From the print
ഊര്‍ജിത സകാത്ത് പിരിവിന് ജമാഅത്തെ ഇസ്‌ലാമി; പ്രചാരകരായി ലീഗ് നേതാക്കള്‍
മുഖ്യധാരാ മുസ്‌ലിംകള്‍ പൂര്‍ണമായും തള്ളിപ്പറയുന്ന സംഘടിത സകാത്തിന്റെ പ്രചാരകരായാണ് മുനവ്വറലി തങ്ങളടക്കമുള്ള ലീഗ് നേതാക്കള്‍ രംഗത്ത് വരുന്നത്.

കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമിയുടെ സംഘടിത സകാത്തിന്റെ പ്രചാരകരായി മുസ്‌ലിം ലീഗ് നേതാക്കള്‍. ബൈത്തുസകാത്ത് എന്ന പേരില്‍ നടക്കുന്ന സകാത്ത് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 31ന് കണ്ണൂരില്‍ നിര്‍വഹിക്കുന്നത് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പിയാണ്. ക്യാമ്പയിനിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ചത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളായിരുന്നു. ബൈത്തുസ്സകാത്ത് എന്ന സംഘടിത സകാത്ത് പദ്ധതിയെ എല്ലാവരും സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് മുനവ്വറലി തങ്ങള്‍ വീഡിയോയും പുറത്തിറക്കിയിരുന്നു. മുഖ്യധാരാ മുസ്‌ലിംകള്‍ പൂര്‍ണമായും തള്ളിപ്പറയുന്ന സംഘടിത സകാത്തിന്റെ പ്രചാരകരായാണ് മുനവ്വറലി തങ്ങളടക്കമുള്ള ലീഗ് നേതാക്കള്‍ രംഗത്ത് വരുന്നത്.
ലീഗ് നേതാക്കളേയും മറ്റും ക്യാമ്പയിനിന്റെ മുന്‍പന്തിയിലേക്ക് കൊണ്ടുവരിക വഴി പൊതുഇടങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിക്കല്‍ എളുപ്പമാക്കുകയാണ് ജമാഅത്തിന്റെ ലക്ഷ്യം. ജമാഅത്തിന് ഫണ്ട് സംഘടിപ്പിക്കാന്‍ ലീഗ് നേതാക്കള്‍ നേതൃത്വം വഹിക്കുന്നുവെന്നതാണ് ക്യാമ്പയിനിന്റെ മറ്റൊരു വൈരുധ്യം. സകാത്ത് വിഹിതം ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന എട്ട് വിഭാഗങ്ങള്‍ക്ക് എത്തിച്ചുനല്‍കല്‍ ഓരോ മുസ്‌ലിമിനും നിര്‍ബന്ധമാണെന്നിരിക്കെ, സംഘടിത സകാത്തിലൂടെ പിരിക്കുന്ന പണം ജമാഅത്ത് ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണ സ്ഥാപനങ്ങള്‍ക്ക് വേണ്ടി വിനിയോഗിക്കുന്നുവെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു.
ജമാഅത്ത് ശൂറാ അംഗമായിരുന്ന ഖാലിദ് മൂസ നദ്വി തന്നെയായിരുന്നു ഈ കാര്യം വെളിപ്പെടുത്തിയത്. പത്രവും ചാനലും ‘മാധ്യമ ജിഹാദ്’ എന്ന രീതിയില്‍ ആവിഷ്‌കരിച്ചതാണെന്നും വഖ്ഫും സകാത്ത് പണവും ഉപയോഗിച്ച് തുടങ്ങിയതാണെന്നുമുള്ള നദ്വിയുടെ ഓഡിയോ സന്ദേശം ഏറെ വിവാദമായതാണ്. സകാത്ത് സ്വദഖകളില്‍ നിന്നുള്ള വിഹിതം നല്‍കി സഹായിക്കണമെന്നഭ്യര്‍ഥിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയായ എസ് ഐ ഒ വീടുകള്‍ തോറും നോട്ടീസ് വിതരണം ചെയ്തത് സകാത്ത് ഫണ്ട് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന കാര്യം തെളിയിക്കുന്നതായിരുന്നു.