From the print
ലീഗിനുവേണ്ടി ജമാഅത്തെ ഇസ്്ലാമി; ജിഫ്്രി തങ്ങൾക്ക് രൂക്ഷ വിമർശം
ഒരു വിഭാഗം ഇടത്തോട്ട് ചായുന്നു • "സമസ്്ത'യിൽ സി പി എം ഫ്രാക്്ഷൻ
കോഴിക്കോട് | ഇ കെ സമസ്തയിൽ ആഭ്യന്തര കലഹങ്ങൾ മൂർച്ഛിക്കുന്നതിനിടെ സംഘടനക്കും പ്രസിഡന്റ് ജിഫ്്രി തങ്ങൾക്കുമെതിരെ ജമാഅത്തെ ഇസ്‌ലാമി രംഗത്ത് വന്നു. ഇ കെ വിഭാഗം – ലീഗ് തർക്കത്തിൽ ഇടപെട്ടുകൊണ്ട് ജമാഅത്തെ ഇസ്‌ലാമി മുഖവാരികയിലെഴുതിയ ലേഖനത്തിലാണ് വിമർശം. മുസ്‌ലിം ലീഗിനെ ശക്തിപ്പെടുത്തേണ്ടതിന് പകരം ഇ കെ സമസ്തയിൽ ഒരു വിഭാഗം ഇടത്തോട്ട് ചായുന്നുവെന്ന് ലേഖനത്തിൽ ആരോപിക്കുന്നു. ജിഫ്്രി തങ്ങൾ പ്രസിഡന്റായിരിക്കുമ്പോഴാണ് ഇ കെ സമസ്തയിൽ സി പി എം ഫ്രാക്്ഷൻ രൂപവത്കരിച്ചതെന്നും സമുദായ ശിഥിലീകരണത്തിന് ഈ വിഭാഗം തലവെച്ച് കൊടുക്കുകയാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം വിമർശം കടുപ്പിച്ച ലീഗിന് പിന്നാലെയാണ് ജമാഅത്തെ ഇസ്‌ലാമിയും ഇ കെ വിഭാഗത്തിന്റെ ആഭ്യന്തര വിഷയത്തിൽ ഇടപെട്ട് രംഗത്തുവരുന്നത്. ഇ കെ സമസ്തയിലെ ഒരു വിഭാഗം സി പി എം പക്ഷത്തേക്ക് ചായുന്നുണ്ട്. അത് ചിലരുടെ വ്യക്തിപരമായ അജൻഡകളെയും താത്പര്യങ്ങളെയും സംരക്ഷിക്കാനാണ്.
സമുദായത്തിന് ഇതുകൊണ്ട് യാതൊരു ഗുണവും ലഭിക്കാൻ പോകുന്നില്ല. സമുദായത്തിലെ ചില രാഷ്ട്രീയ ഭിക്ഷാംദേഹികളുടെ ശിഥിലീകരണ അജൻഡക്ക് സമസ്തയിലെ ഒരു വിഭാഗം ബോധപൂർവം തലവെച്ച് കൊടുക്കുകയാണ്. സമുദായത്തിന്റെ രാഷ്ട്രീയ സംഘടിത ശക്തിയെ അത് തകർക്കുമെന്നും ലേഖനത്തിൽ പറയുന്നു. “ഇ കെ അബൂബക്കർ മുസ്‌ലിയാരുടെ അരുമ ശിഷ്യനെന്ന് സ്വയം അവകാശപ്പെടുന്ന മാന്യദേഹം’ എന്നാണ് ജിഫ്്രി തങ്ങളെ ജമാഅത്തെ ഇസ്‌ലാമി ലേഖനത്തിൽ അപഹസിക്കുന്നത്. ഈ മാന്യദേഹം ഇ കെ സമസ്ത പ്രസിഡന്റിന്റെ കസേരയിൽ ഇരിക്കുമ്പോഴാണ് സംഘടനയിൽ ഒരു ചെറു വിഭാഗം സി പി എം ഫ്രാക്്ഷൻ രൂപവത്കരിക്കാൻ ചുക്കാൻ പിടിക്കുന്നത് എന്നത് വിരോധാഭാസമാണ്. അതിന്റെ അപകടം അദ്ദേഹം തിരിച്ചറിഞ്ഞേ തീരൂ.
മുസ്‌ലിം ലീഗിന് വേണ്ടി സമുദായത്തിലെ ചില സംഘടനകളെ തീവ്രവാദ ചാപ്പ കുത്തി ഭ്രഷ്ട് കൽപ്പിക്കാൻ മുന്നിൽ നിന്ന അനുഭവവും സമസ്ത (ഇ കെ) യിൽ നിന്നുണ്ടായിട്ടുണ്ട്. കോട്ടക്കൽ കഷായമൊന്നും ആരും മറന്നിട്ടുണ്ടാകില്ല.
പക്ഷേ, ഇപ്പോൾ മുസ്‌ലിം ലീഗ് അധികാരത്തിൽ നിന്ന് പുറത്തായ സന്ദർഭത്തിൽ ലീഗിനെ തകർക്കാൻ സി പി എമ്മിന് വേണ്ടി ചിലർ നടത്തുന്ന ശിഥിലീകരണ അജൻഡക്ക് സമസ്ത (ഇ കെ)യിലെ ചിലർ ചൂട്ട് പിടിക്കുന്നത് ഒരു നിലക്കും ന്യായീകരിക്കാനാകില്ലെന്നാണ് ലേഖനത്തിലെ കണ്ടെത്തൽ.