Connect with us

Jamaat-e-Islami

ജമാഅത്തെ ഇസ്ലാമി മുസ്ലിം ആർ എസ് എസ്; ഭ്രഷ്ട് കല്പിക്കണമെന്നും കെ ടി ജലീൽ

വാക്കിലും നോക്കിലും മാന്യന്മാരെന്ന് തോന്നിക്കുന്ന മൗദൂദിസ്റ്റുകളെ ജനം തിരിച്ചറിയണം

Published

|

Last Updated

സ്വന്തം സംഘടനാ താൽപര്യങ്ങൾ സംരക്ഷിക്കാൻ പെരും നുണകൾ എഴുന്നള്ളിക്കാൻ യാതൊരു മടിയുമില്ലാത്ത ഏറ്റവും അപകടകാരികളായ മതരാഷ്ട്രവാദികളാണ് ജമാഅത്തെ ഇസ്ലാമിയെന്നും ഈ മുസ്ലിം ആർ എസ് എസ്സിന് സാമൂഹ്യ ഭ്രഷ്ട് കൽപ്പിക്കാൻ ഒരു നിമിഷം പോലും സമൂഹം അമാന്തിച്ച് നിൽക്കരുതെന്നും മുൻ മന്ത്രി ഡോ.കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. തേനിൽ പുരട്ടി അവരുടെ പത്രവും ചാനലും ചീറ്റുന്ന മാരക വിഷം ഉള്ളിലേക്ക് കടക്കാതെ നോക്കാൻ കേരളം ജാഗ്രത പുലർത്തണം. വാക്കിലും നോക്കിലും മാന്യന്മാരെന്ന് തോന്നിക്കുന്ന മൗദൂദിസ്റ്റുകളെ ജനം തിരിച്ചറിയണം. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു വരി പോലും ഉരുവിടാത്ത, ഒരു തുള്ളി രക്തം ചിന്താത്ത, ഒരു നിമിഷമെങ്കിലും ബ്രിട്ടീഷ് സർക്കാറിനാൽ അറസ്റ്റ് ചെയ്യപ്പെടാത്ത മൗലാനാ മൗദൂദിയുടെയും അനുയായികളുടെയും പിൻമുറക്കാർ നടത്തുന്ന വികസന വിരുദ്ധ ഇടതുപക്ഷ വിരുദ്ധ നീക്കങ്ങൾ എന്ത് വില കൊടുത്തും തടയപ്പെടണം. കേരളത്തെ മറ്റൊരു കാശ്മീരാക്കാനാണ് ഹിന്ദു ആർ എസ് എസ്സും മുസ്ലിം ആർ എസ് എസ്സും ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് കക്ഷിരാഷ്ട്രീയം മറന്ന് പ്രതികരിക്കാൻ എല്ലാ മതേതര വിശ്വാസികളും രംഗത്തു വരേണ്ട സമയമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. യു ഡി എഫ് കാലത്തെ എക്സ്പ്രസ് വേക്കെതിരെയുള്ള തന്റെ പ്രസംഗം, കെ റെയിൽ പദ്ധതി പശ്ചാത്തലത്തിൽ പ്രചരിപ്പിക്കുന്നതാണ് ജലീലിനെ പ്രകോപിപ്പിച്ചത്. താനടക്കമുള്ള ഇടതും വലതും പക്ഷത്ത് നിലകൊള്ളുന്നവരുടെ മുൻകാലത്തെ പ്രസംഗങ്ങളിലും എഴുത്തുകളിലും മുന്നോട്ടുവെച്ച ആശങ്കകൾക്കെല്ലാം പരിഹാരം കണ്ടാണ് പിണറായി സർക്കാർ സംസ്ഥാനത്തിൻ്റെ സമഗ്ര വികസനം ഉറപ്പു വരുത്തിയ ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിച്ചതും ദേശീയ പാത വീതികൂട്ടുന്ന പ്രവൃത്തി ആരംഭിച്ചതുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമൂഹത്തിലെ വരേണ്യർക്കും മധ്യവർഗത്തിനും സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമെല്ലാം അനുഭവേദ്യമാകുന്ന പശ്ചാതല സൗകര്യ വികസനമാണ് പിണറായിക്കാലത്ത് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് പൂർണരൂപത്തിൽ:

