Kerala
പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധിക്കപ്പെട്ട ജൈസല്‍ വീണ്ടും അറസ്റ്റില്‍
കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം തട്ടിയ കേസിലാണ് ജൈസലിനെ അറസ്റ്റ് ചെയ്തത്.
മലപ്പുറം|2018ലെ പ്രളയ കാലത്ത് രക്ഷാപ്രവര്‍ത്തനം നടത്തി ശ്രദ്ധിക്കപ്പെട്ട പരപ്പനങ്ങാടി സ്വദേശി ജൈസല്‍ വീണ്ടും അറസ്റ്റില്‍. കരിപ്പൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വര്‍ണം തട്ടിയ കേസിലാണ് ജൈസലിനെ അറസ്റ്റ് ചെയ്തത്. ഈ കേസില്‍ മൂന്നു പ്രതികളെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ജയിലില്‍ നിന്ന് ജൈസലിനെ അറസ്റ്റ് ചെയ്തത്. ജൈസലിനെ കരിപ്പൂരിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കി.
പ്രളയ കാലത്ത് സ്വന്തം മുതുകില്‍ ചവിട്ടി സ്ത്രീകളെ തോണിയിലേക്ക് കയറാന്‍ സഹായിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് ജൈസല്‍ ശ്രദ്ധനേടിയത്. രക്ഷാപ്രവര്‍ത്തനം നടത്തിയപേരില്‍ വീടും കാറുമെല്ലാം സമ്മാനമായി അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതിനുശേഷം താനൂര്‍ തൂവല്‍ തീരം ബീച്ചിലിരുന്ന യുവാവിനെയും സ്ത്രീയെയും ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന കേസില്‍ ജൈസല്‍ അറസ്റ്റിലായി. പിന്നീട് മറ്റൊരു കേസില്‍ അറസ്റ്റിലായാണ് ഇയാള്‍ തിരുവനന്തപുരത്തെ ജയിലില്‍ കഴിയുന്നത്.