air india- tata
എയര്‍ ഇന്ത്യ ടാറ്റ ഏറ്റെടുത്തതിന് പിന്നാലെ ഇന്ദിരാ ഗാന്ധി ജെ ആര്‍ ഡി ടാറ്റക്ക് അയച്ച അപൂര്‍വ്വമായൊരു കത്ത് പുറത്ത് വിട്ട് ജയ്‌റാം രമേശ്
1932 ല്‍ ജെ ആര്‍ ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യയെ 1953 ല്‍ ദേശസാത്കരിച്ചെങ്കിലും 1978 വരെ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയായിരുന്നു

ന്യൂഡല്‍ഹി | എയര്‍ ഇന്ത്യയെ ടാറ്റക്ക് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഉണ്ടായതിന് പിന്നാലെ ആപൂര്‍വ്വമായൊരു കത്ത് പുറത്ത് വിട്ട് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. എയര്‍ ഇന്ത്യയെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതിന് പിന്നാലെ 1978 ല്‍ എയര്‍ ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ മൊറാര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അന്ന് ആധികാരമൊന്നും ഇല്ലാതിരുന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ജെ ആര്‍ ഡി ടാറ്റക്ക് അയച്ച കത്താണ് ജയ്‌റാം രമേശ് ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.
1932 ല്‍ ജെ ആര്‍ ഡി ടാറ്റ സ്ഥാപിച്ച എയര്‍ ഇന്ത്യയെ 1953 ല്‍ ദേശസാത്കരിച്ചെങ്കിലും 1978 വരെ അദ്ദേഹം ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയായിരുന്നു.
പ്രിയ്യപ്പെട്ട ജേഹ് എന്നാണ് കത്തില്‍ ഇന്ദിരാഗാന്ധി ടാറ്റയെ അഭിസംബോധന ചെയ്തത്. താങ്കള്‍ ഇപ്പോള്‍ എയര്‍ ഇന്ത്യക്ക് ഒപ്പം ഇല്ല എന്ന് അറിയുന്നതില്‍ ദുഃഖമുണ്ടെന്ന് പറഞ്ഞാണ് കത്ത് ആരംഭിക്കുന്നത്. താങ്കളെ വിട്ടുപിരിയുന്നതില്‍ എയര്‍ ഇന്ത്യക്ക് വിഷമമുണ്ടാവുമെന്നും താങ്കള്‍ വെറുമൊരു ചെയര്‍മാന്‍ മാത്രമല്ല, സ്ഥാപകനും വളര്‍ച്ചക്ക് വേണ്ടി അക്ഷീണം പ്രയത്‌നിച്ചയാളുമാണെന്ന് കത്തില്‍ പറയുന്നു. വിമാന സേവനത്തിന്റെ ഏറ്റവും ചെറിയ കാര്യത്തില്‍ പോലും താങ്കള്‍ ശ്രദ്ധിച്ചിരുന്നുവെന്നും ഇന്ദിരാഗാന്ധി കത്തില്‍ പറയുന്നു.
ജെ ആര്‍ ഡി ടാറ്റ ഇതിനെഴുതിയ മറുപടിക്കത്തും ജയ്‌റാം രമേശ് പുറത്ത് വിട്ടിട്ടുണ്ട്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നുള്ള കരുതലിനും തനിക്ക് കത്തെഴുതാന്‍ കാണിച്ച സന്മനസിന് ഇന്ദിരാഗാന്ധിക്കും ജെ ആര്‍ ഡി ടാറ്റ നന്ദി പറഞ്ഞു.