UDF സർക്കാർ, നൂറു മീറ്റർ വീതിയിൽ പാടങ്ങളും തണ്ണീർ തടങ്ങളും മണ്ണിട്ട് നികത്തി, നിലവിലെ ദേശീയ പാത പൂർണ്ണമായും ഒഴിവാക്കി, കുടിയിറക്കപ്പെടുന്നവർക്കും കഷ്ടനഷ്ടങ്ങൾ സംഭവിക്കുന്നവർക്കുമുള്ള നഷ്ടപരിഹാരത്തെ കുറിച്ച് ഒരക്ഷരം ഉരിയാടാതെ വിഭാവനം ചെയ്ത അവ്യക്തവും തീർത്തും ദുരൂഹത നിറഞ്ഞതുമായ എക്സ്പ്രസ്സ് ഹൈവേക്കെതിരെ ജനങ്ങളുടെ ആശങ്കകളുടെ കൂടെനിന്ന് അന്ന് ഞാൻ നടത്തിയ പ്രസംഗം പിണറായി സർക്കാരിൻ്റെ ദേശീയപാതാ വികസനവുമായും കെ റെയിൽ പദ്ധതിയുമായും ബന്ധപ്പെടുത്തി അവതരിപ്പിച്ച് ജമാഅത്തെ ഇസ്ലാമിയും അവരുടെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും നടത്തുന്ന പൊറാട്ടു നാടകം കുത്തിത്തിരുപ്പിൽ പതിനെട്ടടവും പയറ്റിയിട്ടും ഊതിവീർപ്പിക്കപ്പെട്ട സമരങ്ങളിൽ പരാജിതരായവരുടെ പരിദേവനം മാത്രമാണെന്ന് ആർക്കാണറിയാത്തത്?

