jamaathe islami- rss discussion
ആര്‍ എസ് എസുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് സമ്മതിച്ച് ജമാഅത്തെ ഇസ്ലാമി; ചർച്ചകൾ തുടരും
ആര്‍ എസ് എസുമായി ചര്‍ച്ച ചെയ്യുന്ന കാര്യം താഴെത്തട്ടിലെ അണികളെ അറിയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന ഒരു സംഘടനയുമായി ചര്‍ച്ച നടത്തരുത് എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ലെന്നും ആരിഫലി പറഞ്ഞു.
കോഴിക്കോട് | ആര്‍ എസ് എസുമായി രഹസ്യ ചര്‍ച്ച നടത്തിയത് സമ്മതിച്ച് ജമാഅത്തെ ഇസ്ലാമി. ജനുവരി 14ന് ന്യൂഡല്‍ഹിയില്‍ വെച്ചായിരുന്നു രഹസ്യ ചര്‍ച്ചയെന്ന് ജമാഅത്തെ ഇസ്ലാമി ജനറല്‍ സെക്രട്ടറിയും കേരള മുന്‍ അമീറുമായ ടി ആരിഫ് അലി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും നിലവില്‍ നടന്നത് പ്രാഥമിക ചര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ നേതൃത്വമാണ് ചര്‍ച്ചയില്‍ പങ്കെടുക്കാമെന്ന തീരുമാനം കൈക്കൊണ്ടത്. മാത്രമല്ല, ആര്‍ എസ് എസുമായി ചര്‍ച്ച ചെയ്യുന്ന കാര്യം താഴെത്തട്ടിലെ അണികളെ അറിയിക്കുകയും ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്ന ഒരു സംഘടനയുമായി ചര്‍ച്ച നടത്തരുത് എന്ന നിലപാട് സ്വീകരിക്കുന്നത് ബുദ്ധിപരമല്ലെന്നും ആരിഫലി പറഞ്ഞു. ഈ ചര്‍ച്ചയിലൂടെ ആര്‍ എസ് എസാണ് കേന്ദ്ര സര്‍ക്കാറിനെ നയിക്കുന്നതെന്ന് തെളിഞ്ഞു. സമൂഹത്തിലെ ഏതെങ്കിലും വിഭാഗവുമായി ഇടപഴകുന്നതില്‍ യാതൊരു പ്രതിബന്ധവും ഉണ്ടാകരുതെന്ന നിലപാടുള്ളവരും ചര്‍ച്ചയില്‍ വിശ്വസിക്കുന്നവരുമാണ് തങ്ങള്‍.
ചര്‍ച്ചയില്‍ ആര്‍ എസ് എസ് പ്രധാനമായും ഉയര്‍ത്തിയത് കാശി, മഥുര മസ്ജിദ് വിഷയങ്ങളാണ്. വിശ്വാസത്തിന്റെ പ്രശ്‌നമാണ് ഇവയെന്നതായിരുന്നു ആര്‍ എസ് എസ് മുന്നോട്ടുവെച്ചത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് അഭിപ്രായം പറയാന്‍ സാധിക്കില്ലെന്ന് മറുപടി പറഞ്ഞു. ആര്‍ എസ് എസുമായി ഏത് തരത്തിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചക്കും ജമാഅത്തെ ഇസ്ലാമി എതിരാണെന്നും ടി ആരിഫ് അലി അഭിമുഖത്തില്‍ പറയുന്നുണ്ട്.
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്താന്‍ സി പി എമ്മും ആര്‍ എസ് എസ്- ബി ജെ പി നേതാക്കളും ചര്‍ച്ച നടത്തിയതിനെ ജമാഅത്തെ ഇസ്ലാമി അതിരൂക്ഷമായി വിമര്‍ശിച്ചത് ചൂണ്ടിക്കാട്ടിയപ്പോള്‍, ഏതെങ്കിലും സംഘടന ആര്‍ എസ് എസുമായി ചര്‍ച്ച നടത്തി മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിലേക്കും ഭൂരിപക്ഷ പ്രീണനത്തിലേക്കും തിരിയരുത് എന്ന നിലപാടാണ് തങ്ങള്‍ക്കെന്നും ആരിഫലി പറഞ്ഞു. കേരളത്തിൽ നിന്ന് മറ്റ് സംഘടനകളൊന്നും ആർ എസ് എസ്സുമായുള്ള ചർച്ചയിൽ പങ്കെടുത്തിട്ടില്ല. മുന്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറേശിയാണ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് ജമാഅത്തെ ഇസ്ലാമിയെ ബന്ധപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ ഫാസിസ്റ്റ് പോരാട്ടത്തിലെ മുന്നണിപ്പോരാളികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ കപട മുഖമാണ് ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടതെന്ന വിമർശം ഇതോടെ ശക്തമാകുകയാണ്. ആർ എസ് എസിനെയും സംഘ്പരിവാരത്തെയും നഖശിഖാന്തം എതിർക്കുന്നുവെന്ന പ്രതീതി പൊതുവിൽ സൃഷ്ടിച്ച് തിരശ്ശീലക്കപ്പുറത്ത് അവരുമായി ഒത്തുതീർപ്പ് ചർച്ചകൾ നടത്തുകയാണ് എന്ന പ്രതിച്ഛായയാരിക്കും ഇനിമുതൽ ജമാഅത്തെ ഇസ്ലാമിക്കുണ്ടാകുക.