Connect with us

Alappuzha

ജലാലുദ്ദീന്‍ മുസ്‌ലിയാര്‍: ബെംഗളൂരുവില്‍ സുന്നി പ്രസ്ഥാനത്തിന് അടിത്തറ പാകിയ നേതാവ് 

രണ്ടാഴ്ച ചികിത്സക്ക് ശേഷം തിരികെ പോകാനൊരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്

Published

|

Last Updated

ഹരിപ്പാട് | അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ രൂപവത്കരണമുള്‍പ്പെടെ ബെംഗളൂരുവില്‍ സുന്നി പ്രസ്ഥാനത്തിന് അടിത്തറ പാകിയ പണ്ഡിതനായിരുന്നു ഇഹലോക വാസം വെടിഞ്ഞ ആലപ്പഴ ജലാലുദ്ദീന്‍ മുസ്ലിയാര്‍. തുടക്കം മുതല്‍ ബെംഗളൂരു സുന്നി ജംയ്യത്തുല്‍ ഉലമ പ്രസിഡന്റായിരുന്നു. കാന്തപുരം ഉസ്താദുമായി വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചു.

തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്ന് വാട്‌സ്ആപ്പില്‍ അവസാനം അയച്ച ശബ്ദ സന്ദേശം കാന്തപുരം ഉസ്താദ് ഇന്നലെ ബെംഗളൂരുവില്‍ പങ്കെടുത്ത പരിപാടി വിജയിപ്പിക്കണമെന്ന ആഹ്വാനമായിരുന്നു. ബെംഗളൂരുവില്‍ 40ല്‍ അധികം മഹല്ലുകളില്‍ കാന്തപുരം ഖാളിയായ ചാരിതാര്‍ഥ്യത്തിന്റെ നിറവിലാണ് ജലാലുദ്ദീന്‍ മുസ്ലിയാരുടെ വിയോഗം.

ബെംഗളൂരുവില്‍ എത്തുന്ന സുന്നി നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും താമസമൊരുക്കുകയും ആവശ്യമായതെല്ലാം സജ്ജീകരിക്കുന്നതുമെല്ലാം ജലാലുദ്ദീന്‍ മുസ്ലിയാരാണ്. ഇദ്ദേഹത്തിന്റെ അതിഥിയാകാത്ത നേതാക്കള്‍ കേരളത്തിലില്ല. ബെംഗളൂരുവിലെ മലയാളികളുമായും തദ്ദേശീയരുമായും അടുത്ത ബന്ധം പുലര്‍ത്തി.

കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ്, ആലുവ എടയപ്പുറം മസ്ജിദ്, കുന്നത്തുനാട് മസ്ജിദ് എന്നിവിടങ്ങളിലെ സേവനത്തിന് ശേഷമാണ് ബെംഗളൂരുവിലേക്ക് പോയത്. ദീര്‍ഘകാലം ശിവാജി നഗര്‍ ഷാഫി മസ്ജിദ്, നില്‍ സാന്ദ്രാ മസ്ജിദ്, ഗൗരി പാളയം ശാഫി മസ്ജിദ് എന്നിവിടങ്ങളില്‍ ഇമാമായിരുന്നു. ബെംഗളൂരുവില്‍ എത്തിയ കാലം മുതല്‍ സുന്നി പ്രസ്ഥാനങ്ങളുടെ പ്രചാരകനായി സജീവമായി നിലകൊണ്ടു. കായംകുളം, മലപ്പുറം കൂട്ടായി എന്നിവിടങ്ങളിലായിരുന്നു പ്രധാന പഠനം.

ഹൃദയ സംബന്ധമായ അസുഖത്തിന് പുറമെ കാലിലെ വെരിക്കോസ് പൊട്ടിയുണ്ടായ ബുദ്ധിമുട്ടുകളും അലട്ടിയിരുന്നു. ഇതിന്റെ ചികിത്സക്കാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിയത്. രണ്ടാഴ്ച ചികിത്സക്ക് ശേഷം തിരികെ പോകാനൊരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്ത ജനാസ നിസ്‌കാരം പാനൂര്‍ പാലത്തറ ജുമാ മസ്ജിദില്‍ നടന്നു.

Latest