Kerala
ജമാഅത്തെ ഇസ്‍ലാമി വർഗീയ സംഘടന; രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
മലപ്പുറം ജില്ലാ താരതമ്യേനെ കുറ്റകൃതൃങ്ങള്‍ കുറവുള്ള ജില്ലയാണെന്നും മറിച്ചുള്ളൊരു അഭിപ്രായം എല്‍.ഡി.എഫിനില്ലെന്നും മുഖ്യമന്ത്രി
കോഴിക്കോട് | ജമാഅത്തെ ഇസ്‍ലാമിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജമാഅത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയാണെന്നും ഇസ്‍ലാമിക രാജ്യം സൃഷ്ടിക്കലാണ് ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി. ജയരാജന്‍ രചിച്ച “കേരളം മുസ്ലീം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം” എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ലാ താരതമ്യേനെ കുറ്റകൃതൃങ്ങള്‍ കുറവുള്ള ജില്ലയാണെന്നും മറിച്ചുള്ളൊരു അഭിപ്രായം എല്‍.ഡി.എഫിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണോടെ കാണാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലീഗ് ഒരു പരിഷ്‌കണ സംഘടനയും ജമാഅത്തെ ഇസ്‍ലാമി വർഗീയ സംഘടനയുമാണ്. ലീഗിന് സാര്‍വദേശീയ ഭീകര ബന്ധമില്ല. എന്നാല്‍ വര്‍ഗീയ പ്രസ്താനങ്ങളുമായി ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ എതിര്‍ക്കാന്‍ ശ്രമിക്കുന്നുണ്ട്. ആര്‍.എസ്.എസിന്റെ ഇസ്ലാം പതിപ്പാണ് ജമാഅത്തെ ഇസ്ലാമി. രണ്ട് കൂട്ടരുടെയും അജണ്ട പൊളിച്ചാണ് ഇന്ത്യ മതനിരപേക്ഷ റിപ്പബ്ലിക്കായത്. ദേശീയതയെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. എന്നാൽ ലീഗിന് ഈ നിലപാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മലപ്പുറം എന്ന് കേട്ടാല്‍ മുസ്ലീം സമുദായത്തിനെതിരേ പറഞ്ഞു എന്നാണ് ചിലർ പ്രചരിപ്പിക്കുന്നത്. എല്‍ ഡി എഫിന്റെ ഭരണകാലത്ത് കൂടുതൽ കേസെടുത്തത് മലപ്പുറത്താണെന്നാണ് മുസ്‍ലിം ലീഗ് പ്രചരിപ്പിക്കുന്നത്. താരതമ്യേനെ ഏറ്റവും കുറവ് കുറ്റകൃകത്യങ്ങളുള്ള ജില്ലകളില്‍ ഒന്നാണ് മലപ്പുറമെന്നും ലീഗാണ് ജില്ലയെ അപമാനിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ജയരാജന്റെ പുസ്തകത്തിലെ എല്ലാ നിലപാടുകളും പാര്‍ട്ടി നിലപാടുകളല്ലെന്നും പിണറായി പ്രസംഗത്തില്‍ വ്യക്തമാക്കി. ഇടതുപക്ഷം ശക്തിപ്പെട്ടാലെ മതന്യൂനപക്ഷളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയുള്ളുവെന്നും രാഷ്ട്രീയം മതനിരപേക്ഷമാവുകയുള്ളു എന്നുമാണ് പുസ്തകത്തിന്റെ പൊതുവായ വിലയിരുത്തല്‍. ഇത് ഏറെ പ്രസക്തമായ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.