാത്രക്കാരെയും വെടിവെച്ചുകൊന്ന കേസില്‍ പ്രതിയായ റെയില്‍വേ പോലീസ് ഫോഴ്‌സ് (ആര്‍പിഎഫ്) കോണ്‍സ്റ്റബിള്‍ ചേതന്‍ സിംഗ് ചൗധരിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. മുംബൈ സെന്‍ട്രലിലെ ആര്‍പിഎഫ് സീനിയര്‍ ഡിവിഷണല്‍ സെക്യൂരിറ്റി കമ്മീഷണറാണ് ചൗധരിയെ പിരിച്ചുവിടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

പ്രതി ചേതന്‍ സിംഗ് തന്റെ മേലുദ്യോഗസ്ഥനായ എഎസ്ഐ ടിക്കാറാം മീണയെയും മറ്റ് മൂന്ന് യാത്രക്കാരെയും കൊലപ്പെടുത്തിയത് എങ്ങനെയെന്ന് കോടതി നിരീക്ഷിച്ചതിന് ശേഷമാണ് തീരുമാനം. നിലവില്‍ ചേതന്‍ സിംഗ് ജയിലിലും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ജൂലൈ 31 ന് പുലര്‍ച്ചെ 5.23ന് ഡ്യൂട്ടിക്കിടെയാണ് ചേതന്‍ സിംഗ് കൊലപാതകങ്ങള്‍ നടത്തിയത്. തന്റെ ഇന്‍ചാര്‍ജ് എഎസ്‌ഐ മീണയെ എകെ -47 ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. പിന്നാലെ യാത്രക്കാരെയും വെടിവെച്ചു. ജയ്പൂര്‍-മുംബൈ എക്സ്പ്രസ് വൈതര്‍ണ റെയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിച്ചതോടെ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥരും റെയില്‍വേ ജീവനക്കാരും ചേര്‍ന്ന് പിടികൂടി ബോറിവലിയിലെ ലോക്കല്‍ പോലീസിന് കൈമാറുകയായിരുന്നു.