ഒരാളുടെയും ഒരിറ്റു കണ്ണീരുവീഴാതെ, ഒരു കുടുംബവും തെരുവിലേക്ക് വലിച്ചെറിയപ്പെടാതെ, ഒരു കുട്ടിയും അനാഥമാക്കപ്പെടാതെ, ദേശിയപാതാ വികസനം സാദ്ധ്യമാക്കി ഇടതുപക്ഷ സർക്കാർ ജനങ്ങൾക്ക് കാണിച്ച് കൊടുത്ത മാതൃക ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ പുതിയ അനുഭവമാണ്. സ്ഥലം നഷ്ടപ്പെട്ടവർക്കും കെട്ടിടങ്ങൾ പൊളിക്കേണ്ടി വന്നവർക്കും വിളകളും ഫല വൃക്ഷങ്ങളും പടുമരങ്ങളും ഉപേക്ഷിക്കേണ്ടി വന്നവർക്കും ജീവനോപാധികൾക്ക് ഭംഗം സംഭവിച്ചവർക്കും വികസന വഴിയിലെ ഇടതു ബദൽ ഉയർത്തിപ്പിടിച്ച് പിണറായി സർക്കാർ കൈ നിറയെ പണം നൽകി ഏറ്റെടുത്ത സ്ഥലത്താണ് കേരളത്തിൻ്റെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ ആറുവരിപ്പാത പാരിസ്ഥിതികാഘാതം ഏറ്റവും കുറച്ച് യാഥാർത്ഥ്യമാക്കുന്നത്.
ഞാനടക്കമുള്ള ഇടതും വലതും പക്ഷത്ത് നിലകൊള്ളുന്നവരുടെ മുൻകാലത്തെ പ്രസംഗങ്ങളിലും എഴുത്തുകളിലും മുന്നോട്ടുവെച്ച ആശങ്കകൾക്കെല്ലാം പരിഹാരം കണ്ടാണ് പിണറായി ഗവ: സംസ്ഥാനത്തിൻ്റെ സമഗ്ര വികസനം ഉറപ്പു വരുത്തിയ ഗെയിൽ വാതക പൈപ്പ് ലൈൻ സ്ഥാപിച്ചതും ദേശീയ പാത വീതികൂട്ടുന്ന പ്രവൃത്തി ആരംഭിച്ചതും. സമൂഹത്തിലെ വരേണ്യർക്കും മധ്യവർഗ്ഗത്തിനും സാധാരണക്കാർക്കും പാവപ്പെട്ടവർക്കുമെല്ലാം അനുഭവേദ്യമാകുന്ന പശ്ചാതല സൗകര്യ വികസനമാണ് പിണറായിക്കാലത്ത് കേരളത്തിൽ നടക്കുന്നത്.
സമ്പന്നരുടെ താൽപര്യങ്ങൾക്കായി ഒരു കോഴിക്കുഞ്ഞിനെപ്പോലും കുരുതി കൊടുക്കാതെയാണ് ദേശീയ പാത വികസനത്തിന് ഭൂമി LDF സർക്കാർ ഏറ്റെടുത്തത്. ഓരോ സ്ഥലമുടമയുടെയും പോക്കറ്റിൽ പണമെണ്ണി വെച്ചുകൊടുത്തതിന് ശേഷമാണ് അവരോട് സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറാൻ സർക്കർ അഭ്യർത്ഥിച്ചത്. പുതിയ വീടു വെക്കുന്നതു വരെ താൽക്കാലികമായി താമസിക്കാനുള്ള വീട്ടു വാടകയടക്കം ബന്ധപ്പെട്ടവർക്ക് ഇടതുപക്ഷം ഉറപ്പ് വരുത്തി. ഒരാളെങ്കിലും അതിനോട് പുറം തിരിഞ്ഞ് നിന്ന് പ്രതിഷേധിച്ചതായി ജമാഅത്തെ ഇസ്ലാമിക്കോ അവരുടെ മാധ്യമം പത്രത്തിനോ മീഡിയാ വൺ ചാനലിനോ ചൂണ്ടിക്കാണിക്കാൻ കഴിയാതെ പോയത് ഇടതുപക്ഷ സർക്കാറിൻ്റെ കുറ്റമറ്റ ജനകീയതയുടെ ഏറ്റവും വലിയ തെളിവാണ്. എക്സ്പ്രസ് ഹൈവേക്കെതിരെ സമരമുഖത്തുണ്ടായിരുന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ അടക്കമുള്ള ആരും ഇപ്പോൾ നടക്കുന്ന നേഷണൽ ഹൈവേ വികസനത്തിനെതിരെ രംഗത്ത് വരാത്തതും ജനങ്ങളുടെ ആകുലതകൾക്കെല്ലാം പിണറായി ഗവൺമെൻ്റ് പരിഹാരമുണ്ടാക്കിയതിൻ്റെ കൂടി വെളിച്ചത്തിലാണ്.
സ്വന്തം സംഘടനാ താൽപര്യങ്ങൾ സംരക്ഷിക്കാൻ പെരും നുണകൾ എഴുന്നള്ളിക്കാൻ യാതൊരു മടിയുമില്ലാത്ത ഏറ്റവും അപകടകാരികളായ മതരാഷ്ട്രവാദികളാണ് ജമാഅത്തെ ഇസ്ലാമി. ഈ മുസ്ലിം ആർ.എസ്.എസ്സിന് സാമൂഹ്യ ഭ്രഷ്ട് കൽപ്പിക്കാൻ ഒരു നിമിഷം പോലും സമൂഹം അമാന്തിച്ച് നിൽക്കരുത്. തേനിൽ പുരട്ടി അവരുടെ പത്രവും ചാനലും ചീറ്റുന്ന മാരക വിഷം ഉള്ളിലേക്ക് കടക്കാതെ നോക്കാൻ കേരളം ജാഗ്രത പുലർത്തണം. വാക്കിലും നോക്കിലും മാന്യന്മാരെന്ന് തോന്നിക്കുന്ന മൗദൂദിസ്റ്റുകളെ ജനം തിരിച്ചറിയണം.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒരു വരി പോലും ഉരുവിടാത്ത, ഒരു തുള്ളി രക്തം ചിന്താത്ത, ഒരു നിമിഷമെങ്കിലും ബ്രിട്ടീഷ് സർക്കാറിനാൽ അറസ്റ്റ് ചെയ്യപ്പെടാത്ത മൗലാനാ മൗദൂദിയുടെയും അനുയായികളുടെയും പിൻമുറക്കാർ നടത്തുന്ന വികസന വിരുദ്ധ ഇടതുപക്ഷ വിരുദ്ധ നീക്കങ്ങൾ എന്ത് വില കൊടുത്തും തടയപ്പെടണം. കേരളത്തെ മറ്റൊരു കാശ്മീരാക്കാനാണ് ഹിന്ദു ആർ.എസ്.എസ്സും മുസ്ലിം ആർ.എസ്.എസ്സും ശ്രമിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് കക്ഷിരാഷ്ട്രീയം മറന്ന് പ്രതികരിക്കാൻ എല്ലാ മതേതര വിശ്വാസികളും രംഗത്തു വരേണ്ട സമയമാണിത്.

Latest